ദാവണിയുടുത്ത് സുന്ദരിയായി അമൃത സുരേഷ്; പാട്ടും വിഡിയോയും സൂപ്പറെന്ന് ആരാധകർ
എ.ആർ റഹ്മാൻ ഗാനത്തിന് കവർ വേർഷൻ ഒരുക്കി ഗായിക അമൃത സുരേഷ്. സംഗമം എന്ന ചിത്രത്തിനു വേണ്ടി എ.ആർ റഹ്മാൻ ഈണമൊരുക്കി ശങ്കർ മഹാദേവൻ ആലപിച്ച 'വരാഹ നദിക്കരൈ ഓരം' എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് അമൃത കവർ ഗാനം ഒരുക്കിയത്.
ആരാധക ഹൃദയം കവർന്ന എവർഗ്രീൻ റൊമാൻറ്റിക് ഗാനമായ 'വരാഹ നദിക്കരൈ ഓരം'എന്ന പാട്ടിലെ മെലഡിയിൽ കൂടുതൽ ശ്രദ്ധ കൊടുത്താണ് അമൃത കവർ പതിപ്പിൽ പാടിയിരിക്കുന്നത്. ഗൗതം വിൻസന്റ് അറേഞ്ച് ചെയ്ത ഗാനം അതീവ ഹൃദ്യമായി അമൃത പാടിയിരിക്കുന്നു.
ഏറെ പ്രിയപ്പെട്ട ഗാനത്തിന്റെ കവർ ഒരുക്കിയ അനുഭവം അമൃത സമൂഹമാധ്യമത്തിൽ പങ്കുവച്ചു. "വരാഹ നദിക്കര എന്ന ഗാനം എല്ലായ്പ്പോഴും എന്റെ ഇഷ്ടഗാനങ്ങളിലൊന്നാണ്. ആ പാട്ടിന്റെ ഫീമെയിൽ വെർഷൻ എങ്ങനെയുണ്ടാകുമെന്ന് നോക്കാമെന്ന് കരുതി ചെയ്തതാണ്. എന്റെ ആശയങ്ങൾക്ക് ജീവൻ നൽകിയ എന്റെ സംഘാംഗങ്ങൾക്ക് വലിയ നന്ദി. ഗൗതം വിൻസന്റ്... നിങ്ങൾ എപ്പോഴും എന്റെ കവർ പതിപ്പുകളെ നിങ്ങളുടെ മ്യൂസിക് അറേഞ്ച്മെന്റിലൂടെ അതിസുന്ദരമാക്കുന്നു," അമൃത കുറിച്ചു.