ഐഎഫ്എഫ്‌കെ ; നാലാം ദിനം 74 ചിത്രങ്ങള്‍
ഫാസില്‍ റസാഖിന്റെ പുതിയ ചിത്രം 'മോഹം' നാളെ വൈകീട്ട് 6 ന്

തിരുവനന്തപുരം: 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ നാലാം ദിനമായ നാളെ 74 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ മൗറിത്താനിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോ, സംവിധായകന്‍ ജി. അരവിന്ദന്‍ സ്മാരക പ്രഭാഷണം നടത്തും. സിസ്സാക്കോയുടെ ശ്രദ്ധേയ ചിത്രങ്ങളായ 'ലൈഫ് ഓണ്‍ എര്‍ത്ത്', 'ബ്ലാക്ക് ടീ' എന്നിവയും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ബെസ്റ്റ് ഫസ്റ്റ് ഫീച്ചര്‍ അവാര്‍ഡ് നേടിയ ഫാം ങോക് ലാന്റെ 'കു ലി നെവര്‍ ക്രൈസ്' എന്നിവയുടെ പ്രദര്‍ശനം രാവിലെ 9 മണിക്ക് നടക്കും. 2025-ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകന്‍, നടന്‍, ഫിപ്രസി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ക്ലെബര്‍ മെന്‍ഡോന്‍സ ഫിലോ സംവിധാനം ചെയ്ത ദി സീക്രട്ട് ഏജന്റ് , സ്പിരിറ്റ് ഓഫ് സിനിമാ അവാര്‍ഡ് നേടിയ കനേഡിയന്‍ സംവിധായിക കെല്ലി ഫൈഫ്-മാര്‍ഷലിന്റെ വെന്‍ മോണിംഗ് കംസ് എന്നിവ ഫെസ്റ്റിവല്‍ ഫേവറൈറ്റ്‌സ് വിഭാഗത്തിലെ പ്രധാന ചിത്രങ്ങളാണ്.
ഹോമേജ് വിഭാഗത്തില്‍, ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ദേശീയ പുരസ്‌കാരത്തിനര്‍ഹമായ 'കുട്ടിസ്രാങ്ക്' പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ സുവര്‍ണചകോരം നേടിയ അസ്ഗര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം അബൗട്ട് എല്ലി, സെമിഹ് കാപ്ലനൊഗ്ലു സംവിധാനം ചെയ്ത എയ്ഞ്ചല്‍ ഫാള്‍' എന്നിവയും മേളയില്‍ വീണ്ടും എത്തും.
സമകാലിക മലയാളം സിനിമ വിഭാഗത്തില്‍, 28-ാമത് ഐ.എഫ്.എഫ്.കെ.യില്‍ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം നേടിയ ഫാസില്‍ റസാഖിന്റെ പുതിയ ചിത്രമായ 'മോഹം' വൈകുന്നേരം 6 മണിക്ക് പ്രേക്ഷകരിലേക്ക് എത്തും. ഫീമെയില്‍ ഫോക്കസ് വിഭാഗത്തില്‍ സിറിയന്‍ സംവിധായിക ഗയ ജിജിയുടെ പീസസ് ഓഫ് എ ഫോറിന്‍ ലൈഫ് , ലാറ്റിനമേരിക്കന്‍ വിഭാഗത്തില്‍ അര്‍ജന്റീനന്‍ സംവിധായിക ലോറ കസബെയുടെ ദി വിര്‍ജിന്‍ ഓഫ് ദി ക്വാറി ലേക്ക് എന്നിവയടക്കം മറ്റു സിനിമകളും പ്രദര്‍ശിപ്പിക്കും.
ചാര്‍ലി ചാപ്ലിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ക്ലാസിക് ചിത്രം ദി ഗോള്‍ഡ് റഷ്, സയ്യിദ് മിര്‍സയുടെ അരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍ എന്നിവ റീസ്റ്റോര്‍ഡ് ക്ലാസിക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോക സിനിമ വിഭാഗത്തിലെ ഇരുപതോളം ചിത്രങ്ങള്‍, ഇന്ത്യന്‍ സിനിമ നൗ' വിഭാഗത്തിലെ സോങ്സ് ഓഫ് ഫോര്‍ഗോട്ടന്‍ ട്രീസ്, കൂടാതെ സിഗ്നേച്ചേഴ്സ് ഇന്‍ മോഷന്‍ വിഭാഗത്തിലെ അനിമേഷന്‍ ചിത്രങ്ങളായ ആര്‍ക്കോ, ദ ഗേള്‍ ഹൂ സ്റ്റോള്‍ ടൈം എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിക്കും, കാന്‍ ചലച്ചിത്രോത്സവത്തിന്റെ 50 -ാമത് ആയുഷ്‌കാല സംഭാവന പുരസ്‌കാരം നേടിയ യൂസഫ് ഷഹീനിന്റെ ദി അദര്‍ എന്ന ചിത്രമടക്കം 74 വ്യത്യസ്ത സിനിമകളാണ് ഐ.എഫ്.എഫ്.കെയില്‍ നാലാം ദിനം പ്രദര്‍ശിപ്പിക്കുന്നത്.
