രൺവീറിന്റെ മുടി കാരണം തകർന്ന ബോംബെ വെൽവെറ്റ്
മോശം അനുഭവം തുറന്ന് പറഞ്ഞ് അനുരാഗ് കഷ്യപ്

സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ സ്വപ്‌നസിനിമയായിരുന്നു 'ബോംബെ വെൽവെറ്റ്'. ഒമ്പത് വർഷത്തോളമാണ് അദ്ദേഹം ആ സിനിമയുടെ പുറകെ നടന്നത്. തിരക്കഥ മാറ്റിയെഴുതിയും താരങ്ങളെ മാറ്റിയും ഒടുവിൽ ആ സിനിമ ചിത്രീകരിച്ചു. റൺബീർ കപൂർ, അനുഷ്‌ക ശർമ, കരൺ ജോഹർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായത്. പക്ഷേ ഇതൊന്നും സിനിമയുടെ പരാജയത്തിന്റെ ഭാരം കുറച്ചില്ല. 120 കോടി ബജറ്റിൽ നിർമിച്ച സിനിമയ്ക്ക് 43 കോടി രൂപയേ തിരിച്ചുപിടിക്കാനായുള്ളൂ. അത് നിർമാതാക്കളെ കടക്കെണിയിലാക്കുകയും ചെയ്തു.എന്നാൽ തന്റെ സ്വപ്‌നസിനിമയ്ക്കുവേണ്ടി പല വിട്ടുവീഴ്ചകളും ചെയ്യേണ്ടിവന്നുവെന്ന് പറയുകയാണ് സംവിധായകൻ അനുരാഗ് കശ്യപ്. സ്‌ക്രീനിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സിനിമ റൺബീർ കപൂറുമായുള്ള തന്റെ ബന്ധം വഷളാക്കിയെന്നും അദ്ദേഹം പറയുന്നു.സിനിമയെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വരുമ്പോഴെല്ലാം റൺബീറിനെ അത് അസ്വസ്ഥനാക്കി. അതുകേൾക്കുന്നതേ അദ്ദേഹത്തിന് ദേഷ്യമായിരുന്നു. എനിക്ക് തോന്നുന്നു റൺബീർ അതിൽ വളരെ അസ്വസ്ഥനായിരുന്നു, അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു, 'എന്തിനാണ് നിങ്ങൾ ബോംബെ വെൽവെറ്റിനെക്കുറിച്ച് സംസാരിക്കുന്നത്? അത് അവഗണിക്കൂ. സിനിമ വിജയിച്ചില്ല. പക്ഷേ നിങ്ങൾ എല്ലായ്‌പ്പോഴും അതിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല.' പക്ഷേ ആളുകൾ എപ്പോഴും എന്നോട് അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നു. അതെങ്ങനെ അവഗണിക്കും?'', അനുരാഗ് പറയുന്നു.
സിനിമയുടെ പരാജയം താനും താരങ്ങളും തമ്മിലുള്ള ബന്ധത്തെ എങ്ങനെ ബാധിച്ചുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. ''ഞങ്ങൾ അങ്ങനെ കാണാറൊന്നുമില്ലായിരുന്നു. ഇനി കണ്ടുകഴിഞ്ഞാൽ ഒന്ന് കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യും. തുടക്കത്തിൽ അവരെ എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം അത്രത്തോളം സ്‌നേഹവും വിശ്വാസവുമാണ് അവർ എന്നിൽ അർപ്പിച്ചത്. അതിൽനിന്നൊക്കെ പുറത്തുവരാൻ ഞാൻ കുറച്ചു സമയമെടുത്തു. പക്ഷേ, അപ്പോഴേക്കും പതുക്കെ ഞങ്ങൾ അകന്നിരുന്നു''ചിത്രം പരാജയപ്പെട്ടപ്പോൾ പലരും പല കാരണങ്ങളുമായി എത്തി. അതിൽ ചില വിചിത്രമായ കണ്ടെത്തലുകളുമുണ്ടായിരുന്നു. ''റൺബീറിന്റെ മുടി ചില പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ലെന്നൊക്കെയാണ് അവർ പറഞ്ഞത്. തികച്ചും അസംബന്ധമാണെന്നാണ് എനിക്ക് തോന്നിയത്. സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് ഒരാൾക്ക് പറയാം. പക്ഷേ നായകന്റെ മുടിയാണ് പ്രശ്‌നമായതെന്ന് എങ്ങനെ പറയാൻ പറ്റും. രൺവീർ സിങ്ങിനെ മനസ്സിൽ കണ്ടാണ് ഞാൻ ആ സിനിമയിലേക്കെത്തുന്നത്. പക്ഷേ വിതരണക്കാരും നിർമാതാക്കളും റൺബീർ കപൂർ വേണമെന്ന് നിർബന്ധിച്ചു. ''രൺവീർ സിങ്ങിന് വേണ്ടിയായിരുന്നു ഞാൻ തിരക്കഥ എഴുതിയത്. ആ സിനിമ തുടക്കത്തിൽ അത്ര ഉയർന്ന ബജറ്റിലുള്ളതായിരുന്നില്ല. പിന്നീടത് ഇത്ര ഉയർന്ന ബജറ്റിലേക്കെത്തിയതാണ്. ബജറ്റ് കൂടിയപ്പോൾ റൺബീർ കപൂർ വേണമെന്നും അവർ നിർബന്ധിച്ചു'', അദ്ദേഹം ഓർക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പേടിസ്വപ്‌നമെന്നാണ് പിന്നീടും അദ്ദേഹം 'ബോംബെ വെൽവെറ്റി'നെ വിശേഷിപ്പിച്ചത്
