വിവാഹ ബന്ധം തകരാനുള്ള കാരണം വ്യക്തമാക്കി സീമ സജദേ

1998-ൽ സൊഹൈൽ ഖാനൊപ്പം ഒളിച്ചോടി വിവാഹം കഴിക്കുന്നതിന് മുൻപ് സീമയുടെ നിശ്ചയം കഴിഞ്ഞിരുന്ന വിക്രം അഹൂജയുമായി നിലവിൽ സീമ പ്രണയത്തിലാണ്

പ്രമുഖ ഡിസൈനറും നെറ്റ്ഫ്‌ളിക്‌സ് ഷോയിലെ താരവുമാണ് സീമ സജദേ. നടൻ സൊഹൈൽ ഖാനുമായുള്ള വിവാഹബന്ധം വേർപെടുത്തി വർഷങ്ങൾക്ക് ശേഷം, തങ്ങളുടെ വേർപിരിയലിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സീമ. 1998-ൽ വിവാഹിതരായ ഇവർ 2022-ലാണ് ബന്ധം അവസാനിപ്പിച്ചത്. നിർവാൻ, യോഹാൻ എന്നീ രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സഹോദരനാണ് സൊഹൈൽ ഖാൻ.പ്രായവും സമയവും വ്യക്തിപരമായ വളർച്ചയും എങ്ങനെയാണ് തങ്ങൾക്കിടയിൽ അകൽച്ചയുണ്ടാക്കിയതെന്ന് സീമ പറയുന്നു. വിവാഹിതരാകുമ്പോൾ തങ്ങൾ രണ്ടുപേരും വളരെ ചെറുപ്പമായിരുന്നുവെന്നും കാലത്തിനനുസരിച്ച് ജീവിതവും മനുഷ്യരും എങ്ങനെ മാറുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ലെന്നും ഉഷാ കക്കാഡെ പ്രൊഡക്ഷൻസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.വിവാഹിതരാകുമ്പോൾ ഞങ്ങൾക്ക് പ്രായം കുറവായിരുന്നു. എനിക്ക് വെറും 22 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പ്രായമാകുന്തോറും ഞങ്ങൾ രണ്ട് ദിശകളിലേക്ക് വളർന്നു. ഞങ്ങളുടെ ചിന്തകൾ മാറി. ഒടുവിൽ, ഭാര്യാഭർത്താക്കന്മാരേക്കാൾ നല്ല സുഹൃത്തുക്കളാണ് ഞങ്ങളെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു," സീമ പറഞ്ഞു.

തിടുക്കത്തിൽ എടുത്ത തീരുമാനമല്ല ഇതെന്നും ഏറെ ആലോചനകൾക്ക് ശേഷമാണ് വേർപിരിയാൻ തീരുമാനിച്ചതെന്നും സീമ കൂട്ടിച്ചേർത്തു. സന്തോഷമില്ലാതെ ഒരുമിച്ച് കഴിയുന്നതിനേക്കാൾ വീട്ടിലെ സമാധാനത്തിനാണ് താൻ മുൻഗണന നൽകിയത്. "ദിവസവും വഴക്കിടുന്നതിനേക്കാൾ നല്ലത് വേർപിരിയുന്നതായിരുന്നു. വീട്ടിലെ അന്തരീക്ഷം മോശമാക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. എന്നും തല്ലുകൂടുന്നതിനേക്കാൾ നല്ലത് വേർപിരിയുന്നതാണെന്ന് തോന്നി. ഞങ്ങൾ സൗഹൃദപരമായാണ് പിരിഞ്ഞത്, പക്ഷേ ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ മാത്രം. ഇന്നും ഞങ്ങൾ ഒരു കുടുംബമാണ്. അദ്ദേഹം എന്റെ കുട്ടികളുടെ പിതാവാണ്, അതിന് ഒരിക്കലും മാറ്റം വരില്ല."വിവാഹമോചനം തന്നിലും മക്കളിലും ഉണ്ടാക്കിയ വൈകാരിക ആഘാതത്തെക്കുറിച്ചും സീമ സംസാരിച്ചു. അതൊരിക്കലും എളുപ്പമുള്ള ഘട്ടമായിരുന്നില്ലെന്നും മാനസികമായി സുഖപ്പെടാൻ സമയമെടുത്തുവെന്നും അവർ പങ്കുവെച്ചു. "ഒരു സ്ത്രീയും വിവാഹമോചനം സ്വപ്നം കാണാറില്ല. ഞാൻ വിഷാദരോഗത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്റെ മക്കളും അങ്ങനെ തന്നെയാകണം. ഈ തീരുമാനത്തിൽ എത്താൻ ഞങ്ങൾക്ക് വർഷങ്ങളെടുത്തു. ശരിയായ സമയത്തിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു, പ്രത്യേകിച്ച് ഞങ്ങളുടെ മക്കൾക്ക് വേണ്ടി."

