കണ്ണൂരിൽ നിന്ന് ഹോളിവുഡിലേക്ക്

മലയാളിയായ ഒരു പെൺകുട്ടിക്ക് ഹോളിവുഡിലേക്കും ഓസ്‌കറിലേക്കുള്ള ദൂരം എത്രയാണെന്ന് ചോദിച്ചാൽ സോണൽ നെരോത്ത് എന്ന കണ്ണൂരുകാരി ഇങ്ങനെ പറയും- ''മധുരതരമായ ഒരു സ്വപ്നം യാഥാർഥ്യമാകുന്നത്രയും എളുപ്പം.'' ഓസ്‌കർ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്ത ചിത്രങ്ങളുടെ ഭാഗമാണിപ്പോൾ സോണൽ നെരോത്ത്.

ഓസ്‌കർ നോമിനേഷൻ ലഭിച്ച 'പാസ്റ്റ് ലൈവ്‌സ്', 'മാര്യേജ് സ്റ്റോറി', 'മോജിൻ: ദി ലോസ്റ്റ് ലെജൻഡ്' തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകയായും കോഡിനേറ്ററായും ഇവർ പ്രവർത്തിച്ചു. ജൂലിയാൻ മൂറും മിഷേൽ വില്യംസും അഭിനയിച്ച 'ആഫ്റ്റർ ദി വെഡിങ്', പ്രശസ്ത ടി.വി. സീരീസ് 'സ്ലാവ' തുടങ്ങി നിരവധി പ്രോജക്ടുകളുടെ ഭാഗമായി. കലാസംവിധായിക, ഛായാഗ്രാഹക, ഫോട്ടോഗ്രാഫർ, സിനിമാ കോഡിനേറ്റർ, സംവിധായിക തുടങ്ങിയ റോളുകളിലെല്ലാം കഴിവ് തെളിയിച്ചു.

കണ്ണൂരിൽ സാധു ഗ്രൂപ്പ് പാർട്ട്ണർ എൻ.പി. ശ്രീകുമാറിന്റെയും രജിതയുടെയും മകളാണ് സോണൽ. ശീതൾ സഹോദരി. ബാല്യം ബെംഗളൂരുവിലായിരുന്നു. മാസ് കമ്യൂണിക്കേഷൻ പഠനത്തിനിടെയാണ് തന്റെ താത്പര്യങ്ങളെക്കുറിച്ച് സോണൽ മനസ്സിലാക്കുന്നത്. 2011-ൽ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ ഫിലിം മേക്കിങ് ആൻഡ് സ്‌ക്രീൻ റൈറ്റിങ് കോഴ്‌സിന് ചേർന്നു.

2012-ൽ പുറത്തിറങ്ങിയ 'ടംബ്ലിങ് ആഫ്റ്റർ' ആണ് ആദ്യ ഷോർട്ട് ഫിലിം. ചിത്രം അമേരിക്കൻ സ്പ്രിങ് ഓൺലൈൻ ഫിലിം അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു. പിന്നീട് ഹോളിവുഡ് ചിത്രങ്ങളിൽ കലാസംവിധായകയായും കോഡിനേറ്ററായും പ്രവർത്തിച്ചു. ടി.വി. ഫാന്റസി ചിത്രങ്ങളായ 'ദി സ്റ്റാറി നൈറ്റ്', 'ദി സ്റ്റാറി സീ' എന്നിവയുടെ കലാസംവിധായകയായി. ഗോൾഡൻ ഗ്ലോബ് നേടിയ പരമ്പരയായ 'റാമി'യുടെ ആർട്ട് കോഡിനേറ്ററും കലാസംവിധായകയുമാണ്.

കണ്ണൂരിൽ നിന്ന് ഹോളിവുഡിലേക്ക്2019-ൽ പുറത്തിറങ്ങിയ 'മാര്യേജ് സ്റ്റോറിയിലൂടെ സോണൽ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞവർഷം പുറത്തിറങ്ങിയ അമേരിക്കൻ റൊമാന്റിക് ഡ്രാമ ചിത്രമായ 'പാസ്റ്റ് ലൈവ്‌സി'ന് ഗോൾഡൻ ഗ്ലോബ് അവാർഡിൽ അഞ്ച് നോമിനേഷൻ ലഭിച്ചു. സോണൽകൂടി ഭാഗമായ ഈ ചിത്രത്തിന് ഓസ്‌കറിലെ മികച്ച ഒറിജിനൽ തിരക്കഥയ്ക്കും മികച്ച ചിത്രത്തിനുമുള്ള നോമിനേഷനുകളും ലഭിച്ചു.

Related Articles

Next Story