ഉപചാരം ചൊല്ലി പിരിയുന്നു, ഇനി കാത്തിരിപ്പിന്റെ ഒരു വര്‍ഷം
ഇനി ഒരു വര്‍ഷത്തിന് ശേഷം വീണ്ടും കാണാമെന്ന ഉറപ്പോടെ. ഇന്നലെ മുതല്‍ വിട പറയുന്നതിന്റെ വേദനകളായിരുന്നു ടാഗോറിന്റെ മുറ്റത്തെ കാഴ്ച. ഇന്ന് പിരിയാന്‍ പോകുന്നവര്‍ ഇന്നലെ ഉറക്കം ഉപേക്ഷിച്ച് നിശാഗന്ധിയിലെ വലിയ തിരശീലയിലെ വെളിച്ചം കെടുന്നത് വരെ കണ്ണു നട്ടിരുന്നു.

എട്ട് ദിവസങ്ങള്‍, പുതിയ സൗഹൃദങ്ങളുടെയും സൗഹൃദം പുതുക്കലിന്റെയും തുടക്കത്തില്‍ നിന്നും പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളുടെ കാഴ്ചകളിലേയ്ക്ക് ഊളിയിട്ട് ഹൃദയഭാരവുമായി ടാഗോറിന്റെ അരമതിലില്‍ ചര്‍ച്ചകളുമായി കൂടിയവര്‍ പിരിയുന്നു. ഇനി ഒരു വര്‍ഷത്തിന് ശേഷം വീണ്ടും കാണാമെന്ന ഉറപ്പോടെ. ഇന്നലെ മുതല്‍ വിട പറയുന്നതിന്റെ വേദനകളായിരുന്നു ടാഗോറിന്റെ മുറ്റത്തെ കാഴ്ച. ഇന്ന് പിരിയാന്‍ പോകുന്നവര്‍ ഇന്നലെ ഉറക്കം ഉപേക്ഷിച്ച് നിശാഗന്ധിയിലെ വലിയ തിരശീലയിലെ വെളിച്ചം കെടുന്നത് വരെ കണ്ണു നട്ടിരുന്നു.

അവിടെ നിന്നും ഡിസംബറിലെ മഞ്ഞിനെയും അവഗണിച്ച് കനകക്കുന്നിലെ പുല്‍മേടുകളില്‍ സിനിമാ ചര്‍ച്ചകളില്‍ മുഴുകി. ഇന്ന് കാണേണ്ടുന്ന രണ്ട് സിനിമകളും തീരുമാനിച്ച് പിരിയുമ്പോള്‍ വെള്ളിയാഴ്ച പുലര്‍ന്നിരിക്കും. വീണ്ടും തിയറ്ററുകളില്‍. ഉച്ച കഴിഞ്ഞ് ലഭിക്കുന്ന രണ്ടോ മൂന്നോ മണിക്കൂര്‍ ഇടവേളയ്ക്ക് എവിടെയെങ്കിലും തലചായ്ച്ച് ക്ഷീണം മാറ്റിയ ശേഷം ആകാംഷ നിറഞ്ഞ മനസുകളുമായി സുവര്‍ണ ചകോരം ആര്‍ക്കെന്നറിയാന്‍ നിശാഗന്ധിയിലെത്തും. തുടര്‍ന്ന് കാണാന്‍ കഴിയാത്ത സിനിമയ്ക്കാണ് സുവര്‍ണ ചകോരമെങ്കില്‍ അതും കണ്ട് ഈ ആണ്ടിലെ അവസാന ആലിംഗനവും കൈമാറി പിരിയും. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ.

ഏഴാം ദിവസവും നിറഞ്ഞ സദസാണ് സിനിമകളെ സ്വീകരിച്ചത്. സിനിമകളെല്ലാം മൂന്നാം പ്രദര്‍ശനത്തിനെത്തിയതാണ്. ആദ്യ പ്രദര്‍ശനങ്ങളില്‍ മികച്ച അഭിപ്രായം നേടിയ സിനിമകളായത് കൊണ്ടാണ് തിരക്ക് വര്‍ദ്ധിച്ചത്. സെറ്റില്‍മെന്റ് ഹൈഡ്ര, സിറാട്, കിസിങ് ബഗ്, ഫുള്‍പ്ലേറ്റ്, സിനെമാ ജസീറാ, ദി കറന്റ്‌സ്, ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്, ബ്ലൂ ട്രെയല്‍, ഫ്‌ളെയിംസ്, കോണ്ടിനെന്റല്‍ 25, മലയാള ചിത്രങ്ങളായ അംബ്രോസിയ, ചാവുകാലം തുടങ്ങിയവയാണ് പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങള്‍.

മത്സര വിഭാഗങ്ങളിലെ ചിത്രങ്ങള്‍ സംബന്ധിച്ചായിരുന്നു പ്രതിനിധികളുടെ ചര്‍ച്ച. മത്സര വിഭാഗത്തിലെ വിധി നിര്‍ണയം കടുത്ത വെല്ലുവിളിയാണെന്നാണ് ജൂറി അംഗങ്ങളും അഭിപ്രായപ്പെടുന്നത്. പ്രേക്ഷകരുടെ വോട്ടിങിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ടര്‍ക്കിഷ് ചിത്രം സിനെമാ ജസീറാ, ചില ചിത്രം കുയെര്‍പൊ സെലസ്റ്റേ, അര്‍ജന്റീനിയന്‍ സിനിമ കിസിങ് ബഗ് ഇക്വഡോര്‍ ചിത്രം ഹൈഡ്ര, ഈജിപ്ഷ്യന്‍ ചിത്രം ദി സെറ്റില്‍മെന്റ് തുടങ്ങിയ സിനിമകളാണ് ചര്‍ച്ചകളില്‍ നിറയുന്നത്. മലയാള ചിത്രം തണ്ടപ്പേരിന് പുരസ്‌കാരം പ്രവചിക്കുന്നവരുമുണ്ട്. ഇന്ന് വൈകുന്നേരം വരെ ആകാംഷയോടെ കാത്തിരിക്കേണ്ടി വരും സുവര്‍ണ ചകോരം ആര്‍ക്കെന്നറിയാന്‍.
