അന്ന് കാല് കവച്ചു വെക്കരുത്, ഉറക്കെ ചിരിക്കരുത്, ആൺകുട്ടികളോട് മിണ്ടരുത് എന്നായിരുന്നെങ്കിൽ, മുതിർന്നപ്പോൾ അതിന്റെ രൂപം മാറി എന്ന് മാത്രം. വയറലായി ബാല കൃഷ്ണന്റെ സോഷ്യൽ മീഡിയ പോസ്റ്റ്
ഇപ്പോഴിതാ സൈബറിടങ്ങളിലെ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സരിത. തന്റെ അഭിപ്രായം തന്റെ അവകാശമാണ്, അതു ആരുടേയും ഔദാര്യമല്ലെന്ന് സരിത വ്യക്തമാക്കുന്നു.

ഹാസ്യ താരമായും വില്ലത്തിയായുമൊക്കെ മിനിസ്ക്രീനിലും സ്റ്റേജ് ഷോകളിലുമൊക്കെ സജീവമായ താരമാണ് സരിത ബാലകൃഷ്ണന്‍. സമൂഹമാധ്യമങ്ങളിൽ സജീവമായ സരിത പങ്കുവെയ്ക്കുന്ന പോസ്റ്റുകളും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ സൈബറിടങ്ങളിലെ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സരിത. തന്റെ അഭിപ്രായം തന്റെ അവകാശമാണ്, അതു ആരുടേയും ഔദാര്യമല്ലെന്ന് സരിത വ്യക്തമാക്കുന്നു.
''ചെറുപ്പത്തിൽ തുടങ്ങിയതാണ് ഈ 'കെയറിങ്'. അന്ന് കാല് കവച്ചു വെക്കരുത്, ഉറക്കെ ചിരിക്കരുത്, ആൺകുട്ടികളോട് മിണ്ടരുത് എന്നായിരുന്നെങ്കിൽ, മുതിർന്നപ്പോൾ അതിന്റെ രൂപം മാറി എന്ന് മാത്രം.ഇന്നത് "ഒരു സ്ത്രീ ഇങ്ങനെയൊന്നും പറയാൻ പാടില്ല" എന്ന സ്നേഹോപദേശമാണ്. ഏറ്റവും വലിയ തമാശ എന്താണെന്നോ? നമ്മൾ നമ്മുടെ സ്വന്തം നിലപാടുകളും വിയോജിപ്പുകളും തുറന്നു പറയുമ്പോൾ, ഈ സ്‌നേഹനിധികളായ. ചിലർക്ക് അത് വിശ്വസിക്കാൻ പറ്റില്ല. "അയ്യോ! എന്റെ മോള് ഇങ്ങനെയൊന്നും പറയില്ല, ഇത് വേറെ ആരുടെയോ ബുദ്ധിയാണ്, നിന്നെക്കൊണ്ട് ആരോ പറയിപ്പിക്കുന്നതാണ്" എന്നൊരു വല്ലാത്ത കണ്ടുപിടുത്തം! അതായത്, സ്വന്തമായി ചിന്തിക്കാനും അഭിപ്രായം പറയാനും സ്ത്രീകൾക്ക് തലയിൽ ആൾതാമസമില്ല എന്ന് പറയാതെ പറയുകയാണ്.
ഇനി ഞാൻ പറഞ്ഞ കാര്യത്തിന് താഴെ ആരെങ്കിലും വന്ന് തെറിവിളിച്ചാലോ? കുറ്റം മുഴുവൻ എനിക്കാണ്."നീ അങ്ങനെ പറഞ്ഞതുകൊണ്ടല്ലേ അവൻ അശ്ലീലം പറഞ്ഞത്? മിണ്ടാതിരുന്നാൽ പോരായിരുന്നോ?"എന്ത് മനോഹരമായ ന്യായീകരണം! വഴിയിൽ നിൽക്കുന്നവൻ കൂവിയാൽ, കൂവിയവനല്ല കുഴപ്പക്കാരൻ, വഴിയിലൂടെ നടന്നവളാണ്. അവനെ ഉപദേശിക്കാൻ ഇവർക്ക് പേടിയാണ്, പക്ഷെ നമ്മളെ ഉപദേശിക്കാൻ 'സ്നേഹം' കൂടും. വിമർശനം കണ്ടാൽ പേടിക്കാനും, നാലാള് കൂടുന്നിടത്ത് മിണ്ടാതിരിക്കാനും, അനിയത്തിപ്രാവായി ജീവിക്കാനും പഠിപ്പിച്ച ആ പഴയ സ്കൂളിലെ സിലബസ് ഒക്കെ മാറി. ഇതൊന്നും ആരും അറിയാത്തതാണോ, അതോ അറിഞ്ഞിട്ടും അറിയാപിള്ളകൾ ആകുന്നതാണോ? എന്നായിരുന്നു സോഷ്യൽ മീഡിയയിൽ സരിത കുറിച്ചത്
