ബോളിവുഡ് സംഗീത ലോകത്തെ വൈറല്‍ സിസ്റ്റേഴ്‌സ് മലയാളത്തിലേക്ക്

' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര'യിലെ പ്രൊമോ ഗാനം ആലപിച്ചുകൊണ്ടാണ് ജ്യോതി നൂറന്‍, സുല്‍ത്താന നൂറന്‍ എന്നീ പേരുകളിലുള്ള ഇവരുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.

Starcast : Naslin, Kalyani Priyadarshan

Director: Domenic Arun

( 0 / 5 )

ബോളിവുഡ് സംഗീത ലോകത്തെ വിസ്മയമായി ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്ത നൂറന്‍ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന വൈറല്‍ സഹോദരിമാര്‍ മലയാളത്തിലേക്ക്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര'യിലെ പ്രൊമോ ഗാനം ആലപിച്ചുകൊണ്ടാണ് ജ്യോതി നൂറന്‍, സുല്‍ത്താന നൂറന്‍ എന്നീ പേരുകളിലുള്ള ഇവരുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. മലയാളത്തിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ ജെയ്ക്‌സ് ബിജോയ് ആണ് ഗാനത്തിന് സംഗീതമൊരുക്കുന്നത്. ആഗസ്റ്റ് 15നാണ് കല്യാണിയും നസ്ലനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ പ്രൊമോ ഗാനം പുറത്തിറങ്ങാനിരിക്കുന്നത്.

എംടിവി സൗണ്ട് ട്രിപ്പിങ്, എംടിവി അണ്‍പ്ലഗ്ഗ്ഡ്, കോക്ക് സ്റ്റുഡിയോ പരിപാടികളിലൂടെ ശ്രദ്ധ നേടിയ സൂഫി ഗായികമാരായ നൂറന്‍ സിസ്റ്റേഴ്‌സ് ഹൈവേ, സിംഗ് ഈസ് ബ്ലിംഗ്, തനു വെഡ്‌സ് മനു റിട്ടേണ്‍സ്, സുല്‍ത്താന്‍, മിര്‍സിയ, ദംഗല്‍, ടൈഗര്‍ സിന്ദ ഹേ, ലാല്‍ സിംഗ് ഛദ്ദ തുടങ്ങിയ നിരവധി ബോളിവുഡ് സിനിമകളില്‍ ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇവര്‍ ആദ്യമായി മലയാളത്തിലേക്ക് എത്തുമ്പോള്‍ സംഗീതാസ്വാദകര്‍ ഏറെ പ്രതീക്ഷയിലാണ്.

ഇന്ത്യന്‍ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പര്‍ഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണിത്. ചിത്രം കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. ഒരു സൂപ്പര്‍ഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദര്‍ശന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ടീസര്‍ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേല്‍ ഉണ്ടായിരിക്കുന്നത്. തീയറ്ററില്‍ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു. മലയാളി പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസറും ആദ്യം എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരുന്നത്. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന ചിത്രം വമ്പന്‍ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'.

ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റര്‍: ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ: ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍ , കലാസംവിധായകന്‍: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍: യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്

Bivin
Bivin  
Related Articles
Next Story