ആരാണ് അന്തിമ തീരുമാനമെടുത്തത് എന്ന ചോദ്യത്തിന്, ആരെയും കുറ്റപ്പെടുത്താനില്ലെന്ന് സീമ വ്യക്തമാക്കി. "അത് വലിയ അനീതിയാണ്. ഒരു ബന്ധത്തിൽ രണ്ട് പേരുണ്ട്. അത് മുന്നോട്ട് കൊണ്ടുപോകുന്നതിലും പരാജയപ്പെടുന്നതിലും രണ്ട് പേർക്കും ഉത്തരവാദിത്തമുണ്ട്. ഞങ്ങൾ ഒരിക്കലും ഈ തീരുമാനത്തെ നിസ്സാരമായി കണ്ടിട്ടില്ല. മക്കളെ മുൻനിർത്തിയാണ് ഞങ്ങൾ ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിവാഹിതരാകുമ്പോൾ ഞങ്ങൾ കുട്ടികളായിരുന്നു, അതിൽ ആരുടെയും തെറ്റില്ല," സീമ പറഞ്ഞു.

വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തിൽ പ്രായോഗികമായ കാര്യങ്ങൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് സീമ വെളിപ്പെടുത്തി. "ഒറ്റപ്പെട്ടുപോകുമോ എന്ന് എനിക്ക് പേടിയായിരുന്നു. മൊബൈൽ ബില്ലുകൾ അടയ്ക്കുന്നതിനെക്കുറിച്ചോ ബാങ്കിങ്ങിനെക്കുറിച്ചോ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചോ എനിക്ക് ഒന്നും അറിയില്ലായിരുന്നു. വിവാഹത്തിന് മുൻപ് എന്റെ അച്ഛനും വിവാഹശേഷം സൊഹൈലുമാണ് ഈ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. പെട്ടെന്നൊരു ദിവസം ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങി എല്ലാ കാര്യങ്ങളും എനിക്ക് പഠിക്കേണ്ടി വന്നു. ഒരു സിംഗിൾ വുമൺ എന്ന നിലയിൽ, ഇപ്പോൾ എനിക്ക് എന്റെ ബിസിനസ്സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, സ്വന്തം ബില്ലുകൾ അടയ്ക്കണം, കുട്ടികളെ നോക്കണം. മക്കൾക്കായി ഞങ്ങൾ രണ്ടുപേരും തുല്യ സമയം ചെലവഴിക്കുന്നതിനാൽ സമയക്രമീകരണം വിവാഹമോചനം എന്നെ പഠിപ്പിച്ചു," അവർ പറഞ്ഞു.

1998-ൽ സൊഹൈൽ ഖാനൊപ്പം ഒളിച്ചോടി വിവാഹം കഴിക്കുന്നതിന് മുൻപ് സീമയുടെ നിശ്ചയം കഴിഞ്ഞിരുന്ന വിക്രം അഹൂജയുമായി നിലവിൽ സീമ പ്രണയത്തിലാണ്.

Related Articles
Next Story