നാല്പത് വർഷത്തിൽ ഒരിക്കൽ പോലും തനിക്ക് നായികയാവാൻ സാധിച്ചില്ല എന്ന് നടി നീന ഗുപ്ത
തനിക്ക് വഴികാട്ടിയാവാൻ ഒരു ഗോഡ്മദറോ, ഗോഡ്ഫാദറോ ഇല്ലായിരുന്നുവെന്നും നീന പറയുന്നു

ബോളിവുഡിലെ ബോൾഡ് താരങ്ങളിലൊരാളാണ് നടി നീന ഗുപ്ത. സ്റ്റീരിയോടൈപ്പുകളെ തച്ചുടയ്ക്കുന്ന നീനയുടെ നിലപാടുകൾ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നാൽപതുവർഷത്തോളമായി സിനിമാ മേഖലയിലുള്ള തനിക്ക് ബോളിവുഡിൽ മുൻനിര നായികാവേഷം ലഭിക്കാത്തതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നീന.ഹ്യൂമൻസ് ഓഫ് ബോംബെയോട് സംസാരിക്കവേയാണ് നീന ഇതേക്കുറിച്ച് സംസാരിച്ചത്. ഇന്നത്തെ പല നായികമാരുമായി താരതമ്യപ്പെടുത്തുമ്പോൾ തനിക്കുകുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നുവെന്നും തന്നെ കാണാനും അവരേക്കാൾ നന്നായിരുന്നുവെന്നും നീന പറഞ്ഞു. ഇത്തരം ചിന്തകൾ വരും, പക്ഷേ ഇനിയെന്താണ് കാര്യമെന്നും നീന പറയുന്നു.മുൻനിര ഹിന്ദി ചിത്രങ്ങളിൽ തനിക്കൊരിക്കലും നായികാ വേഷം ലഭിച്ചിട്ടില്ലെന്നും നീന പറയുന്നു. തന്റെ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾപോലും അത്തരം അവസരങ്ങൾ ലഭിച്ചിട്ടില്ല. അതിൽ തന്റെ ഭാഗത്തുംതെറ്റുണ്ടെന്നും തനിക്കെപ്പോഴും ക്ഷമയുണ്ടായിരുന്നില്ലെന്നും നീന പറയുന്നു. മിക്കപ്പോഴും ആത്മാഭിമാനക്കുറവും ഉണ്ടായിരുന്നു, അതൊക്കെ തന്റെ വളർച്ചയ്ക്ക് തടസ്സമായി.
തനിക്ക് വഴികാട്ടിയാവാൻ ഒരു ഗോഡ്മദറോ, ഗോഡ്ഫാദറോ ഇല്ലായിരുന്നുവെന്നും നീന പറയുന്നു. ക്രമേണ ഈ ഇൻഡസ്ട്രി ഒരു ബിസിനസ്സ് ആണെന്ന് താൻ തിരിച്ചറിഞ്ഞു. അതിനെ വൈകാരികമായി സമീപിക്കരുതെന്ന് മനസ്സിലായെന്നും നീന കൂട്ടിച്ചേർക്കുന്നു.1980-കളുടെ തുടക്കത്തിലാണ് നീന ശ്രദ്ധേയമായ വേഷങ്ങളിലൂടെ ബോളിവുഡ് ലോകത്ത് സ്ഥാനം നേടുന്നത്. ടെലിവിഷൻ ഷോകളിലും നീന വേഷമിട്ടിട്ടുണ്ട്. ഏറെക്കാലം സഹനടിയുടെ വേഷങ്ങളിൽ മാത്രം ശ്രദ്ധിക്കപ്പെട്ടിരുന്ന നീന 2018-ൽ ബദായ് ഹോ എന്ന ചിത്രത്തിലൂടെ വൻതിരിച്ചുവരവ് നടത്തി. പഞ്ചായത്ത് എന്ന സീരീസിലെ നീനയുടെ പ്രകടനവും പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഫാഷൻ ഡിസൈനറും നടിയുമായ മസാബ ഗുപ്തയാണ് മകൾ.
