ശർക്കര പന്തലിൽ തേന്മഴ ചൊരിഞ്ഞ് ​ഗായിക എപി ​കോമള ആരുമറിയാതെ കടന്നു പോയി

ചെന്നൈ: സിനിമയിലും നാടകത്തിലുമായി മലയാളിക്ക് ഒരുപിടി അനശ്വര ​ഗാനങ്ങൾ സമ്മാനിച്ച പ്രസിദ്ധ പിന്നണി ​ഗായിക എപി കോമള ആരുമറിയാതെ കടന്നു പോയി. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അനു​ഗ്രഹീത ​ഗായിക ചെന്നൈയിൽ അന്തരിച്ചത്. പ്രശസ്ത ​ഗാന നിരൂപകൻ രവി മേനോൻ അവരുടെ മരണത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടപ്പോഴാണ് പലരും വിവരം അറിഞ്ഞത്.

ഏപ്രിൽ 26നാണ് അവർ മരണത്തിനു കീഴടങ്ങിയത്. ആന്ധ്ര സ്വദേശിയായ കോമള 1940കളിലാണ് ചെന്നൈയിലേക്ക് മാതാപിതാക്കൾക്കൊപ്പം കുടിയേറിയത്. പിന്നീട് വർഷങ്ങളായി ചെന്നൈ മടിപ്പാക്കത്തായിരുന്നു താമസം.

'ശർക്കര പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തി കുമാര'- എന്ന ഒരൊറ്റ നാടക ​ഗാനം മതി മലയാളിയുടെ മനസിൽ ആഴ്ന്നിറങ്ങിയ ആ ശബ്ദ​ മാധുരിയുടെ മഹത്വം അറിയാൻ. 'കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ കരിക്കു പൊന്തിയ നേരത്ത്' (ആദ്യ കിരണങ്ങൾ), 'വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കിൽ' (കുട്ടിക്കുപ്പായം) തുടങ്ങിയ ​ഗാനങ്ങളും പല തലമുറ പാടി വരുന്നു. നാടകത്തിൽ കെപിഎസി സുലോചന പാടിയ ​ഗാനങ്ങളാണ് പിൽക്കാലത്ത് കോമള റെക്കോർഡിങിൽ ആലപിച്ചത്.

പുതിയ ആകാശം പുതിയ ഭൂമിയിലെ 'ചാഞ്ചാടുണ്ണി ചെരിഞ്ഞാട്', മൂലധനത്തിലെ 'ഓണപ്പൂവിളിയിൽ ഊഞ്ഞാൽപ്പാട്ടുകളിൽ', 'വാർമഴവില്ലിന്റെ മാല കോർത്തു', കാക്കപ്പൊന്നിലെ 'മുത്തേ വാ മണിമുത്തം താ', ഡോക്ടറിലെ 'സർക്കാല കന്യകേ', സമർപ്പണത്തിലെ 'കാറ്റേ നല്ല കാറ്റേ' തുടങ്ങിയ ​ഗാനങ്ങളും ശ്രദ്ധേയം.

സിനിമയിൽ കോമള പാടിയ പാട്ടുകളുടെ എണ്ണം കുറവാണ്. എന്നാൽ രണ്ട് ദശകത്തോളം അവരുടെ സാന്നിധ്യമുണ്ടായിരുന്നു. 1973ൽ പുറത്തു വന്ന തനിനിറമെന്ന ചിത്രത്തിലാണ് കോമള അവസാനമായി പാടിയത്. പിന്നീട് അവർ ആകാശവാണിയിലെ ഔദ്യോ​ഗിക തിരക്കുകളിൽ മുഴുകുകയായിരുന്നു. അവിവാഹിതയാണ്.

Related Articles
Next Story