സത്യൻ മാഷിന്റെ ഓർമകൾക്ക് 53 വയസ്സ്

നൂറ്റിയമ്പതോളം സിനിമകളിൽ അഭിനയിച്ച് സൂപ്പർതാര പദവിയിലെത്തിയ സത്യൻ ഓർമ്മയായിട്ട് ഇന്നേക്ക് 53 വർഷം. പതിനെട്ടുവർഷക്കാലം മലയാളിയുടെ നായക സങ്കൽപ്പങ്ങൾക്ക് ജീവൻ നൽകിയ സത്യൻ ഒരു തലമുറയെ മുഴുവൻ ആവേശത്തിലാഴ്ത്തിയിരുന്നു. സ്വാഭാവികാഭിനയം കൊണ്ട് വിസ്മയിപ്പിച്ച പ്രതിഭ. സൽഗുണ സമ്പന്നരായ മുൻ മാതൃകകളെ തച്ചുടച്ചവയായിരുന്നു സത്യന്റെ നായക കഥാപാത്രങ്ങൾ.

സത്യന്റെ താര പരിവേഷം കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിന് ഒരിക്കലും തടസ്സമായില്ല. പകരം വെയ്ക്കാനില്ലാത്ത അഭിനയ പാടവം കൊണ്ടാണ് തിരുവനന്തപുരം സ്വദേശിയായ സത്യനേശൻ നാടാരെന്ന സത്യൻ മലയാള സിനിമയുടെ അമരക്കാരനാവുന്നത്. പൊലീസുകാരനായി ജീവിതം ആരംഭിച്ചുവെങ്കിലും സെബാസ്റ്റ്യൻ കുഞ്ഞു ഭാഗവതരുമായുള്ള പരിചയം ഒരു നിയോഗമായി. മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിനൊപ്പം ആ മഹാനടനും വളർന്നു.

തന്റെ നാൽപതാമത്തെ വയസ്സിൽ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് സത്യൻ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. സിനിമകളിൽ തിരക്ക് കൂടിയതോടെ സർക്കാരുദ്യോഗം ഉപേക്ഷിച്ചു.1954ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രം സത്യന്റെ ജീവിതത്തിലെ നാഴികക്കല്ലായി. പിന്നീട് ഓടയിൽ നിന്ന് , യക്ഷി, ദാഹം, സ്‌നേഹസീമ തുടങ്ങിയ ഹിറ്റുകളോടെ സത്യൻ മലയാളികളുടെ പ്രീയപ്പെട്ട നടനായി. ചെമ്മീനിലെ പളനി കാഴ്ചക്കാരെ വിസ്മയിപ്പിച്ചതിനു കണക്കില്ല.

150 ലേറെ മലയാള സിനിമകളിലാണ് സത്യൻ അഭിനയിച്ചിട്ടുള്ളത്. രണ്ട് തമിഴ് സിനിമകളുടേയും ഭാഗമായി. മികച്ച നടനുള്ള ആദ്യ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത് സത്യനായിരുന്നു.കരുത്തുറ്റ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച സത്യൻ പത്തു വർഷത്തോളം അർബുദത്തോട് പോരാടി. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിനുമപ്പുറം മഹാനടനായി ഇന്നും തുടരുകയാണ് മലയാളിയുടെ പ്രീയപ്പെട്ട സത്യൻ മാഷ്.

Athul
Athul  
Related Articles
Next Story