ബോളിവുഡിൽ എനിക്ക് അപ്രഖ്യാപിത വിലക്ക്; പിന്നിൽ വർഗീയതയെന്നും എ.ആർ. റഹ്മാൻ
ഇത്തരം അവഗണനകളിൽ താൻ തളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "എനിക്ക് അവസരങ്ങൾ കുറയുമ്പോൾ അത് കുടുംബത്തോടൊപ്പം വിശ്രമിക്കാനുള്ള അവസരമായി ഞാൻ കാണുന്നു. ഹിന്ദി സിനിമയിൽ നിന്ന് ജോലി കുറഞ്ഞാലും എന്റെ സംഗീതം തേടി ആളുകൾ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു

മുംബൈ: ബോളിവുഡ് സിനിമാ മേഖലയിൽ താൻ ബോധപൂർവം മാറ്റിനിർത്തപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി ഓസ്‌കാർ ജേതാവ് എ.ആർ. റഹ്മാൻ. തന്നെ സിനിമകളിൽ നിന്ന് ഒഴിവാക്കുന്നതിന് പിന്നിൽ വർഗീയമായ കാരണങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം തുറന്നടിച്ചു. ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് ബോളിവുഡിലെ മാഫിയാ പ്രവർത്തനങ്ങളെയും വിവേചനത്തെയും കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്.
കഴിഞ്ഞ എട്ടു വർഷത്തിനിടെ ഹിന്ദി സിനിമാ മേഖലയിലെ അധികാര കേന്ദ്രങ്ങളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് റഹ്മാൻ ചൂണ്ടിക്കാട്ടി. സർഗാത്മകതയുമായി ബന്ധമില്ലാത്ത ചില വ്യക്തികൾ സിനിമാ നിർമ്മാണത്തെ നിയന്ത്രിക്കാൻ തുടങ്ങിയതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. താൻ സംഗീതം നൽകേണ്ടിയിരുന്ന പ്രോജക്റ്റുകളിൽ നിന്ന് തന്നെ ഒഴിവാക്കി മറ്റ് അഞ്ചോളം പേരെ ആ സ്ഥാനത്ത് നിയമിക്കുന്നത് ഇപ്പോൾ പതിവ് രീതിയായി മാറിയിരിക്കുകയാണ്.
"തൊണ്ണൂറുകളിൽ ബോളിവുഡിൽ എത്തിയപ്പോൾ എനിക്ക് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ എട്ടു വർഷമായി സ്ഥിതി ഗതികൾ മാറി. എന്നെ ഒഴിവാക്കുന്നതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടക്കുന്നുണ്ട്. 'നിങ്ങളെയാണ് സംഗീത സംവിധാനത്തിന് നിശ്ചയിച്ചത്, എന്നാൽ നിർമ്മാണ കമ്പനി വേറെ അഞ്ചു പേരെ കൂടി നിയമിച്ചു' എന്ന മറുപടിയാണ് പലപ്പോഴും ലഭിക്കുന്നത്," റഹ്മാൻ പറഞ്ഞു.
ഇത്തരം അവഗണനകളിൽ താൻ തളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "എനിക്ക് അവസരങ്ങൾ കുറയുമ്പോൾ അത് കുടുംബത്തോടൊപ്പം വിശ്രമിക്കാനുള്ള അവസരമായി ഞാൻ കാണുന്നു. ഹിന്ദി സിനിമയിൽ നിന്ന് ജോലി കുറഞ്ഞാലും എന്റെ സംഗീതം തേടി ആളുകൾ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു. റഹ്മാന്റെ വെളിപ്പെടുത്തൽ ഇന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
