കൃഷാന്ദ് ചിത്രം 'മസ്തിഷ്‌ക മരണം;സൈമണ്‍സ് മെമ്മറീസ്' ട്രെയ്ലര്‍ പുറത്ത്
ചിത്രത്തിന്റെ ആഗോള റിലീസ് ഫെബ്രുവരി 27 ന്

കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്‌ക മരണം;സൈമണ്‍സ് മെമ്മറീസിന്റെ ട്രെയ്ലര്‍ പുറത്ത്. 2026, ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളില്‍ എത്തുക. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 'മസ്തിഷ്‌ക മരണം- എ ഫ്രാങ്കെന്‌ബൈറ്റിങ് ഓഫ് സൈമണ്‍സ് മെമ്മറീസ്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങള്‍ക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവര്‍ ഒന്നിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം കൂടിയാണ്. 2046 കാലഘട്ടത്തില്‍ കഥ പറയുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 'സൈബര്‍പങ്ക് കോമഡി' എന്ന വിശേഷമാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
ഫ്യൂച്ചറിസ്റ്റിക് നിയോ നോയിര്‍ മൂഡ് നിലനിര്‍ത്തുന്ന ചിത്രത്തിന്, അന്താരാഷ്ട്ര സിനിമകളെ അനുസ്മരിപ്പിക്കുന്ന നിലവാരത്തിലുള്ള ദൃശ്യഭാഷയാണുള്ളത് എന്ന് നേരത്തെ വന്ന ടീസറുകളും ഇപ്പോള്‍ വന്ന ട്രെയ്ലറും സൂചിപ്പിക്കുന്നുണ്ട്. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള കാഴ്ചകളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനും ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ട്. വളരെ വ്യത്യസ്തമായതും, എന്നാല്‍ തദ്ദേശീയവുമായ ഒരു പശ്ചാത്തലത്തില്‍, സയന്‍സ് ഫിക്ഷന്‍ ഉള്‍പ്പെടുത്തി, ഏറെ മാഡ്നെസ്സ് നിറഞ്ഞ ഒരു അവതരണ ശൈലിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നതെന്ന് ഇതിനോടകം പുറത്തു വന്ന, ചിത്രത്തിന്റെ ടീസറുകള്‍, ഗാനങ്ങള്‍, ഒപ്പം ഇപ്പോള്‍ റിലീസ് ചെയ്ത ട്രെയ്ലര്‍ എന്നിവ സൂചന നല്‍കുന്നുണ്ട്.
2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. വിഎഫ്എക്സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിലെ ഗാനങ്ങള്‍ ഒരുക്കിയ ശൈലിയും, ചിത്രം അതിന്റെ ദൃശ്യ ഭാഷയിലും അവതരണ ശൈലിയിലും പുലര്‍ത്തുന്ന പുതുമയും വ്യത്യസ്തതയുമാണ് കാണിച്ചു തരുന്നത്. ഗാനങ്ങള്‍ക്കും ടീസറുകള്‍ക്കുമൊപ്പം ഇപ്പോള്‍ വന്നിരിക്കുന്ന ട്രെയ്ലറും ചിത്രത്തെ കുറിച്ചുള്ള ആകാംഷയും കൗതുകവും പ്രതീക്ഷയും പ്രേക്ഷക മനസ്സുകളില്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ഏറെ സ്‌റ്റൈലിഷ് ആയും വേറിട്ട ഗെറ്റപ്പുകളിലുമാണ് ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ജഗദീഷ്, സുരേഷ് കൃഷ്ണ, ദിവ്യ പ്രഭ, വിഷ്ണു അഗസ്ത്യ, രെജിഷാ വിജയന്‍, ശംഭു, ശാന്തി ബാലചന്ദ്രന്‍, ആന്‍ സേലം എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തു വന്നിട്ടുണ്ട്. പ്രവീണ്‍ ശശാങ്ക്, ചാര്‍ളി, ഡെസ്ഡിമോണ, ഡോണ്‍, ഫ്രീഡ സോമന്‍, മാലിക്, വേദ, അനിന്‍ഡ്യാ എന്നിവയാണ് യഥാക്രമം ഇവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേരുകള്‍. ഇവര്‍ക്കൊപ്പം നിരഞ്ച് മണിയന്‍ പിള്ള രാജു, നന്ദു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിന്‍സ് ഷാന്‍, മിഥുന്‍ വേണുഗോപാല്‍, സച്ചിന്‍ ജോസഫ്, ആഷ്ലി ഐസക്, അനൂപ് മോഹന്‍ദാസ്, ജയിന്‍ ആന്‍ഡ്രൂസ്, സഞ്ജു ശിവറാം എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്നു. ഇവരുടെ ഓരോരുത്തരുടെയും കരിയറിലെ വ്യത്യസ്ത വേഷങ്ങള്‍ ആയിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.
ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. ചിത്രത്തില്‍ നിന്ന് ആദ്യം പുറത്തു വന്ന 'കോമള താമര' എന്ന ഗാനവും, പിന്നീട് എത്തിയ 'ആരാധകന്‍' എന്ന ഗാനവും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ലോക, ബ്ലേഡ് റണ്ണര്‍ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്ടതമായ കഥാലോകം ആണ് ഈ ചിത്രത്തിലൂടെ ഒരുക്കുന്നതെന്നും, ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വര്‍ഷം ജൂലൈയില്‍ ആരംഭിക്കും എന്നും ആണ് റിപ്പോര്‍ട്ട്. സാരേഗാമ ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
ഛായാഗ്രഹണം- പ്രയാഗ് മുകുന്ദന്‍, സംഗീതം- വര്‍ക്കി, എഡിറ്റര്‍-കൃഷാന്ദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- നിഖില്‍ പ്രഭാകര്‍, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത്ത് കരുണാകരന്‍, കലാസംവിധാനം- കൃഷാന്ദ്, ആല്‍വിന്‍ ജോസഫ്, മേക്കപ്പ്- അര്‍ഷാദ് വര്‍ക്കല, സംഘട്ടനം- ശ്രാവണ്‍ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖില്‍ സുരേന്ദ്രന്‍, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാഹുല്‍ മേനോന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജയേഷ് എല്‍ ആര്‍, കളറിസ്റ്റ്- അര്‍ജുന്‍ മേനോന്‍ (കാന്‍പ്രോ), സ്റ്റില്‍സ്- കിരണ്‍ വി എസ്, പ്രൊഡക്ഷന്‍ മാനേജര്‍- ആരോമല്‍ പയ്യന്നുര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ആരോമല്‍, പിആര്‍ഒ- ശബരി
