പുതിയ കാലത്തെ സിനിമാ ഭാഷയുടെ വ്യാകരണം പഠിക്കണം: അടൂര്‍ ഗോപാലകൃഷ്ണന്‍

ചിത്രലേഖ ഫിലിം സഹകരണ സൊസൈറ്റി റീലോഞ്ച് ചെയ്തു

Starcast : IFFK 2025

Director: Adoor Gopalakrishnan

( 0 / 5 )

തിരുവനന്തപുരം:പുതിയകാലത്ത് രൂപപ്പെടുന്ന സിനിമ ഭാഷയുടെ വ്യാകരണം പഠിക്കാന്‍ സിനിമ പ്രേമികള്‍ക്ക് കഴിയണമെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാള സിനിമയുടെ സ്വപ്‌നസാക്ഷാത്കാരങ്ങള്‍ക്ക് രൂപം നല്‍കിയ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ റീലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ നിര്‍മ്മിക്കുന്നത് അതില്‍ നിന്നും കിട്ടുന്ന ലാഭത്തെയോ ചലച്ചിത്ര മേളകളെയോ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല; മറിച്ച് ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് സിനിമ എങ്ങനെ എത്തുന്നു എന്നതനുസരിച്ചാണെന്ന് അടൂര്‍ അഭിപ്രായപ്പെട്ടു. ഐഎഫ്എഫ്‌കെയോനുബന്ധിച്ചാണ് തിരുവനന്തപുരം നിള തീയേറ്ററില്‍ ചിത്രലേഖ ഫിലിം കോപ്പറേറ്റീവ് ലിമിറ്റഡ് എന്ന പേരില്‍ റീലോഞ്ച് സംഘടിപ്പിച്ചത്.

1965 ലാണ് തിരുവനന്തപുരം കേന്ദ്രമാക്കി ചിത്രലേഖ ഫിലിം സൊസൈറ്റി ആരംഭിക്കുന്നത്. കേരളത്തില്‍ ചലച്ചിത്ര സംസ്‌കാരം വളര്‍ത്തുക, ലോകസിനിമയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുക, ഗുണമേന്മയുള്ള സിനിമകള്‍ നിര്‍മ്മിക്കുകയും വിതരണം നടത്തുകയും ചെയ്യുക തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങള്‍. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായിരുന്ന ഈ ഫിലിം സൊസൈറ്റിയുടെ കീഴില്‍ ആരംഭിച്ച ചിത്രലേഖ ഫിലിം കോ ഓപ്പറേറ്റീവ് ചലച്ചിത്ര നിര്‍മ്മാണരംഗത്ത് മലയാളത്തിന്റെ മുദ്ര പതിപ്പിച്ചു.

ചിത്രലേഖയുടെ ആഭിമുഖ്യത്തില്‍ 'ഏകം' എന്ന പേരില്‍, ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമകളുടെ അന്താരാഷ്ട്ര മേള നടത്തുമെന്ന് റിലോഞ്ച് വേദിയില്‍ ചെയര്‍മാന്‍ ടോണി തോമസ് അറിയിച്ചു. ഒരു മിനിറ്റ്, ഒരു ആശയം, ഒറ്റ ശബ്ദം എന്ന ആശയമാണ് ഏകം മേള മുന്നോട്ടുവയ്ക്കുന്നത്.

സിനിമയുടെ പുതിയ ശബ്ദങ്ങളെ കണ്ടെത്തുന്നതിന് കേരളത്തില്‍ നിന്നുള്ള ക്ഷണമാണ് ഏകം ഒരുക്കുന്നത്. എന്തുകൊണ്ട് ഒരു മിനിറ്റ് മാത്രം എന്ന് ചോദിക്കുന്നവരോട് ഒരു മിനിറ്റില്‍ നിങ്ങള്‍ക്ക് ഒരു ഫ്രെയിമും ഒഴിവാക്കാന്‍ സാധിക്കില്ലെന്നും ഒരു മിനിറ്റില്‍ ഒരു ആശയത്തെ ഏറ്റവും ഫലപ്രദമായി ആവിഷ്‌കരിക്കാന്‍ സാധിക്കുമെന്നും ടോണി തോമസ് അഭിപ്രായപ്പെട്ടു.

അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു ചിത്രം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രലേഖ ഫിലിം കോപ്പറേറ്റീവ് ലിമിറ്റഡിന്റെ മുന്‍ അംഗം മീര സാഹിബ്, മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ദാമോദരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Bivin
Bivin  
Related Articles
Next Story