വിവാദമായ ചുംബനം
ധുരന്ധർ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ നടി സാറാ അർജുനെ മുതിർന്ന നടൻ രാകേഷ് ബേദി ചുംബിച്ച സംഭവത്തിൽ വിവാദം.

ധുരന്ധർ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ നടി സാറാ അർജുനെ മുതിർന്ന നടൻ രാകേഷ് ബേദി ചുംബിച്ച സംഭവത്തിൽ വിവാദം. സംഭവത്തിന്റെ വീഡിയോ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുകയാണിപ്പോൾ. ഇതേത്തുടർന്ന് ആരോപണങ്ങളേയും വിമർശനങ്ങളേയും തള്ളിക്കളഞ്ഞ് രാകേഷ് ബേദി രംഗത്തെത്തി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വെറും വിഡ്ഢിത്തമാണെന്ന് അദ്ദേഹം പ്രതികരിച്ചു
ഇക്കഴിഞ്ഞ നവംബറിലാണ് ധുരന്ധറിന്റെ ട്രെയിലർ ലോഞ്ച് മുംബൈയിൽ നടന്നത്. രാകേഷ് ബേദി, മാധവൻ, അർജുൻ രാംപാൽ എന്നിവർ വേദിയിൽ നിൽക്കുമ്പോൾ നായികയായ സാറാ അർജുനെ വേദിയിലേക്ക് ക്ഷണിച്ചു. സാറ വേദിയിലെത്തുമ്പോൾ ആദ്യം സ്വീകരിക്കുന്നത് മാധവനാണ്. തുടർന്ന് സാറയെ സ്വീകരിച്ചത് രാകേഷ് ബേദിയാണ്. സാറയെ ആലിംഗനം ചെയ്യുന്നതിനിടെ രാകേഷ് അവരുടെ തോളിൽ ചുംബിക്കുകയായിരുന്നു. ഇതാണ് അദ്ദേഹത്തിനെതിരെ സൈബറാക്രമണം ഉണ്ടാവാനുള്ള കാരണം.
സാറ അർജുനുമായുള്ള തന്റെ ബന്ധം എപ്പോഴും ബഹുമാനത്തോടും സ്നേഹത്തോടും കൂടിയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ബേദി പറഞ്ഞു. "സാറയ്ക്ക് എൻ്റെ പ്രായത്തിൽ പകുതിയിൽ താഴെയാണ്. എന്റെ മകളായാണ് അഭിനയിക്കുന്നത്. ഷൂട്ടിനിടയിൽ ഞങ്ങൾ കാണുമ്പോൾ, മകൾ അച്ഛനോടെന്നപോലെ അവൾ എന്നെ കെട്ടിപ്പിടിക്കും. ഞങ്ങൾക്കിടയിൽ നല്ല സൗഹൃദവും അടുപ്പവും ഉണ്ട്. അത് സ്ക്രീനിലും പ്രതിഫലിക്കുന്നു. അന്നും ഇത് വ്യത്യസ്തമായിരുന്നില്ല. പക്ഷേ ആളുകൾ അവിടെയുള്ള സ്നേഹം കാണുന്നില്ല. ഒരു മുതിർന്നയാൾക്ക ഒരു പെൺകുട്ടിയോടുള്ള സ്നേഹം. കാണുന്നവരുടെ കണ്ണിലാണ് പ്രശ്നം, പിന്നെ എന്തു ചെയ്യാനാ?" ബേദി ചോദിച്ചു.
പരിപാടിയിൽ സാറയുടെ മാതാപിതാക്കൾ ഉണ്ടായിരുന്ന കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം ആരോപണങ്ങളുടെ അടിസ്ഥാനത്തെ ചോദ്യംചെയ്യുകയും ചെയ്തു. "ഒരു പൊതുവേദിയിൽ ഞാൻ എന്തിനാണ് അവളെ പരസ്യമായി ചുംബിക്കുന്നത്? അവളുടെ മാതാപിതാക്കൾ അവിടെയുണ്ടായിരുന്നു. ആളുകൾക്ക് ഭ്രാന്താണ്, അപ്പോൾ ഇത്തരം കാര്യങ്ങൾ പറയുന്നു. സോഷ്യൽ മീഡിയയിൽ വെറുതെ ഒരു പ്രശ്നം ഉണ്ടാക്കാൻ അവർ ശ്രമിക്കുന്നു."രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ പാകിസ്താനിലെ രാഷ്ട്രീയക്കാരനായ ജമീൽ ജമാലിയുടെ വേഷത്തിലാണ് രാകേഷ് ബേദി എത്തിയത്. ഇദ്ദേഹത്തിന്റെ മകളുടെ വേഷമാണ് സാറയ്ക്ക്. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, അർജുൻ രാംപാൽ, ആർ. മാധവൻ, സൗമ്യ ടണ്ഠൻ, ഡാനിഷ് പാണ്ടോർ എന്നിവരാണ് മറ്റ് വേഷങ്ങളിൽ.
