ഈ കണ്ണിലൂടെ കയറാം ആഘോഷത്തിലേയ്ക്ക്
ഓരോ തവണയും ഓരോ ആശയമാണ് ചലച്ചിത്ര അക്കാഡമി നിര്‍ദേശിക്കുന്നത്. അതിന് അനുസൃതമായി മനോഹരമായി ഹൈലേഷ് ഓഫിസ് അണിയിച്ചൊരുക്കും.

പതിവ് പോലെ ഇത്തവണയും ഹൈലേഷിന്റെ കരവിരുതിലാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവല്‍ ഓഫീസ് ഒരുങ്ങിയിരിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി ചലച്ചിത്ര മേളയുമായി ഹൈലേഷ് സഹകരിക്കുന്നുണ്ട്. ഓരോ തവണയും ഓരോ ആശയമാണ് ചലച്ചിത്ര അക്കാഡമി നിര്‍ദേശിക്കുന്നത്. അതിന് അനുസൃതമായി മനോഹരമായി ഹൈലേഷ് ഓഫിസ് അണിയിച്ചൊരുക്കും. അതിജീവനവും പുനര്‍ഉപയോഗവുമൊക്കെ തീമായപ്പോള്‍ അതിന് അനുസൃതമായ കലാസൃഷ്ടി തന്നെയാണ് ഒരുക്കിയത്. മേളയ്‌ക്കെത്തിയവരെല്ലാം അഭിനന്ദിച്ച അനുഭവവും ഏറെ.
ഇത്തവണ കാഴ്ചയും സിനിമയുമായിരുന്നു തീം. അങ്ങനെയാണ് വലിയൊരു കണ്ണ് ടാഗോര്‍ മുറ്റത്ത് ഹൈലേഷ് അണിയിച്ചൊരുക്കിയത്. ഈ കണ്ണിനുള്ളിലൂടെ വേണം ഓഫീസിനുള്ളില്‍ പ്രവേശിക്കാന്‍. മേളയുടെ സംഘാടകര്‍ ഈ കണ്ണിനുള്ളിലിരുന്നാണ് കാഴ്ച വിരുന്നിന് ആവശ്യമായ ചര്‍ച്ചകള്‍ നടത്തുന്നത്. വെറുമൊരു കണ്ണല്ല. കാഴ്ച മുകളിലേയ്ക്ക് പോകണം. അപ്പോഴാണ് കണ്ണിരിക്കുന്നത് ക്ലാപ്പ് ബോര്‍ഡിലാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുക. കാറ്റും വെളിച്ചവും യഥേഷ്ടം കടക്കുന്ന ഓഫീസിന്റെ നിര്‍മ്മാണത്തിനായി പ്രകൃതിക്ക് ദോഷമായ വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ല.
പുനരുപയോഗിക്കാന്‍ കഴിയുന്ന നിര്‍മ്മാണ സാമഗ്രികള്‍ തന്നെ വേണമെന്ന നിര്‍ബന്ധം ഹൈലേഷ് നേതൃത്വം നല്‍കുന്ന ഹൈലേഷ് ഡിസൈന്‍സിനുണ്ട്. ഹൈലേഷ് അടക്കം 15 പേര്‍ ദിവസങ്ങളെടുത്താണ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ സ്‌പോര്‍ട്‌സ്, കേരളോത്സവം, ഓണാഘോഷം, സ്‌കൂള്‍ ഒളിമ്പിക്‌സ് തുടങ്ങി സര്‍ക്കാരിന്റെ നിരവധിയായ ആഘോഷങ്ങളുമായി ഹൈലേഷ് സഹകരിച്ചിട്ടുണ്ട്. എല്ലാം മികച്ചതാണെന്ന് അഭിപ്രായം നേടിയിട്ടുമുണ്ട്. നിരവധി പുരസ്‌കാരങ്ങളും ഹൈലേഷിനെ തേടി എത്തിയിട്ടുണ്ട്.
