ഇത്തവണ ജോര്‍ജ് കുട്ടി കുടുങ്ങുമോ ?
നാലുവര്‍ഷത്തിനു ശേഷം വീണ്ടും ദൃശ്യം

ബി.വി. അരുണ്‍ കുമാര്‍
വ്യത്യസ്തമായ പ്രമേയവുമായി ക്രൈം ത്രില്ലര്‍ സിനിമ ദൃശ്യത്തിന്റെ മൂന്നാം ഭാഗം. ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ക്രൈം ത്രില്ലര്‍ സീരീസായ ദൃശ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളുടെയും പ്രമേയം വരുണ്‍ കൊലക്കേസ് അന്വേഷണമായിരുന്നെങ്കില്‍ ഇത്തവണ ചെറിയൊരു മാറ്റമാണ് വരുത്തുന്നത്. 2021 ഫെബ്രുവരിയിലാണ് ദൃശ്യം രണ്ടാം ഭാഗം ഇറങ്ങിയത്. നാലുവര്‍ഷത്തിനു ശേഷമാണ് ഇതിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നത്. ഈ നാലു വര്‍ഷത്തിനുള്ളില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചതെന്നാണ് പുതിയ സിനിമ പറയുന്നത്. ഭാര്യ റാണി ജോര്‍ജ്, മക്കളായ അഞ്ജു ജോര്‍ജ്, അനു ജോര്‍ജ് തുടങ്ങിയവരുടെ ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. റാണിയായി മീനയും അഞ്ജുവായി അന്‍സിബ ഹസനും അനുവായി എസ്തര്‍ അനിലുമാണ് വേഷമിട്ടത്. ആദ്യ രണ്ടു ഭാഗങ്ങളിലും അഞ്ജുവും അനുവും വിദ്യാര്‍ത്ഥികളായിരുന്നു. നാലുവര്‍ഷം കഴിയുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാറ്റങ്ങളും കലാലയ ജീവിതവും പുതിയ ഭാഗത്തില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. 2013 ഡിസംബര്‍ 19നാണ് ദൃശ്യം ആദ്യ ഭാഗം തിയേറ്ററുകളിലെത്തിയത്. ബോക്‌സോഫീസില്‍ വന്‍ ഹിറ്റായിരുന്നു ഈ ചിത്രം. മലയോര പ്രദേശത്തെ കര്‍ഷകനായ ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഇടുക്കി ജില്ലയിലെ രാജാക്കാട് കേബിള്‍ ടി.വി. സ്ഥാപനം നടത്തുകയാണ് ജോര്‍ജുകുട്ടി (മോഹന്‍ലാല്‍). ജോര്‍ജുകുട്ടി ഒരു സിനിമാ പ്രേമിയാണ്. അനാഥനായ ജോര്‍ജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും (മീന) മക്കളുമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോര്‍ജുകുട്ടിയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് ചലച്ചിത്രങ്ങളും അതിലെ ദൃശ്യങ്ങളുമാണ്. തങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ നാലംഗ കുടുംബം അസാധാരണമായൊരു പ്രതിസന്ധിയില്‍പെടുന്നു. ജോര്‍ജുകുട്ടിയുടെ കൗമാരക്കാരിയായ മകള്‍ അഞ്ജു ഒരു കൊലപാതകത്തിന് ഉത്തരവാദിയാകുന്നു. കൊല്ലപ്പെടുന്നത് പൊലീസ് ഐ.ജിയുടെ മകനും. ആ കുറ്റകൃത്യത്തില്‍ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താന്‍ നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോര്‍ജുകുട്ടി നടത്തുന്ന ബുദ്ധിപൂര്‍വമായ നീക്കങ്ങളാണ് സിനിമയുടെ പ്രമേയം.
ദൃശ്യം ആദ്യഭാഗത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കലാഭവന്‍ ഷാജോണിന്റെ സഹദേവന്‍ എന്ന കഥാപാത്രം പ്രേക്ഷകരെ ഭയപ്പെടുത്തി. നെഞ്ചിടിപ്പോടെ മാത്രമേ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കു. അത്രയ്ക്കും അസാധ്യമായാണ് ഷാജോണ്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യ ഭാഗത്ത് വളരെ വിദഗ്ധമായി ജോര്‍ജ് കുട്ടി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുന്നു. ഐജി ഗീതാ പ്രഭാകറിന്റെ മകനാണ് കൊല്ലപ്പെടുന്നത്. ഗീതയായി വേഷമിട്ടത് ആശാ ശരത്താണ്. ഭര്‍ത്താവായ പ്രഭാകര്‍ എന്ന വേഷം ചെയ്തത് സിദ്ദിഖായിരുന്നു.
ഈ ചിത്രത്തിന്റെ തുടര്‍ച്ചയായി 2021 ഫെബ്രുവരിയിലാണ് ദൃശ്യം രണ്ടാം ഭാഗം ഇറങ്ങിയത്. അന്ന് കോവിഡ് മഹാമാരി മൂലം തിയേറ്ററുകളിലേക്ക് ആളുകള്‍ കുറഞ്ഞതോടെ സിനിമ ഒടിടിയിലായിരുന്നു റിലീസ് ചെയ്തത്. ഈ ചിത്രവും വന്‍ ഹിറ്റായി മാറിയിരുന്നു. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു ദൃശ്യം രണ്ടും. ഐജിയുടെ മകന്റെ മരണം പൊലീസ് പുനരന്വേഷണം നടത്തുന്നതാണ് കഥ. പക്ഷേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാറ്റമുണ്ടായി. ആദ്യഭാഗത്ത് കലാഭവന്‍ ഷാജോണായിരുന്നു പേടിപ്പിക്കുന്ന കഥാപാത്രമായതെങ്കില്‍ രണ്ടാംഭാഗം വന്നപ്പോള്‍ മുരളി ഗോപി അവതരിപ്പിച്ച തോമസ് ബാസ്റ്റിനായിരുന്നു വില്ലന്‍. ഒരു കേസ് തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്തു മാര്‍ഗവും സ്വീകരിക്കും എന്നതിന്റെ ഉദാഹരണമായിരുന്നു തോമസ് ബാസ്റ്റിന്‍. എന്നാല്‍ ഈ കഥയുടെ അവസാനവും വിജയം ജോര്‍ജ് കുട്ടിക്കു തന്നെയായിരുന്നു.ആദ്യ രണ്ടു ഭാഗങ്ങളിലും ക്രൈം ത്രില്ലര്‍ കണ്ട പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ചെറിയൊരു മാറ്റം കൊണ്ടുവരാനാണ് സംവിധായകന്‍ ജീത്തു ജോസഫ് മൂന്നാം ഭാഗത്തിലൂടെ ശ്രമിക്കുന്നത്.
കൊച്ചി പൂത്തോട്ട ശ്രീനാരായണ കോളജിലാണ് സിനിമയുടെ പൂജ നടന്നത്. ഈ കോളേജ് തന്നെയാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നും. ജോര്‍ജ് കുട്ടിയുടെ മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സീനുകളാകാം ഇവിടെ ഒരുക്കുന്നതെന്നാണ് സൂചന.