'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ കോസ്റ്റ്യും ഡിസൈനര്‍
ന്നാ താന്‍ കേസ് കൊട് എന്ന ഹിറ്റ് സിനിമയുടെ സ്പിന്‍ ഓഫ് ചിത്രമായിരുന്നു ഈയ്യടുത്തിറങ്ങിയ സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ. ഇപ്പോഴിതാ ഈ സിനിമയുടെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് കോസ്റ്റിയൂം ഡിസൈനര്‍ ലിജി പ്രേമന്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ട് താന്‍ പരാതി നല്‍കിയെന്ന് ലിജി വ്യക്തമാക്കുന്നുണ്ട്.
ബറോസ്, രജനീകാന്ത് ചിത്രം വേട്ടയാന്‍ തുടങ്ങിയവയിലെ തന്റെ വര്‍ക്ക് കണ്ടാണ് രതീഷ് തന്നെ സമീപിക്കുന്നത്. 35 ദിവസത്തെ വര്‍ക്കായിരുന്നു പറഞ്ഞത്. പ്രതിഫലമായി ചോദിച്ചത് 2.25 ലക്ഷം രൂപയായിരുന്നു. അതില്‍ ഒരു ലക്ഷം മുന്‍കൂറായി രതീഷ് തരികയും ചെയ്തു. പ്രീപ്രൊഡക്ഷനും ഷൂട്ടിംഗുമായി 110 ദിവസമാണ് താന്‍ ഈ സിനിമയ്ക്കായി ജോലി ചെയ്തത്. പ്രീ പ്രൊഡക്ഷന്‍ സമയത്ത് തന്നെ സംവിധായകനില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ പ്രൊഡക്ഷന്‍ ടീം പറഞ്ഞത് അനുസരിച്ച് താന്‍ തുടരുകയായിരുന്നു എന്നാണ് ലിജി പറയുന്നത്.
സംവിധായകന്റെ ഈഗോയായിരുന്നു പ്രശ്‌നത്തിന്റെ കാരണം. തുടക്കം മുതല്‍ക്കെ വലിയ മാനസിക പീഡനം നേരിടേണ്ടി വന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നത് പോലെയായിരുന്നു സംവിധായകന്റെ പെരുമാറ്റമെന്നും ലിജി പറയുന്നു. ഇതോടെയാണ് താന്‍ സിനിമയില്‍ നിന്നും പിന്മാറുന്നത്. എന്നാല്‍ ഇതിനോടകം തന്നെ സിനിമയ്ക്ക് വേണ്ട വസ്ത്രങ്ങളെല്ലം താന്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് താന്‍ ഫെഫ്കയെ സമീപിച്ചു. സിനിമയുടെ ക്രെഡിറ്റില്‍ തന്റെ പേര് വെക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു ഫെഫ്കയെ സമീപിച്ചത്.
എന്നാൽ തനിക്ക് ലഭിക്കേണ്ട പ്രതിഫലം മുഴുവനും ലഭിച്ചിട്ടില്ല. ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ ക്രെഡിറ്റ് വെക്കാമെന്ന് പറഞ്ഞിരുന്നു. അതേസമയം തന്റെ പേര് ക്രെഡിറ്റില്‍ വെക്കുന്നതിനോട് നിര്‍മ്മാതാക്കള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നില്ല. പക്ഷെ സംവിധായകന്റെ പിടിവാശിയെ തുടര്‍ന്ന് ഒഴിവാക്കിയെന്നും ലിജി പറയുന്നു. സിനിമ പുറത്തിറങ്ങിയപ്പോള്‍ തന്റെ പേര് അസിസ്റ്റന്റ് എന്ന ലേബലിലാണ് വന്നത്. മറ്റൊരാളുടെ പേരായിരുന്നു കോസ്റ്റിയും ഡിസൈനറുടേതായി വച്ചിരുന്നത്. ഇത് തന്നെ അപമാനിക്കുന്നത് പോലെയാണ്. കുറേ വര്‍ഷങ്ങളായി താന്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നതാണ്. ഇതോടെയാണ് താന്‍ നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്നതെന്നാണ് ലിജി പറയുന്നത്.
തന്റെ പ്രതിഫലത്തില്‍ 75000 രൂപ കിട്ടാന്‍ ബാക്കിയുണ്ടെന്നും ലിജി പറയുന്നു. പരാതിയുമായി എറണാകുളം മുന്‍സിഫ് കോടതിയെയാണ് ലിജി സമീപിച്ചിരിക്കുന്നത്. എന്നാൽ ചിത്രം പ്രതീക്ഷിച്ച രീതിയിൽ ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. അത്തരം ഒരു സാഹചര്യര്യത്തിൽ ആണ് ഇപ്പോൾ ഒടിടി യിൽ റിലീസിനൊരുങ്ങുന്നു എന്ന വാർത്തയും പുറത്തു വരുന്നത്.