വേണ്ടിവന്നാൽ ഞാൻ രാഷ്‌ട്രീയത്തിൽ ഇറങ്ങും: ഗോകുൽ സുരേഷ്
സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സുരേഷ് ഗോപിയെ പുകഴ്‌ത്തിയവർ രാഷ്‌ട്രീയത്തിൽ ഇറങ്ങിയപ്പോൾ തിരിഞ്ഞത് തനിക്ക് ഞെട്ടൽ ഉണ്ടാക്കിയെന്ന് ഗോകുൽ സുരേഷ്. എന്നാൽ പരിഹാസങ്ങളെ അദ്ദേഹം കാര്യമായി എടുക്കാറില്ലെന്നും സ്വന്തം വഴിവെട്ടിയാണ് അച്ഛൻ മുന്നോട്ടുപോകുന്നതെന്നും ഗോകുൽ പറഞ്ഞു. തനിക്ക് രാഷ്‌ട്രീയത്തിൽ ഇറങ്ങാൻ തോന്നിയാൽ ഇറങ്ങുമെന്നും താരം വെളിപ്പെടുത്തി.
“ആദ്യതവണ മത്സരിക്കുമ്പോൾ തൃശ്ശൂർ അച്ഛൻ എടുക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നു. പക്ഷേ, അന്ന് എടുത്തില്ല. ഇതാണ് അതിന്റെ സമയം. ചവിട്ടു കിട്ടി താഴെ കിടക്കുന്ന ആൾ കയറി വരുമ്പോൾ ആണല്ലോ ആഘോഷിക്കാനും ആഘോഷിക്കപ്പെടാനും വകയുള്ളത്. അടികൊടുത്ത് ഇരുത്തിയ ജനങ്ങൾ തന്നെ അച്ഛനെ ഉയർത്തി. ആ രണ്ട് എക്സ്പീരിയൻസും അച്ഛന് വിധിച്ചിട്ടുണ്ടായിരിന്നിരിക്കണം”.
“സിനിമയിൽ അഭിനയിക്കുമ്പോൾ അച്ഛൻ നല്ല വ്യക്തിയാണെന്ന് പറഞ്ഞവർ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ നേരെ തിരിഞ്ഞു. ഇന്ത്യ തന്നെ നശിപ്പിക്കാൻ പോകുന്ന ഒരാളായിട്ടാണ് ചിത്രീകരിക്കാൻ തുടങ്ങിയത്. അപ്പോൾ അച്ഛൻ രാഷ്‌ട്രീയത്തിൽ വരേണ്ടതില്ലായിരുന്നു എന്ന് തോന്നിയിരുന്നു. ആദ്യം എനിക്ക് ഷോക്കായിരുന്നു. പിന്നെ മനസ്സിലായി, അച്ഛന്റെ കാര്യത്തിൽ മാത്രമല്ല എല്ലാവർക്കും ഇതുതന്നെയാണ് അവസ്ഥ. ആരെ വേണമെങ്കിലും സ്വിച്ച് ഇട്ടതുപോലെ നല്ലവനുമാക്കാം മോശക്കാരനുമാക്കാം”.
“അച്ഛന് ഒന്നും ഒരു വിഷയമല്ല. ആരെന്തു പറഞ്ഞു, പറഞ്ഞില്ല, സപ്പോർട്ട് ചെയ്തു, സപ്പോർട്ട് ചെയ്തില്ല, സ്നേഹിതൻ കുറ്റം പറഞ്ഞോ, ശത്രു നല്ലത് പറഞ്ഞോ ഇങ്ങനെ ഒന്നും അച്ഛൻ ചിന്തിക്കാറില്ല. അച്ഛൻ അദ്ദേഹത്തിന് ഒരു തനി വഴി വെട്ടി പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ആവശ്യമായി വന്നാൽ, പ്രായവും പക്വതയും എനിക്ക് വന്നെന്നു തോന്നിയാൽ ഞാനും രാഷ്‌ട്രീയത്തിൽ ഇറങ്ങിയേക്കാം. അത് ഈ രാഷ്‌ട്രീയം തന്നെ ആയിരിക്കണമെന്ന് നിർബന്ധവുമില്ല. രാജ്യത്തിന് ഗുണകരമാകുന്ന ഒരാളായി നമ്മൾ വരുമെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നതിൽ തെറ്റൊന്നുമില്ല. നിലവിൽ അങ്ങനെ ഒരു വിചാരവുമില്ല” -ഗോകുൽ സുരേഷ് പറഞ്ഞു.