സിനിമയിലെത്തിയിട്ട് 15 വർഷം: കുറിപ്പുമായി ഷാൻ റഹ്മാൻ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനം കവർന്ന സം​ഗീത സംവിധായകരിൽ ഒരാളാണ് ഷാൻ റഹ്മാൻ. മലയാളികളുടെ മനസിൽ എക്കാലവും തങ്ങി നിൽക്കുന്ന ഒരുപിടി മികച്ച ​ഗാനങ്ങൾ അദ്ദേഹമൊരുക്കിയിട്ടുണ്ട്. സിനിമ രം​ഗത്ത് അരങ്ങേറ്റം കുറിച്ചിട്ട് ഇന്നേക്ക് 15 വർഷമായെന്ന് പറയുകയാണ് ഷാൻ. തന്റെ പാട്ടുവഴിയിൽ കൂട്ടായി നിന്നവർക്കെല്ലാം സോഷ്യൽ മീഡിയയിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട് ഷാൻ.

15 വർഷം മുൻപ് ഈ ദിവസമാണ് എൻ്റെ ആദ്യ ചിത്രം ഈ പട്ടണത്തിൽ ഭൂതം പുറത്തിറങ്ങിയത്. സംവിധായകർ, സംഗീതജ്ഞർ, ഗായകർ, സൗണ്ട് എഞ്ചിനീയർമാർ, ഗാനരചയിതാക്കൾ... എൻ്റെ ഈ യാത്രയിൽ ഒപ്പം പ്രവർത്തിച്ച ഓരോ വ്യക്തികളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഓരോ സിനിമയും എനിക്ക് ഓരോ പാഠമായിരുന്നു. ഓരോ സിനിമയും ഓരോ അനുഭവമായിരുന്നു. ഞാൻ ആരെയും അസിസ്റ്റ് ചെയ്തിട്ടുമില്ല. നിങ്ങൾ എല്ലാവരും ഇഷ്‌ടപ്പെടുന്നതും വിലമതിക്കുന്നതുമായ ഗാനങ്ങൾ രചിക്കാനുള്ള പൂർണ്ണമായ ആഗ്രഹം എനിക്കുണ്ടായിരുന്നു- ഷാൻ റഹ്മാൻ കുറിച്ചു.


എ ആർ റഹ്മാനാണ് സംഗീതത്തിന്റെ ലോകത്തേക്ക് എത്താൻ പ്രചോദനമായത്. രാജേഷ് പിള്ള മുതൽ സത്യൻ അന്തിക്കാട്, മഹേഷ് നാരായണൻ, ലാൽ ജോസ്, ജോണി ആൻ്റണി, എം മോഹനൻ, ഷാഫി, രഞ്ജിത്ത് തുടങ്ങിയ നിരവധി മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. മമ്മൂട്ടി, മോഹൻലാൽ, കെപിഎസി ലളിത, ശോഭന, പൃഥ്വിരാജ്, ഫഹദ് ഫാസിൽ തുടങ്ങിയ അഭിനേതാക്കൾക്കൊപ്പവും വർക്ക് ചെയ്യാൻ ഭാഗ്യം ലഭിച്ചുവെന്നും ഷാൻ റഹ്മാൻ പറഞ്ഞു.

സുജാത ചേച്ചി മുതൽ പുതിയ ഗായകർ വരെ എനിക്കൊപ്പം വർക്ക് ചെയ്തു, ഗിരീഷ് പുത്തഞ്ചേരി ചേട്ടനും അനിൽ പനച്ചൂരാൻ ചേട്ടനും ഉൾപ്പടെയുള്ള എന്റെ ഗാനരചയിതാക്കൾ, നിങ്ങളോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും ഞാൻ വിലമതിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും നന്ദി. എന്നാൽ എല്ലാത്തിനുമുപരിയായി, ഞാൻ നന്ദി പറയേണ്ട ഒരാളുണ്ട്. അത് വിനീതാണ്. ഒരു സുഹൃത്തിനോട് നന്ദി പറയേണ്ടതില്ല. പക്ഷേ ചിലപ്പോഴൊക്കെ അത് ആവശ്യമാണ്. വിനീതിന് അത് ഇഷ്ടമാകില്ല, പക്ഷേ ഞാൻ ഇപ്പോൾ എന്തായോ അതിന് കാരണം അദ്ദേഹമാണ്. ലവ് യു മാൻ, നന്ദി - എന്നാണ് ഷാൻ റഹ്മാൻ സന്തോഷം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

Related Articles
Next Story