അവൾക്ക് ഞങ്ങളുണ്ട്—അവളുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും. എല്ലാത്തിലുമുപരി അവളുടെ സിനിമകളിലൂടെ അവൾ ഉണ്ടാക്കിയെടുത്ത പാരമ്പര്യമുണ്ട്... ആരാധകരുണ്ട്. അതുകൊണ്ട് നീ തകർപ്പനായി മുന്നേറൂ പെണ്ണേ.. മഞ്ജു വാര്യാരെ അഭിനന്ദിച്ച് നടി ശോഭന
ശാരദക്കുട്ടിയുടെ കുറിപ്പിലെ 'കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല' എന്ന പ്രയോഗത്തിനോട് വിയോജിച്ചാണ് ശോഭന കുറിപ്പ് ഇട്ടത്

അടുത്തിടെ മഞ്ജു വാര്യർ തന്റെ ബിഎംഡബ്ല്യു ബൈക്കിൽ ധനുഷ്കോടിയിലേക്ക് നടത്തിയ യാത്ര സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മഞ്ജുവിന്റെ ഈ കരുത്തിനെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പും അതിന് മലയാളത്തിന്റെ പ്രിയതാരം ശോഭന നൽകിയ മറുപടിയുമാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കവരുന്നത്.മഞ്ജു വാര്യർ എന്ന വ്യക്തിത്വത്തെയും അവരുടെ സ്വതന്ത്രമായ ജീവിതയാത്രയെയും അടയാളപ്പെടുത്തിക്കൊണ്ടാണ് ശാരദക്കുട്ടി കുറിപ്പ് പങ്കുവെച്ചത്. "ആണിനും വീടിനും കുടുംബത്തിനും സദാചാരബോധ്യങ്ങൾക്കും കടമകൾക്കും അച്ചടക്കങ്ങൾക്കും നിന്ദകൾക്കും വഴങ്ങാതെ പറന്നു നടന്നു ജീവിക്കുവാൻ കേരളം കണി കണ്ടുണരുന്ന പെണ്മ. കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീ," എന്നായിരുന്നു ശാരദക്കുട്ടിയുടെ നിരീക്ഷണം.ശാരദക്കുട്ടിയുടെ കുറിപ്പിലെ 'കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല' എന്ന പ്രയോഗത്തിനോടാണ് ശോഭന വിയോജിച്ചത്. മഞ്ജു ഒറ്റയ്ക്കല്ലെന്നും സ്നേഹിക്കാൻ ഒരു വലിയ ലോകം തന്നെ അവർക്കുണ്ടെന്നും ശോഭന ഓർമ്മിപ്പിച്ചു.ശോഭന കുറിച്ചതിങ്ങനെ: "മഞ്ജു ജിക്ക് ഒരു കുടുംബമുണ്ട്! മിക്ക ആളുകൾക്കുമുള്ളതിനേക്കാൾ വലിയ ഒന്നല്ലേ അത്? അവൾക്ക് ഞങ്ങളുണ്ട്—അവളുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും. എല്ലാത്തിലുമുപരി അവളുടെ സിനിമകളിലൂടെ അവൾ ഉണ്ടാക്കിയെടുത്ത പാരമ്പര്യമുണ്ട്... ആരാധകരുണ്ട്. അതുകൊണ്ട് നീ തകർപ്പനായി മുന്നേറൂ പെണ്ണേ... യാതൊരു തടസ്സങ്ങളുമില്ലാതെ ഒറ്റയ്ക്ക് യാത്ര തുടരൂ. കലയും നിന്റെ ബൈക്കും മാത്രം കൂട്ടിനുണ്ടാവട്ടെ. ലവ് യു ലോഡ്‌സ് ചേച്ചി.സിനിമയിലെ രണ്ട് ഇതിഹാസ താരങ്ങൾ തമ്മിലുള്ള ഈ പരസ്പര ബഹുമാനവും സ്നേഹവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നമ്മൾ തിരഞ്ഞെടുക്കുന്ന സുഹൃത്തുക്കളും നമ്മളെ സ്നേഹിക്കുന്ന ലോകവുമാണ് യഥാർത്ഥ കുടുംബമെന്ന ശോഭനയുടെ വാക്കുകൾക്ക് വലിയ കൈയടിയാണ് ലഭിക്കുന്നത്. ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോഴും കൂട്ടിന് ഒരുപാടുപേരുണ്ടെന്ന ഈ ഉറപ്പ് ഏതൊരു സ്ത്രീക്കും വലിയ കരുത്താണെന്ന് ആരാധകർ കമന്റ് ചെയ്യുന്നു.
