തെന്നിന്ത്യൻ താര സുന്ദരിയാവാൻ ഒരുങ്ങി സാറ അർജുൻ
'ധുരന്ധർ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് 19-കാരിയായ സാറാ അർജുൻ. ഇപ്പോഴിതാ സാറ പ്രധാന വേഷത്തിലെത്തുന്ന 'യൂഫോറിയ' എന്ന തെലുങ്ക് ചിത്രവും റിലീസിന് ഒരുങ്ങുകയാണ്

'ധുരന്ധർ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് 19-കാരിയായ സാറാ അർജുൻ. ഇപ്പോഴിതാ സാറ പ്രധാന വേഷത്തിലെത്തുന്ന 'യൂഫോറിയ' എന്ന തെലുങ്ക് ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു 19-കാരിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ചാണ് പറയുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ഹൈദരാബാദിൽ നടന്നു. ഈ ചടങ്ങിലും സാറയായിരുന്നു താരം. പിങ്കും ചുവപ്പും പർപ്പ്‌ളും നിറങ്ങൾ ചേർന്ന ദാവണിയായിരുന്നു സാറയുടെ ഔട്ട്ഫിറ്റ്. തെലുങ്കിൽ സംസാരിച്ച് ട്രെയ്‌ലർ ലോഞ്ചിനെത്തിയ ആരാധകരേയും അദ്ഭുതപ്പെടുത്തി.ഒരുപാട് നാളുകൾക്കുശേഷം തെലുങ്ക് പ്രേക്ഷകർക്ക് മുന്നിൽ നിൽക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഇവിടുത്തെ സംസ്‌കാരവും ആളുകൾ സ്വീകരിക്കുന്ന രീതിയുമെല്ലാം തനിക്ക് ഇഷ്ടമാണെന്നും സാറ പറഞ്ഞു. 'ഈ സിനിമ എല്ലാവരുമായി കണക്ട് ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വളരെ പ്രാധാന്യമുള്ള ഒരു സിനിമയാണ്.'-സാറ പറഞ്ഞു.
തനിക്ക് ഇഷ്ടമുള്ള തെലുങ്ക് താരത്തെ കുറിച്ചും അവർ സംസാരിച്ചു. 'ഒരുപാട് പേരുണ്ട്. എനിക്ക് അങ്ങനെ ഒരാളെ തിരഞ്ഞെടുക്കാൻ കഴിയില്ല. ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം വിജയ് ദേവരകൊണ്ടയെ ആണ്.'-സാറ വ്യക്തമാക്കി.അഭിനയം തന്റെ ജോലിയായി മുന്നോട്ട് കൊണ്ടുപോകുന്നത് ഒരു പ്രവിലേജ് ആണെന്ന് താൻ മനസിലാക്കുന്നുവെന്നും ഏറ്റവും നല്ല രീതിയിൽ അത് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ബാലതാരമായി വെള്ളിത്തിരയിലെത്തിയ സാറ 'ആൻമരിയ കലിപ്പിലാണ്' എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. 'ദൈവത്തിരുമകൾ' എന്ന ചിത്രത്തിൽ വിക്രമിനൊപ്പമുള്ള അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായിയുടെ കുട്ടിക്കാലം അവതരിപ്പിച്ചതും സാറയായിരുന്നു.
