ഹോയ് ഹോയ് പാട്ട് ഇനി കേൾക്കാനാവില്ല; വൈറൽ ഗാനം യൂട്യൂബ് നീക്കംചെയ്തു
പാകിസ്താനി ഗായകൻ ചാഹത്ത് ഫത്തേ അലി ഖാന്റെ വൈറൽ ഗാനം യൂട്യൂബ് നീക്കംചെയ്തു. ഖാന്റേതായി സോഷ്യൽ മീഡിയയിൽ വൈറലായ 'ബഡോ ബാഡി' എന്ന ഗാനമാണ് യൂട്യൂബിൽനിന്ന് പകർപ്പവകാശലംഘനം ചൂണ്ടിക്കാട്ടി നീക്കംചെയ്തത്. പ്രശസ്ത പാകിസ്താനി ഗായിക നൂർജഹാന്റെ ഗാനത്തിന്റെ കവർ പതിപ്പായിരുന്നു ചാഹത്ത് ഫത്തേ അലി ഖാന്റെ ആലാപനത്തിൽ ഏറെ ശ്രദ്ധനേടിയത്.വ്യാഴാഴ്ചയാണ് ഖാന്റെ ഗാനം യൂട്യൂബിൽനിന്ന് നീക്കിയത്.
28 മില്ല്യൺ പേരായിരുന്നു ഗാനം ഇതുവരെ കണ്ടത്. ടോക്ക് ഷോകളിലൂടെയും മറ്റും ശ്രദ്ധേയനായ ചാഹത് മുൻ ക്രിക്കറ്റ് താരം കൂടിയാണ്. നിരവധി മീമുകളിലൂടെ പ്രശസ്തനായ ആളാണ് ചാഹത് ഫത്തേ അലി ഖാൻ. റീൽസിലടക്കം അദ്ദേഹത്തിന്റെ ഈ പാട്ട് ട്രെൻഡായിരുന്നു. വജ്ധാൻ റാവു റംഘാർ എന്ന മോഡലാണ് ഗാനരംഗത്തിൽ ചാഹത്തിനൊപ്പം ചുവടു വച്ചത്. കാഷിഫ് റാണ എന്നാണ് 56-കാരനായ ചാഹത് ഫത്തേ അലി ഖാന്റെ യഥാർത്ഥ പേര്. ലാഹോറാണ് സ്വദേശം.
1973-ൽ പുറത്തിറങ്ങിയ 'ബനാർസി തഗ്' എന്ന ചിത്രത്തിലെ ഗാനമാണ് 'ബഡോ ബാഡി'. ഈ പാട്ടിന്റെ ഒരു ഭാഗമാണ് ചാഹത് ഖാൻ തന്റെ ശൈലിയിലാക്കി പാടിയത്. ശേഷം നിരവധി ആളുകൾ ഗാനം ഏറ്റെടുത്തു. സോഷ്യൽ മീഡിയകളിൽ ട്രെൻഡായിരുന്നു ഈ ഗാനം.