സിത്താരയ്ക്ക് അമേരിക്കയിലെത്തി സർപ്രൈസ് നൽകി ഭർത്താവും മകളും
അമേരിക്കയിലെത്തി ഗായിക സിത്താര കൃഷ്ണകുമാറിനു സർപ്രൈസ് നൽകി ഭർത്താവ് ഡോ.സജീഷും മകൾ സാവൻ ഋതുവും. ഏതാനും ദിവസങ്ങൾക്കു മുൻപാണ് സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് സിത്താര അമേരിക്കയ്ക്കു പോയത്. പിന്നാലെ സിത്താരയറിയാതെ ഭർത്താവും മകളും യാത്ര പുറപ്പെട്ടു. സംഗീതപരിപാടി കഴിഞ്ഞെത്തി മുറിയുടെ വാതിൽ തുറന്നപ്പോൾ അപ്രതീക്ഷിത അതിഥികളെ കണ്ട് സിത്താര ഞെട്ടി! സുഖമാണോ എന്നു ചോദിച്ച് സായു അമ്മയെ ആശ്ലേഷിച്ചു.
സിത്താരയ്ക്കു സർപ്രൈസ് ഒരുക്കിയതിനെക്കുറിച്ച് ഡോ.സജീഷ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ‘അങ്ങനെ അവർ അമേരിക്കയിൽ എത്തിയിരിക്കുകയാണ് സൂർത്തുക്കളേ’ എന്നാണ് കുറിപ്പിന്റെ തുടക്കം. സർപ്രൈസ് ഒരുക്കാൻ സഹായിച്ച സുഹൃത്തുക്കളെക്കുറിച്ചും സജീഷ് വിവരിച്ചു. ന്യൂയോർക്കിലെ ഗ്ലെൻ കോവ് എന്ന നഗരത്തിലെ വീട്ടിലാണ് സജീഷും സായുവും സിത്താരയെയും കാത്തിരുന്നത്. ആ നഗരത്തെയും അവിടെയുള്ള താമസത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ സജീഷ് പങ്കിട്ടു.
അപ്രതീക്ഷിതമായി ഭർത്താവിനെയും മകളെയും കണ്ടപ്പോഴുള്ള സിത്താരയുടെ ദൃശ്യങ്ങൾ സജീഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മകൾക്കൊപ്പം യാത്ര പുറപ്പെടുമ്പോൾ മുതലുള്ള ദൃശ്യങ്ങൾ കോർത്തിണക്കി മറ്റൊരു റീലും പങ്കുവച്ചു. സജീഷിന്റെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു വൈറലായി. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്.