ഹെര്‍ ഫ്രെയിം, ഹെര്‍ സ്റ്റോറി: സിനിമ മേഖലയിലെ അധികാര ഘടന മാറണമെന്ന് വനിത സംവിധായകര്‍
ലാറ്റിനമേരിക്കയിലെയും ചിലിയിലെയും സിനിമാ നിര്‍മ്മാണ രംഗം ഇപ്പോഴും പുരുഷ കേന്ദ്രീകൃത ആഖ്യാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് നായ്ര ഇലിക് ഗാര്‍സിയ പറഞ്ഞു.

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ശ്രദ്ധേയമായി പാനല്‍ ചര്‍ച്ച. ഹോട്ടല്‍ ഹൊറൈസണില്‍ നടന്ന ചര്‍ച്ചയില്‍ സിനിമയിലെ സ്ത്രീപക്ഷ കാഴ്ചപ്പാടുകളെക്കുറിച്ചും സിനിമാ മേഖലയിലെ വ്യവസ്ഥാപിത തടസ്സങ്ങളെക്കുറിച്ചും പ്രമുഖ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ സംവദിച്ചു.
ഈ വര്‍ഷത്തെ 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് ജേതാവായ കനേഡിയന്‍ സംവിധായിക കെല്ലി ഫൈഫ്-മാര്‍ഷല്‍, 'സോങ്ങ്സ് ഓഫ് ഫോര്‍ഗോട്ടന്‍ ട്രീസ്' സംവിധായിക അനുപര്‍ണ റോയ്, 'ക്യൂര്‍പോ സെലെസ്റ്റെ'യുടെ സംവിധായിക നായ്ര ഇലിക് ഗാര്‍സിയ, നടിയും ഹ്യൂമാനിറ്റേറിയന്‍ അംബാസഡറുമായ ഷീന ചൗഹാന്‍, 'ആദ്യസ്‌നേഹത്തിന്റെ വിരുന്നു മേശ'യുടെ സംവിധായിക മിനി ഐ.ജി. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വിവിധ സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണെങ്കിലും ലോകമെമ്പാടുമുള്ള വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ സമാനമാണെന്ന് കെല്ലി ഫൈഫ്-മാര്‍ഷല്‍ പറഞ്ഞു. സിനിമകള്‍ പ്രേക്ഷകര്‍ക്ക് 'സുഖകരമായ' രീതിയില്‍ അവതരിപ്പിക്കാനുള്ള സമ്മര്‍ദ്ദം പലപ്പോഴും സിനിമയുടെ ആധികാരികത നഷ്ടപ്പെടുത്താറുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ലാറ്റിനമേരിക്കയിലെയും ചിലിയിലെയും സിനിമാ നിര്‍മ്മാണ രംഗം ഇപ്പോഴും പുരുഷ കേന്ദ്രീകൃത ആഖ്യാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് നായ്ര ഇലിക് ഗാര്‍സിയ പറഞ്ഞു.
വൈകാരികമായ ഇഴയടുപ്പവും യാഥാര്‍ത്ഥ്യബോധമുള്ള പോരാട്ടങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന സ്ത്രീപക്ഷ ലെന്‍സിലൂടെയുള്ള സിനിമകളെക്കുറിച്ചാണ് മിനി ഐ.ജി. സംസാരിച്ചത്. സിനിമാ മേഖലയിലെ അധികാര ഘടന മാറണമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി കേരള സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ഗുണപരമായ മാറ്റം ഉണ്ടാക്കുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
നിര്‍മ്മാണ സഹായം ലഭിക്കുന്നതിനായി സിനിമയില്‍ നഗ്‌നതയോ അശ്ലീലമോ ഉള്‍പ്പെടുത്താന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടാകാറുണ്ടെന്ന് അനുപര്‍ണ റോയ് വെളിപ്പെടുത്തി. പുരുഷ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിക്കാതെ സാഹചര്യങ്ങളെ അവയുടെ സ്വാഭാവികതയോടെ അവതരിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
സ്ത്രീകളുടെ സിനിമകള്‍ക്കും ആഖ്യാനങ്ങള്‍ക്കും പിന്തുണ നല്‍കേണ്ടത് ശാശ്വതമായ മാറ്റത്തിന് അനിവാര്യമാണെന്ന് ഷീന ചൗഹാന്‍ ചര്‍ച്ചയില്‍ പറഞ്ഞു.
