പത്താം വിവാഹ വാർഷികം ആഘോഷിച്ച് അസിൻ

2016 ലായിരുന്നു അസിൻ മൈക്രോമാക്സ് സഹസ്ഥാപകനായ രാഹുൽ ശർമയെ പ്രണയിച്ചു വിവാഹം കഴിച്ചത്

മലയാളത്തിൽ ആരംഭിച്ച് തമിഴും തെലുങ്കും കടന്ന് ബോളിവുഡിലെത്തിയ നടിയാണ് അസിൻ. അസിനും ഭർത്താവും മൈക്രോമാക്സ് സഹസ്ഥാപകനുമായ രാഹുൽ ശർമയും തങ്ങളുടെ പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. വാർഷികത്തോടനുബന്ധിച്ച് അസിന്റെ ഇതുവരെ പുറത്തുവിടാത്ത ചിത്രങ്ങൾ രാഹുൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളുടെയെല്ലാം 'ഇൻക്രെഡിബിൾ കോ-ഫൗണ്ടർ' അസിനാണെന്ന് രാഹുൽ കുറിപ്പിൽ വിശേഷിപ്പിച്ചു. ‘10 സന്തോഷകരമായ വർഷങ്ങൾ... നമ്മുടെ വീടിനെയും എന്റെ ഹൃദയത്തെയും ഹൈ-ഗ്രോത്ത് സ്റ്റാർട്ടപ്പ് പോലെ നീ നയിക്കട്ടെ, നിന്റെ ജീവിതത്തിന്റെ സെറ്റിൽ എല്ലാദിവസവും ഞാൻ ഹാജരാകാം’- എന്നായിരുന്നു രാഹുലിന്റെ ഹൃദ്യമായ കുറിപ്പ്.ഗജിനി, റെഡി, ഹൗസ്ഫുൾ 2 തുടങ്ങിയ ചിത്രങ്ങളിലൂടെ 14 വർഷത്തോളം തെന്നിന്ത്യൻ-ബോളിവുഡ് സിനിമകളിൽ സജീവമായിരുന്ന അസിൻ, 2016 ജനുവരിയിൽ രാഹുൽ ശർമ്മയെ വിവാഹം കഴിച്ചതോടെയാണ് അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുന്നത്. ക്രിസ്ത്യൻ, ഹിന്ദു ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം. 2017-ൽ ഇവർക്ക് ആരിൻ എന്ന മകൾ ജനിച്ചു. വിവാഹശേഷം ക്യാമറക്കണ്ണുകളിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞുമാറി കുടുംബജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം.അസിൻ-രാഹുൽ പ്രണയകഥയിൽ നിമിത്തമായത് ബോളിവുഡ് താരം അക്ഷയ് കുമാർ ആണ്. ധാക്കയിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനിടെയാണ് അക്ഷയ് ഇരുവരെയും പരിചയപ്പെടുത്തിയത്. അസിൻ അഭിനയിച്ച ഹൗസ്ഫുൾ 2 എന്ന ചിത്രത്തിന്റെ പ്രൊമോഷനും അന്ന് അവിടെ നടക്കുന്നുണ്ടായിരുന്നു. ഇരുവരുടെയും പശ്ചാത്തലവും ജീവിതരീതികളും സമാനമാണെന്ന് തോന്നിയതിനാലാണ് അക്ഷയ് ഇരുവരുടെയും ഫോൺ നമ്പറുകൾ പരസ്പരം കൈമാറിയത്.

സിനിമയിൽ നിന്ന് വർഷങ്ങളായി വിട്ടുനിൽക്കുകയാണെങ്കിലും ഇന്നും വലിയ ആരാധകവൃന്ദമാണ് അസിനുള്ളത്. 2001-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെയാണ് അസിൻ സിനിമാരംഗത്തെത്തിയത്. പിന്നീട് എം.കുമരൻ സൺ ഓഫ് മഹലാക്ഷ്മിയിലൂടെ തമിഴ് സിനിമയിലും അസിൻ ചുവടുറപ്പിച്ചു. കമൽ ഹാസൻ, വിജയ്, അജിത്, സൂര്യ, പ്രഭാസ്, രവിതേജ, നാഗാർജുന, പവൻ കല്യാൺ, ആമിർ ഖാൻ, അക്ഷയ് കുമാർ തുടങ്ങി തമിഴിലേയും തെലുങ്കിലേയും ഹിന്ദിയിലേയും സൂപ്പർതാരങ്ങൾക്കൊപ്പം അസിൻ വേഷമിട്ടു.

Related Articles
Next Story