ആശങ്കകളെ അതിജീവിച്ച് അവസാന ലാപ്പിലേയ്ക്ക്
മത്സര വിഭാഗത്തില്‍ കടുത്ത പോരാട്ടം; ലോക സിനിമകളുടെ നിലവാരം മികച്ചതെന്ന് പ്രതിനിധികള്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക് ഉയര്‍ത്തിയ ആശങ്കകളെ അതിജീവിച്ച് ചലച്ചിത്ര മേള അവസാന ഘട്ടത്തിലേയ്ക്ക് കടക്കുന്നു. മികച്ച ചിത്രങ്ങളുടെ പേരിലായിരിക്കും 30-ാം രാജ്യാന്തര ചലച്ചിത്ര മേള ചരിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രങ്ങളുടെ നിലവാരത്തില്‍ പരാതികളുയരാത്ത മേളയായിരുന്നു ഇത്തവണത്തേത്. ആകെ കല്ലുകടിയായത് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മാത്രമായിരുന്നു. ഐഎഫ്എഫ്‌കെയുടെ 30 വര്‍
ഷത്തെ ചരിത്രം പ്രതിനിധികള്‍ക്കായി അവതരിപ്പിച്ചതും മികവ് പുലര്‍ത്തി. പുതിയ തലമുറയുടെ ഒഴുക്കായിരുന്നു പ്രദര്‍ശനം കാണാന്‍. ചലച്ചിത്ര ഇതിഹാസം ഋത്വിക് ഘട്ടകിന്റെ സിനിമാ ജീവിതത്തിനെ കുറിച്ചുള്ള പ്രദര്‍ശനവും പ്രതിനിധികളെ ആകര്‍ഷിക്കുന്നു. സിനിമയുടെ ഉള്ളറകളെ കുറിച്ചും നിര്‍മ്മാണ രീതികളെ സംബന്ധിച്ചും വിശദമാക്കുന്ന ഇന്‍ കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ ലോക സിനിമയിലെ പ്രമുഖരാണ് പങ്കെടുത്തത്. അവരുടെ അനുഭവങ്ങള്‍ കേള്‍ക്കാന്‍ പുതുതലമുറ പ്രതിനിധികളുടെ ഒഴുക്കായിരുന്നു. സംവിധായകരുമായി പ്രതിനിധികള്‍ നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കിയ മീറ്റ് ദി ഡയറക്ടേഴ്‌സില്‍ ലോക സിനിമാ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. ഇന്ത്യന്‍ സിനിമാ പ്രവര്‍ത്തകരും മലയാളി സിനിമാ പ്രവര്‍ത്തകരും പരിപാടിയില്‍ തങ്ങള്‍ നേരിട്ട വെല്ലുവിളികള്‍ വിശദീകരിച്ചു. സംശയങ്ങള്‍ നേരിട്ട് ദുരീകരിച്ച് പ്രതിനിധികളും മീറ്റ് ദി ഡയറക്ടേഴ്‌സില്‍ സജീവമായി.
മുന്‍കാലങ്ങളില്‍ സുവര്‍ണ ചകോരം പുരസ്‌കാരം നേടിയ ചിത്രങ്ങള്‍ സുവര്‍ണ ലെഗസി പാക്കേജില്‍ പ്രദര്‍ശിപ്പിച്ചതും പുതു തലമുറ പ്രതിനിധികള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. വര്‍ണവെറിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന കനേഡിയന്‍ സംവിധായിക കെല്ലി ഫൈഫി മാര്‍ഷലിന് സ്പിരിറ്റ് ഓഫ് സിനിമാ പുരസ്‌കാരം നല്‍കിയത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. മേളയില്‍ കെല്ലിയുടെ സാനിദ്ധ്യം ആവേശമായിരുന്നു. അനുഭവങ്ങള്‍ പങ്കുവച്ചും സിനിമാ വിശേഷങ്ങള്‍ പറഞ്ഞും കെല്ലിയും പ്രതിനിധികളുടെ കൂട്ടത്തില്‍ കൂടി. പുത്തന്‍ ലാറ്റിന്‍ അമേരിക്കന്‍ സിനിമയുടെ സൗന്ദര്യം ആസ്വാദ്യകരമായി മാറി. പ്രതിനിധികളുടെ കുത്തൊഴുക്കാണ് ഈ സിനിമകള്‍ക്കുണ്ടായത്. മലയാള ചിത്രങ്ങളായ നിര്‍മ്മാല്യത്തിനും വാസ്തുഹാരയ്ക്കും നിറഞ്ഞ സദസായിരുന്നു.
അതിജീവനത്തിന്റെ കഥകളാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്. യുദ്ധവും ആഭ്യന്തര കലാപവും അനിശ്ചിതത്വം വിതച്ച നാടുകളിലെ ജീവിതം എത്രത്തോളം ഭയാനകമാണെന്ന് ബോദ്ധ്യപ്പെടുത്തുന്ന ചിത്രങ്ങള്‍ പ്രതിനിധികള്‍ ഏറ്റെടുത്തു. മരിയാനാസ് റൂം, പ്രസിഡന്റ്‌സ് കേക്ക് തുടങ്ങിയ ചിത്രങ്ങളിലെ കുട്ടികളുടെ അഭിനയം പ്രതിനിധികളുടെ മനസില്‍ മുറിവേല്‍പ്പിച്ചു. അധികാരികളുടെ തുഗ്ലക് നയങ്ങളെ പരിഹസിച്ച ബ്ലൂ ട്രെയ്ല്‍ അടക്കമുള്ള ചിത്രങ്ങളും കൈടി നേടി. അറേബ്യന്‍ സിനിമകളുടെ മാറ്റം പ്രകടമാകുന്നതായിരുന്നു പരിചയ സമ്പന്നനായ ജാഫര്‍ പനാഹിയുടെ ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ് അടക്കമുള്ള അറേബ്യന്‍ ചിത്രങ്ങള്‍. മത്സര വിഭാഗത്തിലെത്തിയ മലയാള സിനിമകള്‍ അടക്കം മികച്ച നിലവാരം പുലര്‍ത്തി. ചിത്രങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാണ് അന്താരാഷ്ട്ര ജൂറി അംഗങ്ങള്‍ ഒരേ സ്വരത്തില്‍ വ്യക്തമാക്കുന്നു. ഇനി രണ്ട് പകലുകള്‍ മികച്ച ചിത്രങ്ങളുടെ പുനഃപ്രദര്‍ശനങ്ങളാണുണ്ടാകുക. ഇന്നലെ വരെ മികച്ച ചിത്രങ്ങളുടെ റിസര്‍വേഷന്‍ പൂര്‍ണമായും പൂര്‍ത്തിയാക്കി കഴിഞ്ഞു. മത്സര വിഭാഗം ചിത്രങ്ങള്‍ക്കും ലോക സിനിമകള്‍ക്കുമാണ് പ്രതിനിധികളുടെ തിരക്ക്.
