കാല്‍നൂറ്റാണ്ടിന്റെ സിനിമാ ആസ്വാദനവുമായി 'ഫില്‍മി കപ്പിള്‍'

സാഹിത്യകാരനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ മോഹന്‍കുമാറും ഭാര്യ രാജലക്ഷ്മിയും ചലച്ചിത്ര മേളകളിലെ നിത്യസാന്നിധ്യം

Starcast : Kerala Chalachithra Academy

Director: IFFK 2025

( 0 / 5 )

തിരുവനന്തപുരം: ചലച്ചിത്രമേളയിലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയ്യറ്ററുകളിലെ തിരക്കുകള്‍ക്കിടയില്‍, ലോകസിനിമയുടെ വസന്തം തേടിയെത്തുന്ന ആയിരക്കണക്കിന് ആളുകള്‍ക്കിടയില്‍ ഒരു 'ഫില്‍മി കപ്പിള്‍' ഉണ്ട്. കാല്‍ നൂറ്റാണ്ടായി കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നിത്യസാന്നിധ്യമായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ കെ വി മോഹന്‍കുമാറും ഭാര്യ രാജലക്ഷ്മിയും.

ഐഎഫ്എഫ്‌കെയുടെ 30 വര്‍ഷത്തെ ചരിത്രത്തില്‍ 25 വര്‍ഷവും മേളയില്‍ എത്തി, സിനിമയുടെ ഓരോ ചലനങ്ങളും അടുത്തറിഞ്ഞ ഈ ദമ്പതികള്‍ക്ക്, കേരള ചലച്ചിത്ര മേള കേവലം സിനിമകളുടെ പ്രദര്‍ശനമല്ല, ദശകങ്ങള്‍ നീണ്ട സാംസ്‌കാരിക യാത്രയാണ്.

1998ല്‍ കോഴിക്കോട്ടെ ആദ്യ മേളയില്‍ ആരംഭിച്ച ഇവരുടെ സിനിമാ യാത്ര, തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയതോടെ ഹൃദയമിടിപ്പായി മാറി.

സിനിമാപ്രേമി എന്നതിലുപരി, ഐഎഫ്എഫ്‌കെയുടെ പരിണാമഘട്ടങ്ങളില്‍ വിപ്ലവകരമായ തീരുമാനങ്ങള്‍ കൈക്കൊണ്ട സംഘാടകന്‍ കൂടിയാണ് മോഹന്‍കുമാര്‍. ഏഴാമത് ചലച്ചിത്ര മേളയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും ചലച്ചിത്ര അക്കാദമി സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിനിമയെ ഗൗരവമായി സമീപിക്കുന്നവര്‍ക്ക് 100 രൂപ ഡെലിഗേറ്റ് ഫീ ഏര്‍പ്പെടുത്തിയതും ഫിലിം സൊസൈറ്റികള്‍ക്ക് മേളയില്‍ പ്രത്യേക ഇടം നല്‍കിയതും പുരസ്‌കാര തുക വര്‍ദ്ധിപ്പിച്ചതും ഇക്കാലയളവിലായിരുന്നു.

'ഐഎഫ്എഫ്‌കെ കേവലം സിനിമ പ്രദര്‍ശനമല്ല. യുവതലമുറ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്ന മഹത്തായ സാംസ്‌കാരിക പൈതൃകമാണ്,' മോഹന്‍കുമാര്‍ പറഞ്ഞു.

മുപ്പതാം മേളയില്‍ ദമ്പതികള്‍ ഇതിനോടകം 16 ചിത്രങ്ങള്‍ കണ്ടുകഴിഞ്ഞു. ഇത്തവണ ഏറെ സ്വാധീനിച്ചത് ഇറാഖ് പശ്ചാത്തലമാക്കി സദ്ദാം ഹുസൈന്റെ കാലത്തെ ദുസ്സഹമായ ജീവിതം രണ്ട് കുട്ടികളിലൂടെ പറയുന്ന 'ദ പ്രസിഡന്റ്സ് കേക്ക്' എന്ന സിനിമയാണ്. 'രാഷ്ട്രീയവും മാനുഷികവുമായ തലങ്ങള്‍ ഇത്രത്തോളം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച മറ്റൊരു ചിത്രം ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല,' രാജലക്ഷ്മി പറഞ്ഞു.

വയലാര്‍ അവാര്‍ഡ് ജേതാവ് കൂടിയായ മോഹന്‍കുമാറിന് ഐഎഫ്എഫ്‌കെ വെറുമൊരു ആഘോഷമല്ല, തന്റെ സാഹിത്യജീവിതത്തിന് ഊര്‍ജ്ജം പകരുന്ന സാംസ്‌കാരിക വിരുന്ന് കൂടിയാണ്. പുതിയ തലമുറ സിനിമയെ നെഞ്ചിലേറ്റുന്നതും ഓപ്പണ്‍ ഫോറങ്ങളില്‍ സജീവമാകുന്നതും മാറുന്ന മലയാളസിനിമയുടെ പ്രതീകമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

2002-ല്‍ സീറ്റില്ലാത്തതിനാല്‍ അന്നത്തെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന അടൂര്‍ ഗോപാലകൃഷ്ണനൊപ്പം കൈരളി തിയേറ്ററിലെ തറയിലിരുന്ന് ഇറാനിയന്‍ സിനിമ കണ്ട അനുഭവവും അദ്ദേഹം പങ്കുവച്ചു.

Bivin
Bivin  
Related Articles
Next Story