സിനിമാ ആവേശത്തിനൊപ്പം ജീവരക്ഷാ സന്ദേശവും; ശ്രദ്ധേയമായി 'സിനി ബ്ലഡ്'
സിനിമ സിരകളിലൊഴുകുന്ന ആവേശത്തിനൊപ്പം, സഹജീവികള്‍ക്കായി ജീവന്റെ തുള്ളികള്‍ പകര്‍ന്നുനല്‍കാന്‍ ആഹ്വാനം ചെയ്യുന്ന 'സിനി ബ്ലഡ്' രക്തദാന അവബോധ പരിപാടിയാണ് ടാഗോറില്‍ ഒരുക്കിയിട്ടുള്ളത്.

തിരുവനന്തപുരം: മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേള ലോകോത്തര സിനിമകള്‍ക്ക് വേദിയാകുമ്പോള്‍, മനുഷ്യത്വത്തിന്റെ മഹത്തായ സന്ദേശവുമായി മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയറ്റര്‍ പരിസരം ശ്രദ്ധാകേന്ദ്രമാകുന്നു. സിനിമ സിരകളിലൊഴുകുന്ന ആവേശത്തിനൊപ്പം, സഹജീവികള്‍ക്കായി ജീവന്റെ തുള്ളികള്‍ പകര്‍ന്നുനല്‍കാന്‍ ആഹ്വാനം ചെയ്യുന്ന 'സിനി ബ്ലഡ്' രക്തദാന അവബോധ പരിപാടിയാണ് ടാഗോറില്‍ ഒരുക്കിയിട്ടുള്ളത്.
കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍, കേരള പൊലീസിന്റെ 'പോള്‍ ബ്ലഡ്' വിഭാഗം, കേരള ചലച്ചിത്ര അക്കാദമി എന്നിവ സംയുക്തമായി ഒരുക്കുന്ന ഈ ജീവന്‍രക്ഷാ ദൗത്യം, ചലച്ചിത്ര ആസ്വാദനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി ഓര്‍മ്മിപ്പിക്കുന്ന വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ടാഗോര്‍ തിയറ്റര്‍ കോമ്പൗണ്ടില്‍ തുടക്കം കുറിച്ച ഈ സംരംഭം, ഇത്തവണ കൂടുതല്‍ വിപുലമായ സൗകര്യങ്ങളോടെയും ജനപങ്കാളിത്തത്തോടെയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി സന്നദ്ധ രക്തദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, രക്തദാനത്തെക്കുറിച്ചുള്ള സംശയങ്ങളും ഭയങ്ങളും മാറ്റിയെടുക്കുക, ഒരു ബ്ലഡ് ബാങ്കില്‍ നടക്കുന്ന പ്രക്രിയയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ അവസരം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സിനി ബ്ലഡ് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ടാഗോര്‍ തിയറ്റര്‍ കോമ്പൗണ്ടില്‍ തുടക്കം കുറിച്ച ഈ സംരംഭം, ദേശീയതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. കൂടാതെ, കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികള്‍ മേളയുടെ സമാപനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നു എന്നുള്ളതും സിനി ബ്ലഡിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
ഡിസംബര്‍ 12 മുതല്‍ 19 വരെ രാവിലെ 9 മുതല്‍ ഉച്ച 1 വരെ കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളേജ് ടീമിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പും നടത്തുന്നുണ്ട്.
കേരളത്തില്‍ പ്രതിവര്‍ഷം ഏകദേശം 6 ലക്ഷം യൂണിറ്റ് രക്തമാണ് ആവശ്യമായി വരുന്നത്. പഠനങ്ങള്‍ അനുസരിച്ച്, കേരളത്തില്‍ ശേഖരിക്കുന്ന രക്തത്തിന്റെ 60 മുതല്‍ 70 ശതമാനം വരെയും യുവജനങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. 40 വയസ്സിന് ശേഷം ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം രക്തം നല്‍കാന്‍ സാധിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കാന്‍, യുവതലമുറ സജീവമായി മുന്നോട്ട് വരണം എന്ന സന്ദേശമാണ് സിനി ബ്ലഡ് നല്‍കുന്നത്.
രക്തദാനത്തെ സംബന്ധിച്ച് അവബോധം സ്യഷ്ടിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള ഗെയിമിംഗ് സോണാണ് സ്റ്റാളിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞ് ഡാര്‍ട്ട് എയ്മ് ചെയ്യുന്ന ഗെയിമും, ഒരു രോഗിക്ക് രക്തം നല്‍കുന്ന പ്രക്രിയയുടെ പ്രാധാന്യം ലഘൂകരിച്ച് അവതരിപ്പിക്കുന്ന വെര്‍ച്വല്‍ ഗെയിമും ഇവിടെ ഒരുക്കിയിട്ടുണ്ട്. സങ്കീര്‍ണ്ണമെന്ന് കരുതുന്ന രക്തദാനം എത്രത്തോളം ലളിതമായ പ്രക്രിയയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
2020 മുതല്‍ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതില്‍ കെഎസ്ബിടിസിയുടെ പ്രധാന പങ്കാളിയായ കേരള പൊലീസിന്റെ പോള്‍ ബ്ലഡ് വിംഗ്, സംസ്ഥാനത്തൊട്ടാകെയുള്ള 11 കണ്‍ട്രോള്‍ റൂമുകള്‍ വഴി ഈ ദൗത്യത്തിന് പിന്തുണ നല്‍കുന്നു. മേളയില്‍ എത്തുന്ന എല്ലാവരും ഈ ജീവന്‍ രക്ഷാ ദൗത്യത്തില്‍ ഭാഗമാവണം എന്ന ആഹ്വാനത്തോടെയാണ് സിനി ബ്ലഡ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
