ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായ അവതാരകൻ രാജേഷ് കേശവിന്റെ ആരോഗ്യനിലയെക്കുറിച്ച് വൈകാരിക കുറിപ്പുമായി സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മി
ചികിത്സാ ചെലവുകൾ ഭരിച്ചതാണ്, ചികിത്സയും നീണ്ടു പോയേക്കാം. പക്ഷെ ഒരു തിരിച്ചു വരവിന്റെ ആഘോഷം അവന്റെ ഉള്ളിൽ എവിടെയോ ഉണ്ടെന്നു അവസാനം കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നി. അന്നായിരിക്കും ഞങ്ങൾക്ക് ആഘോഷം

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായ അവതാരകൻ രാജേഷ് കേശവിന്റെ ആരോഗ്യനിലയെക്കുറിച്ച് വൈകാരിക കുറിപ്പുമായി സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മി. ചികിത്സാ ചെലവുകൾ ഭരിച്ചതാണെന്നും ചികിത്സ നീണ്ടു പോയേക്കാമെന്നും സുഹൃത്ത് പ്രതാപ് പറയുന്നു. തിരിച്ചുവരവിന്റെ ആഘോഷം രാജേഷിന്റെ ഉള്ളിലുണ്ടെന്ന് അവസാനം കണ്ടപ്പോൾ തങ്ങൾക്ക് തോന്നിയിരുന്നതായും പ്രാതാപ് ജയലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.പ്രതാപ് ജയലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്
'രാജേഷിന്റെ പുതുവർഷം, പുതുവത്സര തലേന്ന് രാജേഷിനെ കാണാൻ പോകുമ്പോൾ എന്റെ കൂടെ ഞങ്ങളുടെ സുഹൃത്ത് ജയ്‌യുമുണ്ടായിരുന്നു. അവൻ ആസ്‌ട്രേലിയയിൽ നിന്നും വന്നു നേരെ വെല്ലൂരിലേക്ക് ഒരുമിച്ചു പോകുമ്പോൾ ചെറിയ ആശങ്ക. ഊർജസ്വലനായ ചുറുചുറുക്കുള്ള രാജേഷിനെ നിശബ്ദനായി ബെഡിൽ കാണുമ്പോൾ സഹിക്കാൻ കഴിയുമോ എന്നോക്കെ ഉള്ള ചില സങ്കട വർത്തമാനം യാത്രയിലുടനീളം അവനെ പിന്തുടരുന്നതായി എനിക്ക് തോന്നി.
അവിടെ എത്തുമ്പോൾ രാജേഷിനെ തെറാപ്പിക്ക് കൊണ്ട് പോകാനുള്ള തിരക്കിലായിരുന്നു രൂപേഷും സിന്ധുവും. തെറാപ്പി റൂമിൽ ഞങ്ങളും കയറി. സുഹൃത്തുക്കളുടെ ശബ്ദം പരിചിതമായത് കൊണ്ടാവാം അവൻ തെറാപ്പിയിൽ നന്നായി സഹകരിച്ചു. ഡോക്ടർമാർക്കും തെറാപ്പിസ്റ്റിനും ഹാപ്പി ആയി. 'രാജേഷ് സാർ നൻപൻ വന്തല്ലേ.. നീങ്കൾ ഹാപ്പി ആയി അല്ലെ ' എന്നൊക്കെ തമിഴിലും ഇംഗ്ലീഷിലുമായി അവർ പറഞ്ഞു. രാജേഷ് ചുണ്ടനക്കി എന്തോ മറുപടി പറയാൻ ശ്രമിച്ചു.
രാജേഷിന്റെ ഓരോ ചെറിയ പ്രതികരണവും ഞങ്ങളിൽ ഉണ്ടാക്കുന്ന പ്രതീക്ഷ എത്ര വലുതാണെന്ന് അവൻ അറിയുന്നുണ്ടോ? നാല് മാസം കഴിഞ്ഞിരിക്കുന്നു ഇപ്പോൾ അവനോടൊപ്പം ആഘോഷിക്കേണ്ട ഓണവും, ക്രിസ്തുമസും, പുതുവർഷവും പെട്ടെന്ന് കടന്ന് പോയിരിക്കുന്നു. കാണേണ്ട സിനിമകളുടെ ലിസ്റ്റ് വീണ്ടും കൂടി.
ചികിത്സാ ചെലവുകൾ ഭരിച്ചതാണ്, ചികിത്സയും നീണ്ടു പോയേക്കാം. പക്ഷെ ഒരു തിരിച്ചു വരവിന്റെ ആഘോഷം അവന്റെ ഉള്ളിൽ എവിടെയോ ഉണ്ടെന്നു അവസാനം കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നി. അന്നായിരിക്കും ഞങ്ങൾക്ക് ആഘോഷം. ഞങ്ങളുടെ പുതു വർഷം ആ വരവിനായി കാത്തിരിപ്പാണ്.
എന്നിങ്ങനെ ആണ് ആ ഫെയ്സ് ബുക്ക് കുറിപ്പ്
