നടൻ നിവിൻ പോളിയെ വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ച നിർമ്മാതാവിനെതിരെ നടപടി എടുത്ത് കോടതി
ആക്ഷന്‍ ഹീറോ ബിജു-2’ എന്ന സിനിമയുടെ പേര് വ്യാജ രേഖയിലൂടെ സ്വന്തമാക്കിയെന്ന നിവിന്‍ പോളിയുടെ പരാതിയിലാണ് നടപടി

നടൻ നിവിൻ പോളിയെ വ്യാജക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നിർമാതാവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതി ചുമത്തിയത്. ‘ആക്ഷന്‍ ഹീറോ ബിജു-2’ എന്ന സിനിമയുടെ പേര് വ്യാജ രേഖയിലൂടെ സ്വന്തമാക്കിയെന്ന നിവിന്‍ പോളിയുടെ പരാതിയിലാണ് നടപടി.കോടതിയില്‍ വ്യാജ രേഖയും വ്യാജ സത്യവാങ്മൂലവും നല്‍കിയതിനും കോടതിയില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവച്ചതിനും ഭാരതീയ നീതി ന്യായ സംഹിതയിലെ 229, 236, 237 വകുപ്പുകള്‍ ചുമത്തിയാണ് പി.എസ് ഷംനാസിനെതിരെ കേസെടുത്തത്. വ്യാജ തെളിവുകള്‍ സമർപ്പിക്കുന്നത് കോടതിയെ കബളിപ്പിക്കുന്നതാണെന്ന് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.
കോടതിയില്‍ സത്യം അറിയിക്കേണ്ട പി.എസ് ഷംനാസ് മനപൂര്‍വം വ്യാജ വിവരങ്ങള്‍ നല്‍കിയെന്നും നിർമാതാവ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. കോടതിതല അന്വേഷണം നടത്തിയ ശേഷമാണ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തത്. നിവിന്‍ പോളിക്കായി ഹൈക്കോടതിയിലെ അഭിഭാഷകരായ ടി. സുകേഷ് റോയിയും മീര മേനോനും ഹാജരായി.കഴിഞ്ഞവർഷം ജൂലൈ 29നാണ് നടന്‍ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ നിര്‍മാതാവ് പി.എസ് ഷംനാസിനെതിരെ വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാ അവകാശവും നിവിന്‍ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ, തന്‍റെ വ്യാജ ഒപ്പിട്ട രേഖ ഫിലിം ചേംബറിൽ ഹാജരാക്കി സിനിമയുടെ പേരിന്‍റെ അവകാശം ഷംനാസ് സ്വന്തമാക്കിയെന്നാണ് പരാതി.നേരത്തെ, പോളി ജൂനിയര്‍ കമ്പനി, ചിത്രത്തിന്‍റെ ഓവര്‍സീസ് അവകാശം താനറിയാതെ മറ്റൊരു കമ്പനിക്ക് നല്‍കിയെന്നും ചിത്രത്തിന്‍റെ അവകാശം തനിക്കാണെന്നും കാണിച്ച് ഷംനാസ് നൽകിയ പരാതിയില്‍ നിവിന്‍ പോളിക്കെതിരെയും കേസെടുത്തിട്ടുണ്ട്. അന്ന് നിവിന്‍ പോളിക്കെതിരെ എഫ്.ഐ.ആര്‍ ഇടാന്‍ ഉത്തരവിട്ട അതേ കോടതിയാണ് ആ വിധി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിലൂടെ നേടിയതാണെന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷംനാസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്
