വെനീസ് ഒറിസോണ്ടി പുരസ്‌കാര ചിത്രത്തിന് മേളയില്‍ കൈയ്യടി

'സോങ്ങ്‌സ് ഓഫ് ഫോര്‍ഗോട്ടണ്‍ ട്രീസ്' പറയുന്നത് പരസ്പരം താങ്ങാവുന്ന മുറിവേറ്റ രണ്ട് സ്ത്രീകളുടെ കഥ

Starcast : Kerala Chalachithra Academy

Director: Anuparna Roy

( 0 / 5 )

തിരുവനന്തപുരം: 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തില്‍ നിറഞ്ഞ കയ്യടിയോടെയാണ് അനുപര്‍ണ റോയ് സംവിധാനം ചെയ്ത 'സോങ്ങ്‌സ് ഓഫ് ഫോര്‍ഗോട്ടണ്‍ ട്രീസ്' കലാഭവന്‍ തീയേറ്ററിലെ സദസ്സ് സ്വീകരിച്ചത്. വെനീസ് ചലച്ചിത്രമേളയില്‍ മികച്ച സംവിധായികയ്ക്കുള്ള ഒറിസോണ്ടി പുരസ്‌കാരം നേടിയ ചിത്രം, വ്യത്യസ്തമായ കഥപറച്ചില്‍ കൊണ്ടും ആഴത്തിലുള്ള വികാരങ്ങളെ അനായാസം അവതരിപ്പിച്ചും ശ്രദ്ധേയമായി.

അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളെ നിശ്ശബ്ദമായി നോക്കിക്കാണുന്ന ചിത്രം, നിരീക്ഷണത്തിന്റെയും അതിക്രമത്തിന്റെയും ഇടയിലുള്ള അതിരുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുംബൈ പശ്ചാത്തലമാക്കിയ സിനിമ, ഒന്നിച്ചുള്ള ജീവിതത്തിലും മനസുകൊണ്ട് തമ്മില്‍ അകന്ന് നില്‍ക്കുന്ന നഗരജീവിതത്തിലെ ഏകാന്തതയെ അവതരിപ്പിക്കുന്നു.

അഭിനേത്രിയാകാന്‍ ആഗ്രഹിക്കുന്ന തൂയയുടെയും അവരുടെ കൂടെ താമസിക്കാന്‍ എത്തുന്ന കോര്‍പ്പറേറ്റ് ജീവനക്കാരി ശ്വേതയുടെയും ബന്ധത്തിലൂടെ കഥ പുരോഗമിക്കുന്നു. ശ്വാസംമുട്ടിക്കുന്ന ഗൃഹാന്തരീക്ഷത്തിലൂടെചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നു. ഒരു മുറി പങ്കിടുന്നവര്‍ എന്നതില്‍ കവിഞ്ഞു ജീവിതം കൊണ്ടു മുറിവേറ്റ അവര്‍ക്കിടയില്‍ പതിയെ അതിജീവനത്തിന്റെ ഒരുമയും ഐക്യവും നാമ്പിടുന്നു.

പ്രദര്‍ശനത്തിന് ശേഷം നടന്ന ചോദ്യോത്തര സെഷനില്‍ അനുപര്‍ണ റോയ് പ്രേക്ഷകരുമായി സംവദിച്ചു. ഒരുമിച്ച് താമസിക്കുന്ന രണ്ട് സ്ത്രീകള്‍ പുരുഷന്മാരില്‍ നിന്ന് വികാരപരമായി അകന്നുനില്‍ക്കുന്ന അവസ്ഥ അവതരിപ്പിക്കുകയാണ് ചിത്രത്തിന്റെ കേന്ദ്ര ആശയമെന്നും അവര്‍ വിശദീകരിച്ചു.

ക്യാമറ ആംഗിളുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി, പ്രതീകാര്‍ത്ഥങ്ങളേക്കാള്‍ പറയാനുള്ളത് കൃത്യമായി പറയുക എന്ന ലക്ഷ്യമാണ് നയിച്ചതെന്ന് അനുപര്‍ണ റോയ് വ്യക്തമാക്കി.

Bivin
Bivin  
Related Articles
Next Story