വിവാദങ്ങളിൽ എ ആർ റഹ്മാന് കൂട്ടായ് മക്കൾ

കഴിഞ്ഞ ദിവസം മുസ്ലീം ആയതു കൊണ്ട് ഹിന്ദി സിനിമയിൽ നിന്ന് മാറ്റി നിർത്തുന്നു എന്ന് എ ആർ റഹ്മാൻ പറഞ്ഞത് വലിയ വിവാദം ആയിരുന്നു

എ.ആർ. റഹ്മാൻ ബോളിവുഡിലെ വർഗീയ പ്രവണതകളെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. എന്നാൽ കടുത്ത വിമർശനങ്ങൾക്കിടയിലും അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മക്കളായ ഖദീജയും റഹീമയും, പ്രശസ്ത മലയാള സംഗീത സംവിധായകൻ കൈലാസ് മേനോനും രംഗത്തെത്തിയിരിക്കുകയാണ്.

ബോളിവുഡ് വ്യവസായത്തിൽ സമീപകാലത്തായി പ്രകടമാകുന്ന വർഗീയമായ മാറ്റങ്ങളെക്കുറിച്ച് റഹ്മാൻ സംസാരിച്ചതാണ് വിവാദങ്ങൾക്ക് ആധാരം. 'ഛാവ' എന്ന ചിത്രം വിഭജനത്തിന്റെ രാഷ്ട്രീയം മുതലെടുക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ റഹ്മാനെതിരെ കടുത്ത വ്യക്തിപരമായ അധിക്ഷേപങ്ങൾ.റഹ്മാനെ തമിഴ്നാടിനും ഇന്ത്യക്കും അപമാനമെന്ന് വിശേഷിപ്പിച്ച ഒരു കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് കൈലാസ് മേനോൻ പ്രതികരിച്ചത്. റഹ്മാന്റെ അഭിപ്രായങ്ങളോട് വിയോജിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും വിശ്വാസത്തെയും ചോദ്യം ചെയ്യുന്നത് അതിരുകടന്ന നടപടിയാണെന്നും കൈലാസ് പറഞ്ഞു.

‘തന്റെ അനുഭവങ്ങൾ തുറന്നുപറയാൻ റഹ്മാന് അവകാശമുണ്ട്. അതിനെ ആരോഗ്യപരമായ വിമർശനത്തിന് പകരം അധിക്ഷേപങ്ങൾ കൊണ്ടും സ്വഭാവഹത്യ കൊണ്ടും നേരിടുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ വിശ്വാസത്തെ പരിഹസിക്കുന്നതും കഴിഞ്ഞ കാലത്തെ നേട്ടങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതും അഭിപ്രായസ്വാതന്ത്ര്യമല്ല, മറിച്ച് വെറുപ്പ് പ്രചരിപ്പിക്കലാണ്. ഇന്ത്യൻ സംഗീതത്തെ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ എത്തിച്ച ഒരു കലാകാരനെ വ്യക്തിപരമായ അഭിപ്രായത്തിന്റെ പേരിൽ വേട്ടയാടുന്നത് നിർഭാഗ്യകരമാണ്’ -കൈലാസ് മേനോൻ സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. റഹ്മാന്റെ മകൾ റഹീമ കൈലാസ് മേനോന്റെ ഈ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.നേരിട്ടുള്ള മറുപടികളേക്കാൾ ഉപരിയായി, അദ്ദേഹത്തിന്റെ നിലപാടുകൾക്കും സമാധാനത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഗീത യാത്രക്കും പിന്തുണ നൽകുന്ന രീതിയിലായിരുന്നു റഹ്മാന്‍റെ മക്കളുടെ ഇടപെടലുകൾ. അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും പൊതുവേദികളിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ഈ സംഭവം വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. വിമർശനങ്ങൾ കടുത്തതോടെ റഹ്മാൻ തന്നെ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. താൻ ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും സംഗീതത്തിലൂടെ ഐക്യമുണ്ടാക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles
Next Story