ജനനായകൻ റിലീസ് ഉടൻ ,ഹർജി പിൻവലിച്ച് നിർമ്മാതാക്കൾ

ചിത്രത്തിന്റെ റിലീസ് വൈകുന്നത് കൂടുതൽ അനിശ്ചിതത്ത്വത്തിലേക്ക് വഴി വെക്കാൻ സാധ്യതയുള്ളത് കൊണ്ടാണ് നിർമാതാക്കൾ ഹരജി പിൻവലിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

തമിഴ് സൂപ്പർ താരം വിജയുടെ അവസാന ചിത്രമായ ജനനായകന്റെനിയമകുരുക്കുകൾ അവസാനിക്കുന്നു. നിർമാതാക്കൾ സെൻസർ ബോർഡിനെതിരെ നൽകിയ ഹരജി പിൻവലിച്ചതോടെ ചിത്രം റിവൈസിങ് കമ്മിറ്റിയിലേക്ക് അയക്കും. ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. സെൻസർ ബോർഡിന് തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ മതിയായ അവസരം ലഭിച്ചില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.നേരത്തെ, ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിനോട് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സെൻസർ ബോർഡ് (സി.ബി.എഫ്.സി) അപ്പീൽ നൽകുകയായിരുന്നു. സെൻസർ ബോർഡിന്റെ ഭാഗം കേൾക്കാതെ പുറപ്പെടുവിച്ച മുൻ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ഇതോടെ കേസ് പുതിയ വാദത്തിനായി വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.സെൻസർ ബോർഡിന്റെ എക്സാമിനിങ് കമ്മിറ്റി നിർദ്ദേശിച്ച 27 മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിന്റെ പരാതി. എന്നാൽ, ചിത്രത്തിലെ ചില രംഗങ്ങൾ സായുധ സേനയെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും എക്സാമിനിങ് കമ്മിറ്റി അംഗങ്ങളിൽ ഒരാൾ പരാതിപ്പെട്ടതാണ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് അയക്കാൻ കാരണമായതെന്ന് ബോർഡ് കോടതിയെ അറിയിച്ചു.

ചിത്രത്തിന്റെ റിലീസ് വൈകുന്നത് കൂടുതൽ അനിശ്ചിതത്ത്വത്തിലേക്ക് വഴി വെക്കാൻ സാധ്യതയുള്ളത് കൊണ്ടാണ് നിർമാതാക്കൾ ഹരജി പിൻവലിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് ഈ വർഷം നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ റിലീസിങ് കൂടുതൽ നിയമകുരുക്കുകളിലേക്ക് കടക്കും. കൂടാതെ ബിഗ് ബജറ്റിൽ നിർമിച്ച ചിത്രമായതിനാൽ തെരഞ്ഞെടുപ്പിൽ വിജയ്ക്ക് തിരിച്ചടി നേരിട്ടാൽ അത് സിനിമയെ ബാധിക്കാൻ സാധ്യതയുള്ളതിനാലുമാണ് നിർമാതാക്കൾ ഹരജി പിൻവലിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വിജയ് പൂർണ്ണസമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപുള്ള ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ജനനായകനെ കാത്തിരിക്കുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

Related Articles
Next Story