അപ്പോക്കലിപ്‌റ്റോ താരം ജെറാർഡോ ടെരസേന അന്തരിച്ചു

മെൽ ഗിബ്സണിന്റെ വിഖ്യാത ചിത്രം അപ്പോക്കലിപ്റ്റോ, നെറ്റ്ഫ്ലിക്സ് പരമ്പര നാർക്കോസ്: മെക്സിക്കോ എന്നിവയിലെ പ്രകടനം അദ്ദേഹത്തെ ലോകമെമ്പാടും പ്രശസ്തനാക്കിയിരുന്നു

പ്രശസ്ത മെക്സിക്കൻ നടൻ ജെറാർഡോ ടെരസേന അന്തരിച്ചു. 55 വയസ്സായിരുന്നു. മെക്സിക്കൻ അക്കാദമി ഓഫ് ഫിലിം ആർട്ട് ആൻഡ് സയൻസസ് ആണ് അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. ജനുവരി 31നായിരുന്നു അന്ത്യമെന്നും എന്നാൽ മരണകാരണം വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെൽ ഗിബ്സണിന്റെ വിഖ്യാത ചിത്രം അപ്പോക്കലിപ്റ്റോ, നെറ്റ്ഫ്ലിക്സ് പരമ്പര നാർക്കോസ്: മെക്സിക്കോ എന്നിവയിലെ പ്രകടനം അദ്ദേഹത്തെ ലോകമെമ്പാടും പ്രശസ്തനാക്കിയിരുന്നു.അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ അക്കാദമി പങ്കുചേരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികളും ആ മറക്കാനാവാത്ത മുഖവും നമ്മുടെ സിനിമയുടെ ഓർമകളിൽ എന്നും നിലനിൽക്കും’ അക്കാദമി പ്രസ്താവനയിൽ പറഞ്ഞു. നാഷണൽ അസോസിയേഷൻ ഓഫ് ആക്ടേഴ്സും അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

1970ൽ മെക്സിക്കോ സിറ്റിയിലാണ് ജെറാർഡോ ജനിച്ചത്. നാഷണൽ ഓട്ടോണമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോയിൽ നിന്ന് നാടകകലയിൽ ബിരുദം നേടിയ അദ്ദേഹം സിനിമക്ക് പുറമെ നാടകങ്ങളിലും നൃത്തവേദികളിലും സജീവമായിരുന്നു. മെക്സിക്കൻ ഓസ്കർ എന്നറിയപ്പെടുന്ന 'ഏരിയൽ അവാർഡ്‌സി'ന് മൂന്ന് തവണ അദ്ദേഹം നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.അപ്പോക്കലിപ്റ്റോ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് നൽകിയ ചിത്രമാണ്. മെൽ ഗിബ്സൺ സംവിധാനം ചെയ്ത ഈ മായൻ ഇതിഹാസ ചിത്രത്തിൽ 'സീറോ വോൾഫ്' എന്ന ക്രൂരനായ വില്ലൻ വേഷമാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ തീക്ഷ്ണമായ നോട്ടവും അഭിനയവും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. നാർക്കോസ്: മെക്സിക്കോ എന്ന നെറ്റ്ഫ്ലിക്സിലെ പ്രശസ്തമായ ഈ പരമ്പരയിൽ പാബ്ലോ അക്കോസ്റ്റ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. മെക്സിക്കൻ മയക്കുമരുന്ന് മാഫിയയുടെ കഥ പറയുന്ന ഈ സീരീസിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. ക്വീൻ ഓഫ് ദി സൗത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ക്രൈം ഡ്രാമ സീരീസായിരുന്നു. ഇതിൽ 'സീസർ ബറ്റീസ്റ്റ' എന്ന കഥാപാത്രത്തെയാണ് ജെറാർഡോ അവതരിപ്പിച്ചത്.സീരിയസ് വേഷങ്ങളും വില്ലൻ വേഷങ്ങളും മാത്രമല്ല, കോമഡി കൈകാര്യം ചെയ്യാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. പരുക്കൻ ഭാവങ്ങളുള്ള വേഷങ്ങളാണെങ്കിലും കഥാപാത്രത്തിന്റെ വൈകാരിക തലങ്ങൾ വളരെ കൃത്യമായി അദ്ദേഹം സ്ക്രീനിൽ എത്തിക്കുമായിരുന്നു. മെക്സിക്കൻ സിനിമയുടെ തനിമ നിലനിർത്തുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധാലുവായിരുന്നു. ഹോളിവുഡ് സിനിമകളിലും അന്താരാഷ്ട്ര സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും ഒരുപോലെ സാന്നിധ്യമറിയിച്ച അപൂർവ്വം മെക്സിക്കൻ നടന്മാരിൽ ഒരാളായിരുന്നു ജെറാർഡോ.

സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്. ‘അപ്പോക്കലിപ്റ്റോയിലെ സീറോ വോൾഫിനെ ആർക്കും മറക്കാൻ കഴിയില്ല എന്ന് ഒരു ആരാധകൻ കുറിച്ചപ്പോൾ, മികച്ച അഭിനേതാക്കളെ ഇത്ര നേരത്തെ നഷ്ടപ്പെടുന്നത് സിനിമക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് മറ്റൊരാൾ പ്രതികരിച്ചു

Related Articles
Next Story