നിർബന്ധിത സൈനിക സേവനം കഴിഞ്ഞ് ബിടിഎസ് തിരിച്ചെത്തുന്നു ആവേശത്തിൽ ബിടിഎസ് ആർമി

കെ-പോപ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം. സൗത്ത് കൊറിയയിലെ ബോയ് ബാൻഡ് ഗ്രൂപ്പായ ബിടിഎസ് നിർബന്ധിത സൈനിക സേവനത്തിന് ശേഷം മടങ്ങിയെത്തുന്നു. ബിടിഎസിലെ എല്ലാ അംഗങ്ങളും ജൂണോടു കൂടി മടങ്ങിയെത്തും എന്ന വാർത്തയെ തുടർന്ന് അവരുടെ 'ഹോം കമിങിനായി' കാത്തിരിക്കുകയാണ് ബിടിഎസ് ആർമി. ബിടിഎസ് അംഗങ്ങളായ ആർ.എമ്മും വിയും ജൂണിലും ജിമിനും ജങ് കുക്കും ജൂൺ 11-നും സുഗ ജൂൺ 21-നും തിരിച്ചുവരുമെന്നാണ് ലഭിക്കുന്ന വിവരം. ജൂൺ മൂന്നാമത്തെ ആഴ്ചയോടെ ബിടിഎസിലെ എല്ലാം അംഗങ്ങളും വീണ്ടും ഒരുമിക്കും.
കൂടാതെ ബിടിഎസിന്റെ 12-ാമത് വാർഷികാഘോഷമാണ് ജൂൺ 13-ന് നടക്കുന്നത്. ഫാൻസിനായി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സൗത്ത് കൊറിയയിലെ ഗൊയാങിലെ കിൻടക്സ് എക്സിബിഷൻ സെന്ററിൽ ജൂൺ 13-നും 14-നുമാണ് വാർഷികാഘോഷ ചടങ്ങുകൾ 'ഫെസ്റ്റ 2025' നടക്കുന്നത്. ആരാധകർക്കും ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും.
ആരാധകർക്കായി സ്പെഷ്യൽ പരിപാടികളും ഗെയിം സോണുകളും മറ്റും ഒരുക്കിയിട്ടുണ്ട്. 2022 ഡിസംബർ മുതലാണ് ബിടിഎസിലെ അംഗങ്ങൾ മിലിറ്ററി സേവനത്തിനായി പോയത്. ജങ് കുക്ക്, വി, ജിമിൻ, സുഗ, ജിൻ, ജെ-ഹോപ്പ്, ആർ.എം. എന്നിങ്ങനെ ഏഴ് അംഗങ്ങളുള്ള ബിടിഎസ് ബാൻഡ് ഗ്രൂപ്പിന് ലോകത്തിലെ തന്നെ ഏറ്റവും ആരാധകരുള്ള ബാൻഡ് ഗ്രൂപ്പാണ്. സ്പോടിഫൈയിൽ മാസത്തിൽ 25.6 മില്യൺ കേൾവിക്കാരാണ് ബിടിഎസിനുള്ളത്. ഡയനമൈറ്റ്, ബട്ടർ, മൈ യൂണിവേഴ്സ് തുടങ്ങി നിരവധി പാട്ടുകൾ ബിടിഎസിന്റെ ഹിറ്റ് ലിസ്റ്റിൽ തന്നെയുണ്ട്.