ചത്ത പച്ചയിൽ ലാലേട്ടനും ഉണ്ടോ ? മമ്മുക്ക ഉറപ്പെന്ന് അണിയറ പ്രവർത്തകർ.
ഇപ്പോൾ ലാലേട്ടനും അണിയറ പ്രവർത്തകരും ചേർന്ന് പുറത്ത് ഇറക്കിയ വീഡിയോ കണ്ട് വണ്ടറടിച്ചിരിക്കുകയാണ് ആരാധകർ

മലയാളത്തിൽ ആദ്യമായി ഡബ്ല്യൂ. ഇ സ്റ്റൈൽ ആക്ഷൻ–കോമഡി ചിത്രമായി ഒരുങ്ങുന്ന ‘ചത്താ പച്ച: റിങ് ഓഫ് റൗഡീസിന്റെ’ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. അർജുൻ അശോകൻ നായകനായെത്തുന്ന ചിത്രത്തിൽ സൂപ്പർതാരം മമ്മൂട്ടി കാമിയോ റോളിൽ പ്രത്യക്ഷപ്പെടുമെന്ന അഭ്യൂഹങ്ങളാണ് സിനിമയിലേക്കുള്ള ആകാംക്ഷ വർധിപ്പിക്കുന്നത്.
ഇന്നലെ ആരംഭിച്ച ചിത്രത്തിന്റെ ബുക്കിങ്ങിൽ തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തിയ സംഭവമുണ്ടായിരുന്നു. നടൻ മോഹൻലാൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തതാണ് ശ്രദ്ധേയമായത്. ഇതിന് പിന്നാലെ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാവുകയാണ്. എന്നാൽ ഇതുസംബന്ധിച്ച് അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ചിത്രത്തിന്റെ ട്രെയ്ലറിൽ അവസാനം പ്രത്യക്ഷപ്പെടുന്ന ‘വാൾട്ടർ’ എന്ന രഹസ്യ കഥാപാത്രത്തെക്കുറിച്ചാണ്. ഈ വേഷം മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നതെന്ന തരത്തിലുള്ള വാർത്തകൾ വിവിധ സിനിമാ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മമ്മൂട്ടി സെറ്റിലുണ്ടായിരുന്നുവെന്ന വിവരവും, കഥാപാത്രത്തിന്റെ കൈയിലുള്ള ചെയിനിനും മമ്മൂട്ടി മുൻപ് ധരിച്ചിരുന്ന ചെയിനിനുമിടയിലെ സാമ്യതയും ചൂണ്ടിക്കാട്ടിയാണ് ആരാധകർ ഈ നിഗമനത്തിലെത്തിയത്. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, റിലീസിന് മുൻപേ തന്നെ ആരാധകർ തങ്ങളുടെ ആഗ്രഹമനുസരിച്ച് ‘വാൾട്ടർ’ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചുകഴിഞ്ഞു.നവാഗത സംവിധായകൻ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രം നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചൊരു സിനിമയായിരിക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത് എന്നിവർ യഥാക്രമം, ലോക്കോ ലോബോ, വെട്രി, ചെറിയാൻ, ലിറ്റിൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിലെത്തുന്നത്.
