വൈറലായ് നാദിർഷയുടെ മാജിക് മഷ്‌റൂം എന്ന ചിത്രത്തിലെ ഗാനം
ആരാണേ ആരാണേ എന്ന ഗാനം റിമി ടോമിയും ചിത്രയും ഒരുമിച്ചാണ് പാടിയത്

കട്ടപ്പനയിലെ ഋത്വിക് റോഷന് ' ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്‌റൂം എന്ന ചിത്രത്തിലെ ഗാനം ഇപ്പോൾ വൈറലായ് മാറിയിരിക്കുകയാണ്. കെ.എസ് ചിത്രയും റിമി ടോമിയും ഒന്നിച്ച് ആദ്യമായി പാടിയ 'ആരാണേ ആരാണേ...' എന്ന് തുടങ്ങുന്ന ഗാനം വേറിട്ട രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മെല്ലെ തുടങ്ങുന്ന പല്ലവിയും കുറച്ചുകൂടി വേഗമേറുന്ന അനുപല്ലവിയും ഏറ്റവും ദ്രുതഗതിയിലാകുന്ന ചരണവുമാണ് ഈ ഗാനത്തെ വ്യത്യസ്തമാക്കിയിരിക്കുന്നത്. പാടുന്നവർക്ക് പാടി തിമിർക്കാനും, ആടുന്നവർക്ക് ആടി തിമിർക്കാനും പറ്റിയ ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എന്റർടൈൻമെന്റായി എത്തുന്ന ‘മാജിക് മഷ്റൂംസ്' ജനുവരി 23-ന് തിയേറ്ററുകളിൽ എത്തും.നാദിർഷ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് രാജീവ് ഗോവിന്ദനാണ്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഗാനരംഗത്തിൽ അക്ഷയയുടെ അസാധ്യമായ നൃത്തപ്രകടനം എടുത്തുപറയേണ്ടതാണ്. ഒരു പുരാണ കഥാപാത്രത്തിന്‍റെ വേഷത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും ഗാനരംഗത്തിലുണ്ട്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്.ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആൻറണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട് എന്നിവരാണ് പ്രധാന താരങ്ങൾ
