'ജെമിനി' റഫറന്‍സുമായി അര്‍ജ്ജുന്‍ അശോകന്‍ ചിത്രം 'തലവര' സെപ്റ്റംബര്‍ 5 മുതല്‍ തമിഴ്‌നാട്ടിലും

തമിഴ്‌നാടിന് കേരളത്തിന്റെ ഓണസമ്മാനമായാണ് ചിത്രം റിലീസിനെത്തുന്നത്.

Starcast : Arjun Asokan, Revathi Sharma

Director: Akhil Anilkumar

( 0 / 5 )

ചിയാന്‍ വിക്രം ആരാധകര്‍ ഇരുകൈയ്യും നീട്ടി ഏറ്റെടുത്ത ചിത്രമായിരുന്നു 2002-ല്‍ റിലീസായ 'ജെമിനി' എന്ന ചിത്രം. വിക്രമും കലാഭവന്‍ മണിയും മത്സരിച്ചഭിനയിച്ച ചിത്രത്തിന്റെ റഫറന്‍സുമായി അര്‍ജ്ജുന്‍ അശോകന്‍ നായകനായ 'തലവര' എന്ന ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തമിഴ്‌നാട്ടില്‍ റിലീസിനെത്തും. ആഗസ്റ്റ് 22ന് കേരളത്തിലെ തിയേറ്ററുകളിലെത്തിയിരുന്ന ചിത്രം മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ശേഷമാണ് തമിഴ്‌നാട് റിലീസിനൊരുങ്ങുന്നത്.

'ജെമിനി' ചിത്രത്തിലെ ഹിറ്റ് ഗാനമായ 'ഓ പോട്' പാട്ടിനൊപ്പം ചിത്രത്തിലെ താരങ്ങള്‍ ചുവടുവയ്ക്കുന്ന ചിത്രവുമായാണ് 'തലവര'യുടെ തമിഴ് റിലീസ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. തമിഴ്‌നാടിന് കേരളത്തിന്റെ ഓണസമ്മാനമായാണ് ചിത്രം റിലീസിനെത്തുന്നത്.

ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'തലവര' തിയേറ്ററുകള്‍തോറും മികച്ച അഭിപ്രായം നേടിക്കൊണ്ട് കേരളത്തില്‍ രണ്ടാം വാരം മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രായഭേദമന്യേ പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് റിലീസ് ദിനം മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. അര്‍ജുന്‍ അശോകന്റെ കരിയറില്‍ തന്നെ ഏറെ ചര്‍ച്ചയായിരിക്കുന്ന വേഷമായിരിക്കുകയാണ് 'തലവര'യിലെ ജ്യോതിഷ് എന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രത്തിലെ നായകനും നായികയുമായുള്ള രസകരമായ സംഭാഷണങ്ങളാണ് ടീസറിലുള്ളത്.

പാലക്കാടിന്റെ പശ്ചാത്തലത്തില്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രത്തില്‍ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്റെ ജീവിതവും പ്രണയവും സംഘര്‍ഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാര്‍ മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന 'തലവര' അഖില്‍ അനില്‍കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളില്‍ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്ററില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ 'പാണ്ട' എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകനെത്തിയപ്പോള്‍ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശര്‍മ്മ എത്തിയിരിക്കുന്നത്.

അശോകന്‍, ഷൈജു ശ്രീധര്‍, അശ്വത് ലാല്‍, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണന്‍, ദേവദര്‍ശിനി, അമിത് മോഹന്‍ രാജേശ്വരി, സാം മോഹന്‍, മനോജ് മോസസ്, സോഹന്‍ സീനുലാല്‍, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിന്‍ ബെന്‍സണ്‍, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാര്‍, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിച്ചിരിക്കുന്നത്. അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുല്‍ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്. പി ആര്‍ ഒ ആതിര ദില്‍ജിത്ത്.

Bivin
Bivin  
Related Articles
Next Story