കോളയുടെ പരസ്യത്തിൽ അഭിനയിച്ച തമിഴ് നടൻ തല അജിത്തിന് രൂക്ഷ വിമർശനം
തന്റെ റേസിംഗ് ടീമിനെ വളർത്തുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അദ്ദേഹം ഈ പുതിയ പരസ്യ കരാർ ഏറ്റെടുത്തതെന്ന് കരുതപ്പെടുന്നു

രൂക്ഷവിമർശനങ്ങൾക്ക് വിധേയനായി തമിഴ് സൂപ്പർതാരം അജിത് കുമാർ. തന്റെ റേസിംഗ് ടീമിനെ സഹായിക്കുന്നതിനായി ഒരു കോളയുടെ പരസ്യത്തിൽ അഭിനയിച്ചതാണ് സംഭവം. ദീർഘകാലമായി സ്വന്തം സിനിമകളുടെ പ്രചാരണ പരിപാടികളിൽ നിന്നുപോലും വിട്ടുനിൽക്കുന്നയാളാണ് കോളയുടെ പരസ്യത്തിൽ അഭിനയിച്ചത് എന്നതാണ് വിമർശനമുയരാനുള്ള കാരണം. അജിത്തിന്റെ ഈ നീക്കം അദ്ദേഹത്തിന്റെ ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മാധ്യമങ്ങളിൽ നിന്നും സിനിമ പ്രൊമോഷനുകളിൽ നിന്നും പൂർണമായും അകലം പാലിക്കുന്ന വ്യക്തിയാണ് അജിത് കുമാർ. തന്റെ 'തുനിവ് ' എന്ന സിനിമയുടെ റിലീസ് സമയത്ത്, "നല്ല സിനിമയ്ക്ക് പ്രചാരണം ആവശ്യമില്ല, അത് സ്വയം പ്രചരിപ്പിക്കപ്പെടും" എന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ സ്വന്തം സിനിമകൾക്ക് പോലും നൽകാത്ത പ്രാധാന്യം ഒരു ശീതള പാനീയ ബ്രാൻഡിന്റെ പരസ്യത്തിന് നൽകിയത് അദ്ദേഹത്തിന്റെ മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്ന വാദങ്ങൾ ഉയരുന്നുണ്ട്.അജിത് കുമാർ റേസിംഗ് ടീമിന്റെ ഉടമ കൂടിയായ തമിഴ് സൂപ്പർതാരം, പത്രങ്ങളിലും സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ട ഈ പരസ്യത്തിലൂടെ തന്റെ ടീമിനെ പിന്തുണയ്ക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ അജിത്തിന്റെ ഈ പുതിയ നീക്കത്തോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. പ്രിയ താരത്തെ പരസ്യങ്ങളിൽ കാണാൻ കഴിഞ്ഞതിൽ ഒരു വിഭാഗം ആരാധകർ സന്തോഷം പ്രകടിപ്പിക്കുമ്പോൾ, മറ്റൊരു വിഭാഗം അദ്ദേഹത്തിന്റെ ഇരട്ടത്താപ്പിനെ വിമർശിക്കുന്നു. സിനിമയ്ക്ക് ഒരു നിയമവും ബിസിനസ്സിന് മറ്റൊരു നിയമവുമാണോ എന്ന് ചിലർ ചോദിക്കുന്നു.കഴിഞ്ഞ ഒരു വർഷമായി അജിത് കുമാർ തന്റെ സിനിമയും റേസിങ് കരിയറും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകുകയാണ്. റേസിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം ഒൻപത് മാസത്തോളം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. നിലവിൽ അബുദാബിയിൽ നടക്കുന്ന അന്താരാഷ്ട്ര കാർ റേസിങ് ചാമ്പ്യൻഷിപ്പുകളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. തന്റെ റേസിംഗ് ടീമിനെ വളർത്തുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അദ്ദേഹം ഈ പുതിയ പരസ്യ കരാർ ഏറ്റെടുത്തതെന്ന് കരുതപ്പെടുന്നു.റേസിങ് തിരക്കുകൾക്ക് ശേഷം അജിത് ഉടൻ തന്നെ സിനിമാ ചിത്രീകരണത്തിലേക്ക് മടങ്ങും. സംവിധായകൻ അധിക് രവിചന്ദ്രനൊപ്പമുള്ള പുതിയ സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുമുമ്പ് ഇരുവരും 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിൽ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഇതുതന്നെയാണ് അജിത്തിന്റേതായി ഒടുവിൽ പുറത്തുവന്ന ചിത്രവും.
