ഹൃദയം കീഴടക്കിയ ഗായകൻ അർജിത് സിംഗ് വിരമിച്ചു.

അതേസമയം ഇതിനകം കമ്മിറ്റ് ചെയ്തിട്ടുള്ള ഗാനങ്ങളെല്ലാം പൂര്‍ത്തിയാക്കുമെന്നും അതില്‍ പലതും വരും മാസങ്ങളില്‍ ആസ്വാദകര്‍ക്ക് മുന്നിലേക്ക് എത്തുമെന്നും അര്‍ജിത് സിംഗ് അറിയിച്ചിട്ടുണ്ട്

ചലച്ചിത്ര പിന്നണി ഗായകന്‍ എന്ന നിലയിലുള്ള കരിയര്‍ താന്‍ അവസാനിപ്പിക്കുകയാണെന്ന് പ്രശസ്ത ഹിന്ദി ഗായകനും സംഗീത സംവിധായകനും ഉപകരണ സംഗീത വാദകനുമായ അർജിത് സിംഗ്. ബോളിവുഡിലെ യുവ തലമുറ ഗായകരില്‍ ഏറ്റവും ശ്രദ്ധേയനായ അര്‍ജിത് കരിയറിലെ ഏറ്റവും മികച്ച സമയത്താണ് പിന്നണി ഗാനാലാപനത്തില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നടത്തിയിരിക്കുന്ന പ്രഖ്യാപനം സംഗീത ലോകത്തെയും ആരാധകരെയും ഒരേപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. 38-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപനം.സംഗീതലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം

വര്‍ഷങ്ങളോളം തനിക്ക് നല്‍കിയ നിലയ്ക്കാത്ത പിന്തുണയ്ക്കും സ്നേഹത്തിനും ആസ്വാദകര്‍ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട് അദ്ദേഹം. പിന്നണി ഗായകനായുള്ള കാലത്തെ ജീവിതത്തിന്‍റെ ഒരു മനോഹരഘട്ടം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അതില്‍ നിന്നുള്ള പിന്മാറ്റം അര്‍ജിത് സിംഗ് അറിയിച്ചിരിക്കുന്നത്. ഒരു പതിറ്റാണ്ടില്‍ ഏറെയായി ബോളിവുഡ് സംഗീത ശാഖയെ നിര്‍വ്വചിച്ച ശബ്ദങ്ങളില്‍ ഒന്നായിരുന്നു അര്‍ജിത് സിംഗിന്‍റേത്. അതേസമയം ഇത് പിന്നണി ഗാനരംഗത്തുനിന്ന് മാത്രമുള്ള പിന്മാറ്റമാണെന്നും സംഗീത മേഖലയില്‍ താന്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ഇന്‍ഡിപെന്‍ഡന്‍റ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കൂടുതല്‍ പഠിക്കാനും ഈണങ്ങള്‍ സൃഷ്ടിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം ഇതിനകം കമ്മിറ്റ് ചെയ്തിട്ടുള്ള ഗാനങ്ങളെല്ലാം പൂര്‍ത്തിയാക്കുമെന്നും അതില്‍ പലതും വരും മാസങ്ങളില്‍ ആസ്വാദകര്‍ക്ക് മുന്നിലേക്ക് എത്തുമെന്നും അര്‍ജിത് സിംഗ് അറിയിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ നായകനാവുന്ന ബാറ്റില്‍ ഓഫ് ഗല്‍വാനില്‍ അടക്കം അര്‍ജിത് പാടുന്ന ഗാനങ്ങള്‍ ഉണ്ട്.2005 ല്‍ നടന്ന ഫെയിം ഗുരുകുല്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അര്‍ജിത് സിംഗ് ആസ്വാദകശ്രദ്ധയിലേക്ക് എത്തുന്നത്. മര്‍ഡര്‍ 2 ലെ ഫിര്‍ മൊഹബത്ത് എന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ബോളിവുഡ് അരങ്ങേറ്റം. പിന്നീടിങ്ങോട്ട് നിരവധി ഹിറ്റുകള്‍ ആസ്വാദകര്‍ക്ക് അദ്ദേഹം നല്‍കി. രണ്ട് തവണ ദേശീയ പുരസ്കാരം നേടിയ അര്‍ജിത് സിംഗിനെ 2025 ല്‍ പത്മശ്രീ നല്‍കി രാഷ്ട്രം ആദരിച്ചു. വിവിധ ഭാഷകളിലായി മുന്നൂറിലേറെ ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്

Related Articles
Next Story