സങ്കീര്‍ണ്ണമായ മനുഷ്യബന്ധങ്ങളുടെ ആഖ്യാനവുമായി ഫാസില്‍ റസാഖിന്റെ 'മോഹം'

ലളിതമെന്ന് തോന്നിക്കുന്ന കഥയില്‍ നിന്ന് രണ്ടാം പകുതിയില്‍ എത്തുമ്പോള്‍ ചിത്രം ഗൗരവകരമായ മാറ്റത്തിന് വിധേയമാകുന്നു. സ്‌നേഹബന്ധങ്ങളിലെ അടിച്ചമര്‍ത്തലുകളും അതിക്രമങ്ങളും സ്ത്രീകളെ എപ്രകാരം ബാധിക്കുന്നു എന്നാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

Starcast : Moham Movie

Director: Fazil Razak

( 0 / 5 )

ടോക്‌സിക് ബന്ധങ്ങളെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ഫാസില്‍ റസാഖിന്റെ 'മോഹ'ത്തിന്റെ അവസാന പ്രദര്‍ശനം നാളെ അജന്ത തിയറ്ററില്‍ നടക്കും. 'തടവ്' എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഫാസിലിന്റെ രണ്ടാമത്തെ ചിത്രമായ 'മോഹം', മലയാള സിനിമ നൗ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കഥാപരിസരത്തെയും കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെയും പതിഞ്ഞ താളത്തില്‍ അവതരിപ്പിക്കുന്ന 'മോഹ'ത്തിന്റെ ഒന്നാം പകുതിയില്‍ നര്‍മ്മവും പിരിമുറുക്കവും മനോഹരമായി ഇഴചേര്‍ത്തിരിക്കുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന അമല എന്ന കഥാപാത്രത്തിലൂടെയും അവളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന ഷാനുവിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ലളിതമെന്ന് തോന്നിക്കുന്ന കഥയില്‍ നിന്ന് രണ്ടാം പകുതിയില്‍ എത്തുമ്പോള്‍ ചിത്രം ഗൗരവകരമായ മാറ്റത്തിന് വിധേയമാകുന്നു. സ്‌നേഹബന്ധങ്ങളിലെ അടിച്ചമര്‍ത്തലുകളും അതിക്രമങ്ങളും സ്ത്രീകളെ എപ്രകാരം ബാധിക്കുന്നു എന്നാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. കഥാപാത്രങ്ങളുടെ പരിമിതികളെ അത്രമേല്‍ തീവ്രമായും യാഥാര്‍ത്ഥ്യബോധത്തോടെയുമാണ് സിനിമ ആവിഷ്‌കരിക്കുന്നത്. ചിത്രത്തിലെ ഘടനാപരമായ മാറ്റം കഥാപാത്രങ്ങളെ കൂടുതല്‍ സഹാനുഭൂതിയോടെ നോക്കിക്കാണാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നു.

പ്രധാന കഥാപാത്രമായ അമലയെ അവതരിപ്പിച്ച അമൃത കൃഷ്ണകുമാര്‍ ചിത്രത്തിന്റെ സഹരചയിതാവ് കൂടിയാണ്. അമൃതയുടെയും സംസ്ഥാന പുരസ്‌കാര ജേതാവ് ബീന ചന്ദ്രന്റെയും മികച്ച പ്രകടനങ്ങള്‍ ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നു. ഫാസില്‍ റസാഖിന്റെ വേറിട്ട ആഖ്യാനശൈലി 'മോഹ'ത്തെ മേളയിലെ ശ്രദ്ധേയമായ സിനിമകളില്‍ ഒന്നാക്കി മാറ്റുന്നു.

Bivin
Bivin  
Related Articles
Next Story