ഷാരൂഖിനും ആര്യൻ ഖാനുമെതിരെ സമീർ വാങ്കഡെ സമർപ്പിച്ച മാനനഷ്ടക്കേസ് തള്ളി
ആര്യൻ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ തന്നെ അപമാനിക്കാൻ ശ്രമിച്ചു എന്നായിരുന്നു കേസ്.

ആര്യൻ ഖാന്‍റെ നെറ്റ്ഫ്ലിക്സ് പരമ്പരയായ ദി ബാഡ്സ് ഓഫ് ബോളിവുഡിൽ തന്നെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് ഇന്ത്യൻ റവന്യൂ സർവീസ് (ഐ.ആർ.എസ്) ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ സമർപ്പിച്ച മാനനഷ്ടക്കേസ് ഡൽഹി ഹൈകോടതി തള്ളി. കേസ് പരിഗണിക്കാൻ പ്രാദേശിക അധികാരപരിധിയില്ലെന്ന് കോടതി വിധിച്ചു. ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അധികാരപരിധിയിലുള്ള ഒരു കോടതിക്ക് മുമ്പാകെ ഹാജരാക്കുന്നതിനായി പരാതി വാങ്കഡെക്ക് തിരികെ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ, സിവിൽ നടപടിക്രമ നിയമത്തിലെ ഓർഡർ VII റൂൾ 10 പ്രകാരം അപേക്ഷിക്കാൻ വാദിക്ക് സ്വാതന്ത്ര്യം നൽകി. ഈ വിധിയോടെയാണ് വാങ്കഡെയുടെ മാനനഷ്ടക്കേസ് പരിഗണിക്കാൻ ഹൈകോടതി വിസമ്മതിച്ചത്.പരമ്പരയിലെ ചില രംഗങ്ങൾ അപകീർത്തികരവും തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നതുമാണെന്ന് ആരോപിച്ചായിരുന്നു സമീർ വാങ്കഡെയുടെ പരാതി. പരമ്പരയിൽ നിന്ന് നീക്കം ചെയ്യുന്നത് ഉൾപ്പെടെ ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിനും ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിനുമെതിരെ ഇടക്കാല നിർദ്ദേശങ്ങൾ തേടിയാണ് വാങ്കഡെ കോടതിയെ സമീപിച്ചത്.
പരമ്പരയിലെ ഒന്നാം എപ്പിസോഡുമായി ബന്ധപ്പെട്ടാണ് കേസ്. അതിൽ വാങ്കഡെയുടെ രൂപത്തിനോടും പെരുമാറ്റരീതികളോടും വളരെ സാമ്യമുള്ള ഒരു കഥാപാത്രമുണ്ട്. ഹരജിയെ എതിർത്ത് റെഡ് ചില്ലീസ് എന്റർടൈൻമെന്റും നെറ്റ്ഫ്ലിക്സും കേസ് പരിഗണിക്കാൻ ഡൽഹി ഹൈകോടതിക്ക് പ്രാദേശിക അധികാരപരിധിയില്ലെന്ന് വാദിച്ചു.
മുതിർന്ന അഭിഭാഷകരായ നീരജ് കിഷൻ കൗളാണ് റെഡ് ചില്ലീസിനു വേണ്ടി ഹാജരായത്. രാജീവ് നയ്യാർ നെറ്റ്ഫ്ലിക്സിന് വേണ്ടി ഹാജരായി. വാങ്കഡെയുടെ വസതിയും റെഡ് ചില്ലീസിന്റെ രജിസ്റ്റർ ചെയ്ത ഓഫിസും മുംബൈയിലാണ് സ്ഥിതി ചെയ്യുന്നതെന്നും അതിനാൽ കേസ് മുംബൈയിലേക്ക് മാറ്റണമെന്നും അവർ വാദിച്ചു.
