ബ്രഹ്‌മാണ്ഡ ആക്ഷന്‍ ചിത്രമായി റോയല്‍ സിനിമാസിന്റെ അഭിനവ് ശിവന്‍ ചിത്രം വരുന്നു
നായകനായി ശിവജിത്ത്, ചിത്രമൊരുങ്ങുന്നത് 6 ഭാഷകളില്‍

ഇന്ത്യന്‍ ആക്ഷന്‍ സിനിമയുടെ ചരിത്രം മാറ്റിയെഴുതാന്‍ ഒരുങ്ങുന്ന പുതിയ ബ്രഹ്‌മാണ്ഡ സിനിമ വരുന്നു. 'എ.ആര്‍.എം' 'പെരുങ്കളിയാട്ടം' എന്നീ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധാന സഹായിയായിരുന്ന അഭിനവ് ശിവന്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. മലയാള സിനിമയെ ആഗോളതലത്തില്‍ എത്തിക്കുന്ന രീതിയിലുള്ള ഒരു പാന്‍-ഇന്ത്യന്‍ ആക്ഷന്‍ വിരുന്നായിരിക്കും ഈ ചിത്രം എന്നാണ് സൂചന. റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദാണ് സിനിമയുടെ നിര്‍മ്മാണം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് ചിത്രമെത്തുന്നത്.
ഒട്ടേറെ സിനിമകളില്‍ കഥാപാത്രങ്ങള്‍ക്കായി ഏത് കഠിനമായ ശാരീരിക മാറ്റങ്ങള്‍ക്കും തയ്യാറായ നടന്‍ ശിവാജിത്താണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വേഷമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിനവ് ശിവന്റെ കാഴ്ചപ്പാടില്‍ ഒരുങ്ങുന്ന ഈ ചിത്രം ആക്ഷനും വൈകാരികതയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഒന്നായിരിക്കുമെന്നാണ് സൂചന.
ലോകസിനിമയിലെ തന്നെ ഇതിഹാസങ്ങളായ ദി ലോര്‍ഡ് ഓഫ് ദി റിംഗ്‌സ്, പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍, ദി മാട്രിക്‌സ് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടര്‍ ആന്‍ഡ്രൂ സ്റ്റെഹ്ലിന്‍ ആണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ഇതിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്താനായി ഒരുങ്ങുകയാണ്.
ഹോളിവുഡ് ആക്ഷനൊപ്പം തന്നെ നമ്മുടെ തനത് ആയോധനകലയായ കളരിപ്പയറ്റും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്. 'വീരം', 'എ.ആര്‍.എം' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ പി.വി. ശിവകുമാര്‍ ഗുരുക്കളാണ് ചിത്രത്തിന്റെ മാര്‍ഷല്‍ ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റണ്ടുകളും ഇന്ത്യന്‍ ആയോധനകലയും ചേര്‍ന്ന ഒരു ദൃശ്യവിരുന്നായിരിക്കും ചിത്രം സമ്മാനിക്കുകയെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെയും വിദേശത്തെയും പ്രഗത്ഭരായ സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ഈ ചിത്രം, ഒരു സിനിമ എന്നതിലുപരി ഒരു ആഗോള ആക്ഷന്‍ ഇവന്റ് തന്നെയായി മാറാനാണ് ലക്ഷ്യമിടുന്നത്. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഉടന്‍ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
രചയിതാക്കള്‍ ലുക്മാന്‍ ഊത്താല, മജീദ് യോര്‍ദാന്‍, ഡിഒപി രൂപേഷ് ഷാജി, എഡിറ്റര്‍ സൈജു ശ്രീധരന്‍, സംഗീതം നെസര്‍ അഹമ്മദ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, ആക്ഷന്‍ കോറിയോഗ്രാഫര്‍ പിവി ശിവകുമാര്‍ ഗുരുക്കള്‍, സൗണ്ട് ഡിസൈനേഴ്‌സ് പിഎം സതീഷ്, മനോജ് എം ഗോസ്വാമി, ആക്ഷന്‍ ഡയറക്ടര്‍ ആന്‍ഡ്രൂ സ്ഥെലിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ രഞ്ജിത്ത് കോത്താരി, കോസ്റ്റ്യൂം ഡോണ മരിയന്‍ ജോസഫ്, കാസ്റ്റിങ് ഡയറക്ടര്‍ ഭരത് ഗോപിനാഥന്‍, പബ്ലിസിറ്റഇ ഡിസൈന്‍സ് ഡ്രിപ് വേവ് കളക്ടീവ്, പിആര്‍ഒ ആതിര ദില്‍ജിത്ത്.
