ടി രാജീവ് നാഥിന്റെ 50 വര്‍ഷത്തെ സിനിമ ജീവിതത്തിന് ചലച്ചിത്രമേളയില്‍ ആദരം

'ജനനി' പ്രത്യേകമായി പ്രദര്‍ശിപ്പിക്കും

Starcast : Sidhique, Santhakumari

Director: T. Rajeev Nath

( 0 / 5 )

തിരുവനന്തപുരം: പ്രഗത്ഭ ചലച്ചിത്ര സംവിധായകനും മുന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണുമായ ടി രാജീവ് നാഥിന്റെ 50 വര്‍ഷത്തെ സിനിമാജീവിതത്തിന് ഐ എഫ് എഫ് കെ ആദരമര്‍പ്പിക്കും. ഇതിന്റെ ഭാഗമായി മേളയില്‍ 2000-ത്തിലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് നേടിക്കൊടുത്ത 'ജനനി' സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടക്കും.

1951-ല്‍ ചങ്ങനാശ്ശേരിയില്‍ ജനിച്ച രാജീവ് നാഥ്, 1978-ല്‍ 'തണല്‍' എന്ന സിനിമ സംവിധാനം ചെയ്താണ് മലയാള സിനിമാരംഗത്തേക്ക് എത്തിയത്. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. എം ജി സോമന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും 'തണലി'ലെ അഭിനയത്തിന് ലഭിച്ചു.

സാഹിത്യകാരന്‍ ഒ വി വിജയന്റെ കഥ ആസ്പദമാക്കിയ കടല്‍ത്തീരത്ത് ഉള്‍പ്പെടെ, അഹം, പകല്‍ നക്ഷത്രങ്ങള്‍, ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, രസം, സൂര്യന്റെ മരണം എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. മോഹന്‍ലാല്‍ അഭിനയിച്ച 'പകല്‍ നക്ഷത്രങ്ങള്‍', ഹിന്ദി ചിത്രമായ 'അനുഭവ്: ആന്‍ ആക്ടര്‍സ് ടെയ്ല്‍, ഹെഡ് മാസ്റ്റര്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങള്‍ അദ്ദേഹം സിനിമയില്‍ നടത്തി.

മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന 'ജനനി', ഏഴ് കത്തോലിക്ക സന്യാസിനിമാരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു അനാഥശിശുവിന്റെ പരിപാലന പ്രശ്‌നത്തിലൂടെയാണ് ആരംഭിക്കുന്നത്. പ്രതിജ്ഞകളും ആത്മീയവിശ്വാസങ്ങളും മാതൃത്വത്തെക്കുറിച്ചുള്ള ധാരണകളും തമ്മില്‍ പൊരുത്തപ്പെടാത്ത മുഹൂര്‍ത്തങ്ങളില്‍ നടക്കുന്ന ഹൃദയസ്പര്‍ശിയായ നാടകീയതയാണ് സിനിമയുടെ ആകര്‍ഷണം.

രാജീവ് നാഥ് സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ചിത്രത്തിന്റെ തിരക്കഥ സക്കറിയയും രഞ്ജി പണിക്കരും ചേര്‍ന്നാണ് തയ്യാറാക്കിയത്. സുരേഷ് പി നായരുടെ ഛായാഗ്രഹണവും ബീനാ പോളിന്റെ എഡിറ്റിങും ഔസേപ്പച്ചന്റെ സംഗീതവും ചിത്രത്തെ മികച്ചതാക്കി. ഓസ്ലോ ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു.

സിനിമയില്‍ സിദ്ദിഖ് ഫാദര്‍ റോസ്ലിനായും ശാന്തകുമാരി സിസ്റ്റര്‍ വിക്ടോറിയയായും മികച്ച അഭിനയം കാഴ്ച വെച്ചു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍പേഴ്‌സണായിരുന്ന രാജീവ് നാഥ്, മലയാള സിനിമയുടെ വളര്‍ച്ചയ്ക്കും അന്താരാഷ്ട്ര വേദികളിലെ പ്രതിച്ഛായ ഉയര്‍ത്തുന്നതിനും നിര്‍ണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ അമ്പത് വര്‍ഷത്തെ സമ്പന്നമായ സൃഷ്ടിജീവിതത്തെയാണ് ഈ വര്‍ഷം ഐഎഫ്എഫ്‌കെ പ്രത്യേകം ആദരിക്കുന്നത്.

Bivin
Bivin  
Related Articles
Next Story