ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍
ജീത്തു ജോസഫ്-മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ ദൃശ്യം - 3 ആരംഭിച്ചു

പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തുവച്ച ജോര്‍ജുകുട്ടിയും, കുടുംബവും വീണ്ടും എത്തുന്നു. ആശിര്‍ വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ വലിയ വിജയം സമ്മാനിക്കുകയും ചെയ്ത ദൃശ്യം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ് ജോര്‍ജ് കുട്ടിയും കുടുംബവും. ചിത്രംആഗോള തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. , മലയാള സിനിമ കടന്നു ചെന്നിട്ടില്ലാത്ത മാര്‍ക്കറ്റുകളില്‍പ്പോലും കടന്നുകയറ്റം നടത്തി വിസ്മയിച്ച ദൃശ്യത്തിന് പിന്നീട് രണ്ടാം ഭാഗവും ജീത്തു ജോസഫ് ഒരുക്കി. പ്രേക്ഷകര്‍ അതും ഇരു കൈയ്യോടെ സ്വീകരിക്കുകയും ചെയ്തു. ജോര്‍ജ് കുട്ടിയേയും കുടുംബത്തേയും വീണ്ടും സമ്മാനിക്കുന്ന ദൃശ്യം - 3 എന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച കൊച്ചി പൂത്തോട്ട ശ്രീ നാരായണ കോളജില്‍ നടന്ന ലളിതമായ ചടങ്ങില്‍ തുടക്കമിട്ടു.
രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം മോഹന്‍ലാലിനു ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ദൃശ്യം - 3 ആരംഭിക്കുവാന്‍ കഴിഞ്ഞതിന്റെ ഇരട്ടിമധുരമാണ് ഇന്നത്തെ ദിനമെന്ന് മോഹന്‍ലാലും സംവിധായകന്‍ ജീത്തു ജോസഫും, തിര്‍മ്മാതാവ് ആന്റെണി പെരുമ്പാവൂരും തദവസരത്തില്‍ പങ്കുവച്ചു.
സെറ്റിലെത്തിയ മോഹന്‍ലാലിനെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും, സംവിധായകന്‍ ജീത്തു ജോസഫും,പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു കൊണ്ടാണ് ചടങ്ങുകള്‍ക്കു തുടക്കമിട്ടത്. മോഹന്‍ലാല്‍ ആദ്യ ഭദ്രദീപം തെളിയിച്ചപ്പോള്‍ അണിയാ പ്രവര്‍ത്തകരും ബന്ധു മിത്രാദികളും ചേര്‍ന്നു ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു. ആന്റണി പെരുമ്പാവൂര്‍ സ്വിച്ചോണ്‍ കര്‍മ്മവും, മോഹന്‍ലാല്‍ ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ടാണ് ചിത്രീകരണത്തിലേക്ക് കടന്നത്. ചടങ്ങിനു ശേഷം ദദാ സാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം ഏറ്റുവാങ്ങാനായി ദില്ലിയിലേക്കു പുറപ്പെട്ട മോഹന്‍ലാല്‍ ഇരുപത്തിനാലു മുതല്‍ ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങും. ചിത്രത്തിന്റെ മറ്റു വിശദാംശങ്ങളിലേക്കൊന്നും ഇപ്പോള്‍ കടക്കുന്നില്ലായെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. നമുക്കു കാത്തിരിക്കാം ജോര്‍ജുകുട്ടിക്കും കുടുംബത്തിനുമായി. പിആര്‍ഒ- വാഴൂര്‍ ജോസ്.