സംഗീതസംവിധായകൻ എസ്പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നൂറിലേറെ സിനിമകള്‍ക്ക് സംഗീതമൊരുക്കിയ വെങ്കിടേഷ് മലയാളത്തിലെ പ്രിയഗാനങ്ങളുടെ ശില്‍പിയായി അറിയപ്പെടുന്നു

സംഗീതസംവിധായകൻ എസ്പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നൂറിലേറെ സിനിമകള്‍ക്ക് സംഗീതമൊരുക്കിയ വെങ്കിടേഷ് മലയാളത്തിലെ പ്രിയഗാനങ്ങളുടെ ശില്‍പിയായി അറിയപ്പെടുന്നു. വിണ്ണിലെ ഗന്ധർവ വീണകൾ, ശാന്തമീ രാത്രിയിൽ, തളിർവെറ്റിലയുണ്ടോ, പാതിരാക്കിളി വരൂ തുടങ്ങിയ ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീതസംവിധായകനാണ് വിടപറഞ്ഞത് . അഞ്ഞൂറിലേറെ സിനിമകള്‍ക്ക് സംഗീതമൊരുക്കി.

ഗിറ്റാറിസ്റ്റായി 1971ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. 'പ്രേമയുദ്ധ' എന്ന തെലുങ്ക് ചിത്രത്തിലൂടെ 1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.മലയാള സിനിമയിൽ രാഘവന്‍ മാസ്റ്റര്‍ ഉൾപ്പെടെയുള്ള സംഗീതജ്ഞർക്കൊപ്പം വെങ്കടേഷ് മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടാറായും പ്രവർത്തിച്ചു. സത്യന്‍ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലന്‍ എം.എയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമകളില്‍ സംഗീത സംവിധായകനായി സജീവമാകുന്നത്. ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമായിരുന്നു എസ്.പി വെങ്കടേഷിനെ മലയാളത്തില്‍ കൂടുതല്‍ പരിചിതനാക്കിയത്. തമ്പി കണ്ണന്താനത്തിന്റെ 'രാജാവിന്റെ മകനിലെ' സംഗീതവും പശ്ചാത്തല സംഗീതവും മലയാളികളെ അത്രമേല്‍ ത്രസിപ്പിച്ചു.

തൊണ്ണൂറുകളോടെ എസ്.പി വെങ്കടേഷ് മലയാളത്തില്‍ തിളങ്ങി. രാജാവിന്റെ മകന്‍, വിളംബരം, വഴിയോരക്കാഴ്ചകള്‍, ദൗത്യം, ഭൂമിയിലെ രാജാക്കന്‍മാര്‍, വ്യൂഹം, കുട്ടേട്ടന്‍, അപ്പു (പശ്ചാത്തല സംഗീതം), മഹായാനം (പശ്ചാത്തല സംഗീതം), നാടോടി, കാഴ്ചയ്ക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, കിലുക്കം, ജോണി വാക്കര്‍, ദേവാസുരം(പശ്ചാത്തല സംഗീതം), ധ്രുവം, വാല്‍സല്യം, പൈതൃകം, സൈന്യം, സോപാനം, മിന്നാരം, മാന്നാര്‍ മത്തായി സ്പീക്കിങ്, മാന്ത്രികം, സ്ഫടികം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം ഭാഗമായിരുന്നു.

Related Articles
Next Story