സോഷ്യൽ മീഡിയയിൽ വൈറലായി കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വിവാഹ കത്ത്
44-ാം വിവാഹ വാർഷികദിനത്തിൽ കൈതപ്രം പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പാട്ടുകളിൽ പലപ്പോഴും കടന്നു വരാറുള്ള ദേവി, തന്റെ പ്രിയപത്നി തന്നെയാണെന്നാണ് കൈതപ്രം പറയുന്നത്. കല്യാണചിത്രത്തിനൊപ്പം കല്യാണക്കുറിയുടെ ചിത്രവും ഇപ്പോഴുള്ള ഫോട്ടോയുമൊക്കെ ഉൾപ്പെടുത്തിയാണ് കൈതപ്രത്തിന്റെ പോസ്റ്റ്

മലയാളസംഗീത ലോകത്തെ പ്രിയപ്പെട്ട പേരുകളിലൊന്നാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കവി, ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ, നടൻ, തിരക്കഥാകൃത്ത് തുടങ്ങി കൈവച്ച എല്ലാ മേഖലകളിലും തിളങ്ങിയ പ്രതിഭയാണ് കൈതപ്രം. 44-ാം വിവാഹ വാർഷികദിനത്തിൽ കൈതപ്രം പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പാട്ടുകളിൽ പലപ്പോഴും കടന്നു വരാറുള്ള ദേവി, തന്റെ പ്രിയപത്നി തന്നെയാണെന്നാണ് കൈതപ്രം പറയുന്നത്. കല്യാണചിത്രത്തിനൊപ്പം കല്യാണക്കുറിയുടെ ചിത്രവും ഇപ്പോഴുള്ള ഫോട്ടോയുമൊക്കെ ഉൾപ്പെടുത്തിയാണ് കൈതപ്രത്തിന്റെ പോസ്റ്റ്.വിജയകരമായ വിവാഹ ജീവിതം എന്നു ഞാൻ നിസ്സംശയം പറയും, ഞാനും എന്റെ പ്രിയതമ ദേവിയും തമ്മിൽ. എന്റെ ജീവിത വിജയം അന്നുമുതൽ ആരംഭിച്ചു. തൊഴിൽ, കല, സംഗീതം, സിനിമ, അവാർഡുകൾ, പത്മശ്രീ വരെയുള്ള വളർച്ച ദേവിക്കു കൂടി അവകാശപ്പെട്ടതാണ്. 15-ഓളം വർഷമായി തുടരുന്ന എന്റെ രോഗാവസ്ഥയെ നിയന്ത്രിച്ചു കൊണ്ടുപോകുന്നതും ഊർജം പകരുന്നതും അവളുടെ കൂടെ ശ്രമത്തിൽ തന്നെ.
എന്റെ മക്കൾ, അവരുടെ വിദ്യാഭ്യാസം, ജോലി, തുടങ്ങി ഗൃഹത്തിലെ മൂകാംബികാ ദേവിയുടെ കെടാവിളക്കു വരെ എല്ലാം തെളിച്ചു സൂക്ഷിക്കുന്നത് എന്റെ ദേവിയുടെ കയ്യൊതുക്കം തന്നെ.എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്. എന്റെ സുഹൃത്തുക്കൾ ശ്രീനി, സത്യൻ അന്തിക്കാട്, മുരളി, ലോഹി, സിബി മലയിൽ, ജയരാജ്, കമൽ തുടങ്ങിയവരെല്ലാം കുടുംബസുഹൃത്തുക്കളാണ്. ദേവി അവരുടെയൊക്കെ സഹോദരിയാണ്. ദാസേട്ടനും ഞങ്ങളുടെ വീട്ടിൽ പലപ്രാവശ്യം വന്ന് ഈ വീടിന്റെ ദേവിയുടെ ആതിഥ്യം സ്വീകരിച്ച് സന്തോഷിച്ചിട്ടുണ്ട്. ഈ വാർഷികത്തിന്റെ നേട്ടം പ്രിയതമയ്ക്ക് തന്നെ സമർപ്പിക്കുന്നു.സ്നേഹപൂർവ്വം," കൈതപ്രം കുറിച്ചു.
