വീണ്ടും തെലുഗു ചിത്രമായി അനശ്വര രാജൻ

അനശ്വര രാജൻ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം 'ഇട്ലു അർജുന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർഹിറ്റായ 'ചാമ്പ്യൻ' എന്ന ചിത്രത്തിന് ശേഷം അനശ്വര തെലുങ്കിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പുതുമുഖം അനീഷാണ് 'ഇട്ലു അർജുന'യിൽ അനശ്വരയുടെ നായകനായി എത്തുന്നത്.

നവാഗതനായ മഹേഷ് ഉപ്പള സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറാണ്. വെങ്കി കുടുമുലയാണ് ചിത്രത്തിന്റെ നിർമ്മാണം. തമൻ.എസ് സംഗീതസംവിധാനം നിർവഹിക്കുമ്പോൾ, രാജാ മഹേന്ദ്രനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

അതേസമയം, അനശ്വര രാജൻ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച 'ചാമ്പ്യൻ' എന്ന ചിത്രം ജനുവരി 23 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. റോഷൻ മേക്ക നായകനായ ഈ സ്പോർട്സ് ഡ്രാമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാര ജേതാവായ പ്രദീപ് അദ്വൈതമാണ്. സ്വപ്ന സിനിമാസ്, ആനന്ദി ആർട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് 'ചാമ്പ്യൻ' നിർമ്മിച്ചത്.

നന്ദമുരി കല്യാൺ ചക്രവർത്തി, നരേഷ്, വെണ്ണല കിഷോർ, രച്ച രവി, ലക്ഷ്മൺ മീസാല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. മിക്കി ജെ. മേയർ സംഗീതവും കോത്തഗിരി വെങ്കിടേശ്വരറാവു എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് പ്രദീപ് അദ്വൈതം തന്നെയാണ്.

Related Articles
Next Story