ആര്യൻ ഖാന്റെ നെറ്റ്ഫ്ലിക്സ് പരമ്പരക്കെതിരെ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളിയതിന് പിന്നാലെ മുംബൈ കോടതിയെ സമീപിച്ച് ഇന്ത്യൻ റവന്യൂ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ
കേസ് പരിഗണിക്കാൻ പ്രാദേശിക അധികാരപരിധിയില്ലെന്ന് പറഞ്ഞ് ഹരജി തള്ളിയ ഡൽഹി ഹൈകോടതി തന്നെയാണ് മുംബൈ കോടതിയെ സമീപിക്കാൻ നിർദേശിച്ചത്

ആര്യൻ ഖാന്റെ നെറ്റ്ഫ്ലിക്സ് പരമ്പരക്കെതിരെ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളിയതിന് പിന്നാലെ മുംബൈ കോടതിയെ സമീപിച്ച് ഇന്ത്യൻ റവന്യൂ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ. കേസ് പരിഗണിക്കാൻ പ്രാദേശിക അധികാരപരിധിയില്ലെന്ന് പറഞ്ഞ് ഹരജി തള്ളിയ ഡൽഹി ഹൈകോടതി തന്നെയാണ് മുംബൈ കോടതിയെ സമീപിക്കാൻ നിർദേശിച്ചത്. വാങ്കഡെയുടെ വസതിയും ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസിന്റെ ഓഫിസും സ്ഥിതി ചെയ്യുന്നത് മുംബൈയിലായതിനാലാണ് കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് നിർദേശിച്ചത്.ഹരജി പരിഗണിക്കുന്നതിനായി ഈ മാസം 12 ന് ഇരു കക്ഷികളോടും കോടതിയിൽ ഹാജരാവാൻ നിർദേശിച്ചിട്ടുണ്ട്. മുംബൈയിലെ സിവിൽ കോടതിയായ ദിൻദോശിയിലാണ് ഹരജി പരിഗണിക്കുക. പരമ്പരയിലെ ചില രംഗങ്ങൾ അപകീർത്തികരവും തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നതുമാണെന്ന് ആരോപിച്ചായിരുന്നു സമീർ വാങ്കഡെയുടെ പരാതി. പരമ്പരയിൽ നിന്ന് രംഗങ്ങൾ നീക്കം ചെയ്യുന്നത് ഉൾപ്പെടെ ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിനും ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിനുമെതിരെ ഇടക്കാല നിർദേശങ്ങൾ തേടിയാണ് വാങ്കഡെ കോടതിയെ സമീപിച്ചത്.പരമ്പരയിൽ തന്റെ രൂപത്തിനോടും പെരുമാറ്റരീതികളോടും സാമ്യമുള്ള കഥാപാത്രമുണ്ടെന്നും അതിലൂടെ തന്നെ അപകീർത്തിപ്പെടുത്താനാണ് ആര്യൻ ഖാൻ ശ്രമിക്കുന്നതെന്നും വാങ്കഡെ ആരോപിച്ചു. 2021ലെ മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പ്രതികാരമായാണ് തന്നെ അപകീർത്തിപ്പെടുത്തിയതെന്നാണ് സമീർ വാങ്കഡെയുടെ ആരോപണം.
പരമ്പര മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും നിഷേധാത്മകവുമായ ചിത്രീകരണം പ്രചരിപ്പിക്കുന്നുവെന്നും അതുവഴി നിയമ നിർവഹണ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം ഇല്ലാതാക്കുന്നുവെന്നും വാങ്കഡെ പറഞ്ഞു. കൂടാതെ പരമ്പര സംപ്രേഷണം ചെത്‍യത് മുതൽ തനിക്കും കുടുംബത്തിനുമെതിരെ ട്രോളുകളും ഭീഷണികളും വരുന്നുണ്ടെന്നും വാങ്കഡെ ആരോപിച്ചു.എന്നാൽ സീരീസിലെ ഭാഗങ്ങൾ ആക്ഷേപഹാസ്യം മാത്രമാണെന്നും അപകീർത്തിപ്പെടുത്താൻ ഉദേശിച്ചല്ലെന്നുമുള്ള വിശദീകരണവുമായി സംവിധായകനായ ആര്യൻ ഖാനും നിർമാണ കമ്പനിയും രംഗത്തുവന്നിരുന്നു. പരമ്പരയിലൂടെ ആർക്കെതിരെയും അനാദരവ് കാണിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മറിച്ച് സ്വയം വിമർശിക്കാനാണ് ലക്ഷ്യമിട്ടതെന്നും ആര്യൻ ഖാൻ വ്യക്തമാക്കിയിരുന്നു. ഇതിനിടെ വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്ന വാങ്കഡെയുടെ ഇടക്കാല ഉത്തരവ് കോടതി തള്ളിയിരുന്നു
